ഷൈ​ബി​ൻ അ​ഷ​റ​ഫി​ന്‍റെ നി​ല​മ്പൂ​ർ മു​ക്ക​ട്ട​യി​ലെ വീ​ട്

നാട്ടുവൈദ്യന്‍റെ കൊല: ഷൈബിൻ അഷ്റഫിന് 300 കോടിയുടെ ആസ്തി, പത്ത് വർഷത്തിനുള്ളിൽ അത്ഭുതകരമായ വളർച്ച

നിലമ്പൂർ: നാട്ടുവൈദ‍്യൻ ഷാബാ ശെരീഫ് കൊലക്കേസിലെ മുഖ‍്യസൂത്രധാരൻ നിലമ്പൂർ മുക്കട്ടയിലെ ഷൈബിൻ അഷ്റഫിന് 300 കോടിയിലധികം രൂപയുടെ ആസ്തിയുണ്ടെന്ന് പൊലീസ് കണ്ടെത്തി. 10 വർഷത്തിനുള്ളിലാണ് ഇയാളുടെ അത്ഭുതകരമായ വളർച്ചയുണ്ടായത്. മുക്കട്ടയിൽ കൊട്ടാരസദൃശ്യമായ വീട് രണ്ട് കോടി രൂപ നൽകിയാണ് വാങ്ങിയത്.

നാല് ആഡംബര കാറും മറ്റുവാഹനങ്ങളും സ്വന്തമായുണ്ട്. സ്വിമ്മിങ്പൂൾ ഉൾപ്പെടെയുള്ള വീട്ടിൽ പത്തിലധികം ഹൈടെക് സി.സി ടി.വി കാമറകളുണ്ട്. തമിഴ്നാട്ടിൽ ഹെക്ടറുകണക്കിന് ഭൂമിയുണ്ട്. അബൂദബിയിൽ ഡീസൽ വ‍്യവസായമാണ് ഇയാൾക്ക്. ലഹരിമരുന്ന് കടത്തുകേസിൽ അബൂദബിയിൽ ജയിൽവാസം അനുഭവിച്ചിട്ടുണ്ട്. തുടർന്ന് ഇവിടേക്ക് വിലക്ക് ഏർപ്പെടുത്തി.

നൗഷാദിനെ കസ്റ്റഡിയിൽ വിട്ടു

നിലമ്പൂർ: മൈസൂരു രാജീവ് നഗറിലെ നാട്ടുവൈദ‍്യൻ ഷാബാ ശെരീഫിനെ (60) കൊലപ്പെടുത്തിയ കേസിലെ കൂട്ടുപ്രതി സുൽത്താൻ ബത്തേരി സ്വദേശി തങ്കലകത്ത് നൗഷാദിനെ കോടതി പൊലീസ് കസ്റ്റഡിയിൽ വിട്ടു. കവർച്ചക്കേസിൽ മഞ്ചേരി സബ് ജയിലിൽ റിമാൻഡിലായിരുന്ന നൗഷാദിനെ അഞ്ചുദിവസത്തെ കസ്റ്റഡിയിലാണ് വിട്ടത്. കൊലപാതകവുമായി ബന്ധപ്പെട്ട നിർണായക വിവരങ്ങൾ അറിയാവുന്നയാളെന്ന നിലക്കാണ് നൗഷാദിനെ കസ്റ്റഡിയിൽ ആവശ‍്യപ്പെട്ടത്. ഡിവൈ.എസ്.പിമാരായ സാജു കെ. അബ്രഹാം, കെ.എം. ബിജു, സി.ഐ വിഷ്ണു എന്നിവരുടെ നേതൃത്വത്തിൽ ഇയാളെ നിലമ്പൂർ സ്റ്റേഷനിൽ ചോദ‍്യംചെയ്തു. വെള്ളിയാഴ്ച മുതൽ തെളിവെടുപ്പ് നടത്തും. ഷാബാ ശെരീഫിനെ ഒന്നരവർഷത്തോളം തടങ്കലിൽ പാർപ്പിക്കുകയും പിന്നീട് കൊലപ്പെടുത്തുകയും ചെയ്ത പ്രവാസി വ്യവസായി കൈപ്പഞ്ചേരി ഷൈബിൻ അഷറഫിന്‍റെ നിലമ്പൂർ മുക്കട്ടയിലെ വീട്ടിലും മൃതദേഹ ഭാഗങ്ങൾ വലിച്ചെറിഞ്ഞ എടവണ്ണ സീതിഹാജി പാലത്തിന് സമീപം ചാലിയാർ പുഴയിലും കേസുമായി ബന്ധപ്പെട്ട മറ്റിടങ്ങളിലുമാകും തെളിവെടുപ്പ്.

പുഴയിൽ വലിച്ചെറിഞ്ഞ മൃതദേഹ ഭാഗങ്ങൾ കണ്ടെടുക്കുക അസാധ‍്യമായ സാഹചര‍്യത്തിൽ കൊലക്കുപയോഗിച്ച ആയുധങ്ങൾ കണ്ടെത്താനാവും പൊലീസിന്‍റെ ശ്രമം. മൃതദേഹം വെട്ടിനുറുക്കാൻ നിലമ്പൂരിലെ കടകളിൽനിന്ന് കത്തികൾ വാങ്ങിയെന്ന് നൗഷാദ് സെക്രട്ടേറിയറ്റിന് മുന്നിൽ നടത്തിയ ആത്മഹത്യശ്രമത്തിനിടെ വിളിച്ചു പറഞ്ഞിരുന്നു. ശാസ്ത്രീയ തെളിവുകൾ ശേഖരിക്കാൻ വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും ഉടനെത്തും.

നൗഷാദിന്‍റെ പക്കൽനിന്ന് പൊലീസിന് ലഭിച്ച പെൻഡ്രൈവിലെ വീഡിയോ ദൃശ‍്യങ്ങളും ഒത്തുനോക്കും. ഷൈബിൻ അഷറഫിന് വിദേശത്തെ ചില കൊലപാതകങ്ങളുമായി ബന്ധമുണ്ടെന്നതിന്‍റെ സൂചനകളും പൊലീസ് അന്വേഷിക്കുന്നുണ്ട്. ആസൂത്രകനായ ഷൈബിൻ അഷറഫിനെയും മറ്റ് പ്രതികളെയും വരും ദിവസങ്ങളിൽ കസ്റ്റഡിയിൽ വാങ്ങും. സഹായികളായ മറ്റുള്ളവരെയും പ്രതിചേർക്കും. ഷൈബിൻ അഷറഫിന്‍റെ വീട്ടിലെ കവർച്ച കേസിലെ ഏഴുപേരും കൊലപാതക കേസിലും പ്രതികളാവുമെന്നാണ് സൂചന.

കൊലപാതകം പുറത്തറിഞ്ഞത് ഷൈബിന്‍റെ വീട്ടിലെ കവർച്ചയിലൂടെ

നിലമ്പൂർ: മൈസൂരു സ്വദേശിയായ നാട്ടുവൈദ്യൻ ഷാബാ ശെരീഫിനെ കൊലപ്പെടുത്തിയ സംഭവം പുറത്തറിഞ്ഞത് മുഖ‍്യസൂത്രധാരനായ ഷൈബിൻ അഷ്റഫിന്‍റെ വീട്ടിൽ നടന്ന കവർച്ചയുമായി ബന്ധപ്പെട്ട പരാതിയിലൂടെ. ഏപ്രിൽ 24ന് രാത്രി ഏഴരയോടെയാണ് ഇയാളുടെ മുക്കട്ടയിലെ വീട്ടിൽ കവർച്ച നടന്നത്. ഷൈബിനെ ബന്ദിയാക്കി ഏഴുലക്ഷം രൂപയും വിലപിടിപ്പുള്ള ലാപ്ടോപ്പുകളും മൊബൈൽ ഫോണുകളും കവർന്ന ഏഴംഗ സംഘം പെൻഡ്രൈവും കൈക്കലാക്കിയാണ് മടങ്ങിയത്. വിവരം പൊലീസിനെ അറിയിച്ചാൽ കൊലപാതകങ്ങൾ ഉൾപ്പെടെ ഷൈബിൻ ചെയ്ത കാര‍്യങ്ങൾ ഞങ്ങളും അറിയിക്കുമെന്ന് സംഘം ഭീഷണി മുഴക്കിയിരുന്നു.

രാത്രിതന്നെ ഷൈബിൻ നിലമ്പൂർ ജില്ല ആശുപത്രിയിൽ ചികിത്സക്ക് വിധേയനായെങ്കിലും കവർച്ചയെക്കുറിച്ച് പൊലീസിൽ പരാതിപ്പെട്ടില്ല. ഷൈബിന്‍റെ സുഹൃത്തുക്കൾ നൽകിയ വിവരപ്രകാരം പിറ്റേന്ന് മാധ‍്യമങ്ങളിൽ വാർത്ത വന്നു. ഇതോടെയാണ് തിങ്കാളാഴ്ച വൈകീട്ട് ഷൈബിൻ നിലമ്പൂർ പൊലീസിൽ പരാതി നൽകിയത്.

സുൽത്താൻ ബത്തേരിയിൽനിന്നുള്ള സംഘമാണ് ആക്രമണം നടത്തിയതെന്ന് മാത്രമാണ് പരാതിയിൽ പറഞ്ഞത്. എന്നാൽ, ഷൈബിനുമായി അടുത്ത ബന്ധമുള്ളവരാണ് കവർച്ചക്ക് പിന്നിലെന്ന് സംഘം വന്ന വാഹനങ്ങളുടെ ഉടമസ്ഥത അന്വേഷിച്ചപ്പോൾ പൊലീസിന് വ‍്യക്തമായി. ഒരുവാഹനം ഷൈബിന്‍റെ ഉടമസ്ഥതയിലുള്ളതാണെന്നും ഇയാളുടെ കമ്പനിയിലെ ജോലിക്കാരും സംഘത്തിലുണ്ടെന്നും പിന്നീട് തെളിഞ്ഞു.

കേസെടുത്ത് നിലമ്പൂർ പൊലീസ് അന്വേഷണം നടത്തുന്നതിനിടെയാണ് സംഘത്തിൽപെട്ട ബത്തേരി കൈപ്പഞ്ചേരി താമസിക്കുന്ന തങ്ങളകത്ത് അഷറഫ് എന്ന മുത്തു (47) പിടിയിലായത്. ഒളിവിൽ പോയ മറ്റ് പ്രതികൾ ഇതിനിടെ സെക്രട്ടേറിയറ്റിന് മുന്നിൽ ആത്മഹത്യഭീഷണി മുഴക്കി.

ബിസിനസിൽ സഹായികളും കമ്പനിയിലെ ജോലിക്കാരുമായ തങ്ങൾക്ക് കൂലി തരാത്തതിനെ തുടർന്നാണ് ഷൈബിന്‍റെ വീട്ടിൽ കവർച്ച നടത്തിയതെന്നും കവർച്ച വിവരം പുറത്തുപറഞ്ഞാൽ ഷൈബിൻ ചെയ്ത കൊലപാതകങ്ങളുടെ വിവരം പുറത്തുപറയുമെന്നും ഷൈബിനെ ഭീഷണിപ്പെടുത്തിയിരുന്നതായി പിടിയിലായ അഷറഫ് പൊലീസിനോട് പറഞ്ഞിരുന്നു. ഇത് സാധൂകരിക്കുന്നതായിരുന്നു സെക്രട്ടേറിയറ്റിന് മുന്നിൽ മറ്റ് പ്രതികൾ നടത്തിയ വെളിപ്പെടുത്തൽ. ഇതാണ് നാട്ടുവൈദ്യന്‍റെ കൊല പുറത്തറിയുന്നതിലേക്ക് നയിച്ചത്.

രണ്ട് കൊലപാതകങ്ങൾ കൂടി ആസൂത്രണം ചെയ്തു

 ഷാബാ ശെരീഫിനെ തട്ടിക്കൊണ്ടുവന്ന് കൊലപ്പെടുത്തിയ കേസിലെ പ്രതികൾ വേറെയും രണ്ട് കൊലപാതകങ്ങൾ ആസൂത്രണം ചെയ്തതിന്‍റെ തെളിവുകൾ അന്വേഷണ സംഘത്തിന് ലഭിച്ചു. ആത്മഹത്യയെന്ന് തോന്നുന്ന തരത്തിൽ സ്ത്രീയുടെയും പുരുഷന്‍റെയും കൊലപാതകങ്ങൾ ആസൂത്രണം ചെയ്തതിന്‍റെ ഡിജിറ്റൽ തെളിവുകളാണ് ഒന്നാംപ്രതി ഷൈബിന്‍റെ കൂട്ടാളി നൗഷാദ് കൈമാറിയ പെൻഡ്രൈവിൽനിന്ന് ലഭിച്ചത്. 2020ൽ അബൂദബിയിലാണ് ഇരുവരും മരിച്ചതെന്നാണ് വിവരം.

ഷൈബിന്‍റെ സുഹൃത്തും ബിസിനസ് പങ്കാളിയുമായിരുന്ന കോഴിക്കോട് സ്വദേശി ഹാരിസാണ് മരിച്ച പുരുഷനെന്നാണ് സൂചന. ഇദ്ദേഹത്തെ അബൂദബിയിൽ ഞരമ്പുമുറിച്ച് ചോര വാർന്ന് മരിച്ച നിലയിൽ 2020 മാർച്ചിലാണ് കണ്ടെത്തിയത്. സ്ത്രീ എറണാകുളം സ്വദേശിയാണെന്നാണ് വിവരം. എന്നാൽ, ഇവർ ആരാണെന്ന് പൊലീസ് വ്യക്തമാക്കിട്ടില്ല.

അറസ്റ്റിലായ പ്രതികളെ മുഴുവൻ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യുന്നതോടെ ഇതുസംബന്ധിച്ച നിർണായക വിവരങ്ങൾ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് അന്വേഷണ സംഘം. ഇരുവരെയും കൊലപ്പെടുത്താനുള്ള പ്ലാൻ തയാറാക്കി ആരൊക്ക, എന്തൊക്കെ ചുമതലകൾ വഹിക്കണം എന്നതടക്കമുള്ള കാര്യങ്ങൾ ചാർട്ടാക്കി പ്രിന്‍റെടുത്ത് ചുമരിൽ പതിച്ചതിന്‍റെ ദൃശ്യങ്ങളാണ് ലഭ്യമായത്. പ്രതി നൗഷാദാണ് ഈ ദൃശ്യം മൊബൈലിൽ പകർത്തിയത്.

തയാറാക്കിയ പ്ലാൻ റിപ്പോർട്ട് തുടങ്ങുന്നതുതന്നെ 'അറ്റാക്ക്' എന്ന തലക്കെട്ടോടെയാണ്. തുടർന്ന് കിടക്കയിലെത്തിയാൽ തലയിൽ കറുത്ത തുണിയിടണം, ഷഫീഖും അജ്മലും ചേർന്ന് ഹാരിസിനെ ഏതെങ്കിലും ബെഡ്റൂമിൽ വെച്ചുകെട്ടണം, കാലിനിടയിൽ വെൽവെറ്റ് പീസ് വെക്കാൻ മറക്കരുത്, ഹാരിസിന് മ്യൂസിക് വെച്ചുകൊടുക്കണം, പിന്നീട് നൗഷാദ് പെണ്ണിനടുത്തേക്ക് വരണം, മൂക്ക് പൊത്തിപ്പിടിച്ച് ആദ്യം വായയുടെയും പിന്നീട് കാലിലെയും കെട്ടഴിക്കണം, അവളെയും മ്യൂസിക് കേൾപ്പിക്കണം, പിന്നീട് നൗഷാദ് പിടിച്ചുവെക്കണം, ഹബീബ് പ്ലാൻ പേപ്പർ നോക്കിചെയ്തത് ശരിയല്ലേ എന്ന് ഉറപ്പാക്കണം എന്നെല്ലാം രേഖപ്പെടുത്തി ചുമരിലൊട്ടിച്ച പ്രിന്‍റുകൾ അവസാനിക്കുന്നത് 'അവനെ കെട്ടാനുള്ളതൊക്കെ കെട്ടി അവളെ തീർത്ത ബെഡിൽ കിടത്തുക', 'ഷമീം കാവൽ നിൽക്കുക', 'ലെവൽ നോക്കണം' -എന്ന് പറഞ്ഞുകൊണ്ടാണ്.

ഷൈബിന്‍റെ സുഹൃത്തായിരുന്ന ഹാരിസിന്‍റെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് പറഞ്ഞ് ബന്ധുക്കളും രംഗത്തെത്തി. ഷൈബിൻ അപായപ്പെടുത്തുമെന്ന് ഭയന്നാണ് ഇവർ നേരത്തേ പരാതി നൽകാതിരുന്നത് എന്നാണ് വിവരം.

Tags:    
News Summary - Shaibin Ashraf's assets worth Rs 300 crore

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 05:25 GMT