ടി.പി. ശ്രീനിവാസൻ, പി.എം. ആർഷോ

‘ടി.പി ശ്രീനിവാസൻ തെറി പറഞ്ഞതുകൊണ്ടാണ് തല്ലിയത്, മാപ്പ് പറയേണ്ട കാര്യമില്ല’: സ്വാഭാവിക പ്രതികരണമെന്നും പി.എം.ആർഷോ

തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസ കൗൺസിൽ മുൻ വൈസ് ചെയർമാൻ ടി.പി. ശ്രീനിവാസനെ എസ്.എഫ്.ഐ നേതാവ് തല്ലിയത് കേട്ടാലറയ്ക്കുന്ന തെറി വിളിച്ചതുകൊണ്ടാണെന്നും സംഭവത്തിൽ മാപ്പ് പറയേണ്ട കാര്യമില്ലെന്നും എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി പി.എം. ആർഷോ. ശ്രീനിവാസനെ അടിച്ചതു മഹാപരാധമായോ തെറ്റായോ കരുതുന്നില്ലെന്നും സ്വാഭാവികമായി ഉണ്ടായ പ്രതികരണമാണ് അതെന്നും ‌ആർഷോ പറഞ്ഞു.

‘‘ടി.പി.ശ്രീനിവാസനെ തല്ലണം എന്നു എസ്.എഫ്.ഐ സംഘടനാപരമായി തീരുമാനിച്ചു പോയി തല്ലിയതല്ല. സമാധാനപരമായി സമരം നടക്കുമ്പോള്‍ ചില വിദ്യാര്‍ഥികള്‍ അദ്ദേഹത്തെ സുരക്ഷിതമായി അപ്പുറത്തേക്കു കൊണ്ടുപോകാന്‍ ശ്രമിക്കുകയായിരുന്നു. അപ്പോള്‍ അദ്ദേഹത്തിന്റെ വായില്‍നിന്നുവന്ന വാക്കുകള്‍ എല്ലാവരും കേട്ടതാണ്. സ്വാഭാവികമായും ഒരാള്‍ മുന്നില്‍ വന്നുനിന്നു തന്തക്ക് വിളിച്ചാല്‍ എങ്ങനെയാവും പ്രതികരിക്കുക. ഒരു വിദ്യാര്‍ഥിയുടെ ഭാഗത്തുനിന്നു സ്വാഭാവികമായി ഉണ്ടായ പ്രതികരണമാണ് അത്. അല്ലാതെ ടി.പി.ശ്രീനിവാസന്റെയോ യുഡിഎഫ് സര്‍ക്കാരിന്റെയോ നിലപാടിന് എതിരായുള്ള പ്രതികരണമായിരുന്നില്ല.

അവിടെ ഉണ്ടായിരുന്ന വിദ്യാര്‍ഥിയെ അദ്ദേഹം കേട്ടാലറയ്ക്കുന്ന തെറി വിളിച്ചു. അതു കേട്ടതിലുള്ള പ്രതികരണമാണു വിദ്യാര്‍ഥി നടത്തിയത്. എസ്.എഫ്‌.ഐ ആലോചിച്ച് ഉറപ്പിച്ച സമരരൂപമല്ല ആ ചെകിട്ടത്തടി എന്നതുകൊണ്ട് ഞങ്ങള്‍ അതില്‍ മാപ്പ് പറയേണ്ടതില്ല എന്നാണ് നിലപാട്. വിദേശ സര്‍വകലാശാലകളുടെ കടന്നുവരവിനെ സംശയത്തോടെ തന്നെയാണ് എസ്.എഫ്.ഐ കാണുന്നത്’’ – ആര്‍ഷോ പറഞ്ഞു.

20 വർഷം മുമ്പ് കോൺഗ്രസ് അധികാരത്തിലിരുന്ന കാലത്താണ് സ്വകാര്യ സർവകലാശാല എന്ന പദ്ധതി വരുന്നത്. പദ്ധതിയെ ഇടത് വിദ്യാർഥി സംഘടനകൾ ശക്തമായി എതിർത്തു. ഇതിന്റെ തുടർച്ചയെന്നോണം ആഗോള വിദ്യാഭ്യാസ സംഗമത്തിന് കോവളത്തെത്തിയ ടി.പി.ശ്രീനിവാസനെ എസ്.എഫ്.ഐ പ്രവർത്തകർ മർദിക്കുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട കേസിൽ പ്രതിയായ ശരത് ഇന്ന് ഡി.വൈ.എഫ്.ഐ മലയിൻകീഴ് മേഖലാ സെക്രട്ടറിയും വിളപ്പിൽ ബ്ലോക്ക് കമ്മിറ്റിയംഗവുമാണ്. സി.പി.എമ്മിന്റെ മലയിൻകീഴ് ലോക്കൽ കമ്മിറ്റിയിലും ശരത് ഉണ്ട്. ഒന്നരവർഷം മുമ്പ് സഹകരണ ബാങ്കിൽ ശരത്തിന് ജോലി നൽകുകയും ചെയ്തു.

Tags:    
News Summary - SFI state secretary PM Arsho justifies assault on TP Sreenivasan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.