ആഹ്ളാദ പ്രകടനമെന്ന പേരിൽ വ്യാജ ദൃശ്യങ്ങൾ പ്രചരിപ്പിച്ചു; കുമ്മനത്തിനെതിരെ പരാതി

കണ്ണൂർ: ആർ.എസ്.എസ് പ്രവര്‍ത്തകനെ കൊന്ന  സി.പി.എം പ്രവര്‍ത്തകരുടെ ആഹ്ലാദപ്രകടനമെന്ന തരത്തില്‍ വ്യാജ ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചെന്ന് ആരോപിച്ച് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനെതിരെ പരാതി. വ്യാജ ദൃശ്യങ്ങള്‍ പ്രചരിക്കുക വഴി കണ്ണൂരില്‍ ആർ.എസ്.എസും സി.പി.എമ്മും തമ്മിൽ സംഘര്‍ഷമുണ്ടാക്കാൻ മന:പ്പൂർവം ശ്രമിച്ചുവെന്ന് ആരോപിച്ചാണ് എസ്.എഫ്‌.ഐ കണ്ണൂര്‍ ജില്ലാ സെക്രട്ടറി മുഹമ്മദ് സിറാജ് മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും പരാതി നല്‍കിയത്. പരാതി പരിശോധിച്ച് നടപടിയെടുക്കാന്‍ മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
      
വിഡിയോ സാമൂഹികമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുക വഴി ആർ.എസ്.എസ് -ബി.ജെ.പി പ്രവര്‍ത്തകരില്‍ സി.പി.എം വിരോധം സൃഷ്ടിക്കുവാനായിരുന്നു ശ്രമം.  ഇവരെ പ്രകോപിപ്പിച്ച് സി.പി.എം പ്രവര്‍ത്തകരെ ആക്രമിക്കാനുദ്ദേശിച്ചിട്ടുള്ളതായിരുന്നു വിഡിയോ എന്നും പരാതിയിൽ പറയുന്നു.

ആർ.എസ്.എസ് രാമന്തളി മണ്ഡലം കാര്യവാഹക് ചൂരിക്കാട്ട് ബിജു കൊല്ലപ്പെട്ടതിനുശേഷം സി.പി.എം പ്രവര്‍ത്തകര്‍ നടത്തിയ ആഹ്ലാദപ്രകടനമെന്ന പേരിലാണ് വിഡിയോ കുമ്മനം ട്വിറ്റർ അക്കൗണ്ടിൽ പോസ്റ്റ് ചെയ്തത്.

ദൃശ്യങ്ങള്‍ വസ്തുതാവിരുദ്ധമാണെന്നും സംഭവത്തില്‍ വേണ്ടി വന്നാല്‍ അധ്യക്ഷനെതിരെ കേസെടുക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചിരുന്നു. എവിടെയാണ് ആഹ്ലാദപ്രകടനം നടത്തിയതെന്ന് വ്യക്തമല്ലെന്നും തെറ്റായ പ്രചരണങ്ങളാണ് ബി.ജെ.പി നടത്തുന്നതെന്നും മുഖ്യമന്ത്രി ആരോപിച്ചു. തന്‍റെ ട്വിറ്റര്‍ അക്കൗണ്ടില്‍ കുമ്മനം പോസ്റ്റ് ചെയ്ത വിഡിയോക്കെതിരെ നേരത്തെ സി.പി.എം ജില്ലാ സെക്രട്ടറി പി.ജയരാജനും രംഗത്ത് വന്നിരുന്നു. ഇതിന് പിന്നാലെയാണ് എസ്.എഫ്.ഐ നേതാവ് കുമ്മനത്തിനെതിരെ പരാതി നൽകിയിരിക്കുന്നത്.

Tags:    
News Summary - SFI Secretary files Complaint against Kummanam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.