കേരളത്തിൽനിന്ന് ഗൾഫിലേക്കുള്ള നിരവധി വിമാന സർവിസുകൾ റദ്ദാക്കി; കുടുങ്ങി യാത്രക്കാർ

തിരുവനന്തപുരം: ഖത്തറിലെ യു.എസ് വ്യോമതാവളത്തിനുനേരെ ഇറാൻ നടത്തിയ ആക്രമണത്തിന്‍റെ പശ്ചാത്തലത്തിൽ കേരളത്തിൽനിന്ന് ഗൾഫിലേക്കുള്ള വിമാന സർവിസുകൾ താറുമാറായി. ചൊവ്വാഴ്ച നിരവധി വിമാന സർവിസുകളാണ് റദ്ദാക്കിയത്.

തിരുവനന്തപുരം വിമാനത്താവളത്തിൽനിന്നുള്ള എയർ ഇന്ത്യയുടെ മസ്കത്ത്, അബൂദബി, ദമാം, ദുബൈ സർവിസുകൾ റദ്ദാക്കി. ഖത്തർ എയർവേയ്സിന്‍റെ ദോഹ, കുവൈത്ത് എയർവേയ്സിന്‍റെ കുവൈത്ത്, ഇൻഡിഗോയുടെ ദോഹ സർവിസുകളും റദ്ദാക്കിയിട്ടുണ്ട്. യാത്രക്കാരുടെ സേവനത്തിനായി കൂടുതൽ കൗണ്ടറുകൾ ഒരുക്കിയിട്ടുണ്ട്. കൊച്ചി വിമാനത്താവളത്തില്‍നിന്നുള്ള ചില സർവിസുകൾ വഴിതിരിച്ചുവിടുകയോ റദ്ദാക്കുകയോ ചെയ്തിട്ടുണ്ട്.

ഇറാൻ ആക്രമണത്തിനു പിന്നാലെ അടച്ച വ്യോമപാതകൾ ചൊവ്വാഴ്ച പുലർച്ചയോടെയാണ് ഗൾഫ് രാജ്യങ്ങൾ തുറന്നത്. ഖത്തർ തിങ്കളാഴ്ച വൈകുന്നേരം 6.45ഓടെ അടച്ച വ്യോമപാത അർധരാത്രി 12 ഓടെയാണ് തുറന്നു. അധികം വൈകാതെ തന്നെ വിവിധ വിമാനത്താവളങ്ങളിൽ കുടുങ്ങിയ യാത്രക്കാരുമായി വിമാനങ്ങൾ ദോഹയിലെ ഹമദ് വിമാനത്താവളം ലക്ഷ്യമാക്കി പറന്നു തുടങ്ങി. രാത്രി 7.30ഓടെ ഇറാൻ മിസൈലുകൾ ഖത്തർ വ്യോതിർത്തിയിലെത്തിയതിനു പിന്നാലെ വിവിധ ജി.സി.സി രാജ്യങ്ങളിലും വ്യോമാതിർത്തികൾ അടച്ചതോടെ മധ്യപൂർവേഷ്യ വഴിയുള്ള വിമാനഗതാഗതം പൂർണമായും നിശ്ചലമായിരുന്നു.

ദോഹ ഹമദ് വിമാനത്താവളത്തിലേക്കും, ഇവിടെ നിന്നു പുറപ്പെടേണ്ടതുമായ വിമാനങ്ങൾ കൂട്ടമായി റദ്ദാക്കുകയും, വഴിതിരിച്ചുവിടുകയും ചെയ്തിരുന്നു. രാത്രി 12ന് വ്യോമപാത തുറന്നതിനു പിന്നാലെ വിമാന സർവിസും പതിവുപോലെ ആരംഭിച്ചു.

കുവൈത്തിലും വ്യോമ ഗതാഗതം സാധാരണ നിലയിലായി. തിങ്കളാഴ്ച രാത്രി അടച്ച വ്യോമാതിർത്തി വൈകാതെ തുറന്നു. തിങ്കളാഴ്ച രാത്രി എട്ടുമണിയോടെയാണ് കുവൈത്ത് വ്യോമാതിർത്തി അടച്ചത്. 11 മണിയോടെ വ്യോമാതിർത്തി തുറക്കുന്നതായി ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡി.ജി.സി.എ) അറിയിച്ചു.

Tags:    
News Summary - Several flights from Kerala to Gulf cancelled; passengers stranded

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.