മുതിർന്ന സി.പി.എം നേതാവ് എം.പി കണാരൻ ആർ.എം.പിയിൽ, കൂടുതൽ പേർ എത്തുമെന്ന് കെ.കെ. രമ

കോഴിക്കോട്: മുതിർന്ന സി.പി.എം നേതാവ് എം.പി കണാരൻ ആർ.എം.പി.ഐയിൽ ചേർന്നു. അവിഭക്ത കമ്യൂണിസ്റ്റ് പാർട്ടിയിലും തുടർന്ന് 1964ൽ സി.പി.എം രൂപീകൃതമായ വർഷം മുതൽ പാർട്ടിയിലും അംഗവുമായിരുന്ന വടകരയിലെ നേതാവാണ് കണാരൻ. ബുധനാഴ്ച എം.പി കണാരന്‍റെ വീട്ടിൽ നടന്ന ചടങ്ങിൽ ആർ.എം.പി.ഐ സംസ്ഥാന സെക്രട്ടറി എൻ. വേണുവിൽ നിന്നും അദ്ദേഹം പാർട്ടി അംഗത്വം സ്വീകരിച്ചു. വടകര എം.എൽ.എ കെ.കെ. രമ ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് വാർത്ത പുറത്തുവിട്ടത്.

കെ.കെ. രമയുടെ ഫേസ്ബുക്ക് പോസ്റ്റ്

അഭിവക്ത കമ്യൂണിസ്റ്റ് പാർട്ടിയിലും തുടർന്ന് 1964ൽ സി.പി.എം രൂപീകൃതമായ വർഷം മുതൽ പാർട്ടി അംഗവുമായിരുന്ന വടകരയിലെ മുതിർന്ന സി.പി.എം നേതാവായിരുന്ന എം.പി. കണാരേട്ടൻ ഇനിമുതൽ ആർ.എം.പി.ഐയിൽ ചേർന്നു പ്രവർത്തിക്കും. ബുധനാഴ്ച അദ്ദേഹത്തിന്റെ വീട്ടിൽ നടന്ന ചടങ്ങിൽ ആർ.എം.പി.ഐ സംസ്ഥാന സെക്രട്ടറി എൻ.വേണുവിൽ നിന്നും അദ്ദേഹം പാർട്ടി അംഗത്വം സ്വീകരിച്ചു.

വടകരയിൽ കർഷകത്തൊഴിലാളി പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതിൽ പ്രധാന പങ്കുവഹിച്ചയാളാണ് കണാരേട്ടൻ. കേളുഏട്ടൻ, യു. കുഞ്ഞിരാമൻ, എം. കേളപ്പൻ, ശങ്കരക്കുറുപ്പ്, പൊയിൽ മുകുന്ദൻ, എ. കണാരൻ തുടങ്ങിയ ആദ്യകാല നേതാക്കളോടൊപ്പം വടകര താലൂക്കിൽ സി.പി.എമ്മിനെയും കർഷക തൊഴിലാളി പ്രസ്ഥാനത്തെയും ജനകീയമാക്കുന്നതിൽ ത്യാഗപൂർണമായ പങ്കുവഹിച്ച കമ്യൂണിസ്റ്റ് ജീവിതം. വർഷങ്ങളോളം സി.പി.എം പുതുപ്പണം ലോക്കൽ സെക്രട്ടറിയും വടകര ഏരിയാ കമ്മിറ്റിയംഗവുമായിരുന്നു. കർഷകത്തൊഴിലാളി യൂനിയൻ ഏരിയ സെക്രട്ടറിയും ജില്ലാ നേതാവുമായിരുന്ന സ: എം.പി വടകര നഗരസഭ കൗൺസിലറായും പ്രവർത്തിച്ചിട്ടുണ്ട്.

രണ്ട് പതിറ്റാണ്ട് മുൻപ് വടകരയിൽ നടന്ന സി.പി.എം ജില്ലാ സമ്മേളനത്തിൽ വിഭാഗീയതയുണ്ടായെന്ന് സംസ്ഥാന നേതൃത്വത്തെ അറിയിച്ചതോടെയാണ് കണാരേട്ടൻ സി.പി.എം നവ നേതൃത്വത്തിന് അനഭിമതനായി മാറിയത്. പാർട്ടീ നേതൃത്വത്തിന്റെ വഴിവിട്ട പോക്കിനെ നിശിതമായി പാർട്ടിക്കകത്തു വിമർശിച്ച എം.പി പതിയെ സജീവ സി.പി.എം പ്രവർത്തനം അവസാനിപ്പിക്കുകയായിരുന്നു.

ടി.പി ചന്ദ്രശേഖരന്റെ വധത്തോടെ സി.പി.എമ്മുമായി കൂടുതൽ അകന്നു. ഒടുവിൽ തന്റെ 77-ാം ജന്മദിന ദിവസം സി.പി.എമ്മുമായുള്ള എല്ലാ ബന്ധങ്ങളും അവസാനിപ്പിച്ച് ആർ.എം.പി.ഐയിൽ ചേർന്ന് തന്റെ കമ്യൂണിസ്റ്റ് ജീവിതം തുടരാൻ തീരുമാനിച്ചതായി എം.പി. കണാരേട്ടൻ പറഞ്ഞു.

കണാരേട്ടനെ പോലെ പരിണിത പ്രജ്ഞരായ, അനുഭവ സമ്പത്തുള്ള സഖാക്കൾ പാർട്ടിയോടൊപ്പം ചേരാൻ തീരുമാനിച്ചത് ഏറെ സന്തോഷം നൽകുന്ന കാര്യമാണ്‌. ഇത് ആർ.എം.പി.ഐ മുന്നോട്ടു വെക്കുന്ന ശരിയായ രാഷ്ട്രീയത്തിനുള്ള അംഗീകാരമായാണ് കണക്കാക്കുന്നതെന്ന് ആർ.എം.പി.ഐ സംസ്ഥാന സെക്രട്ടറി എൻ. വേണു പറഞ്ഞു. സി.പി.എം നേതൃത്വത്തിന്റെ വഴിപിഴച്ച പോക്കിൽ മനംനൊന്ത് നിരവധി പേർ ഇതുപോലെ ആ പാർട്ടിക്കകത്തു വീർപ്പുമുട്ടി കഴിയുകയാണ്. സാവധാനം അവരെല്ലാം ആർ.എം.പി.ഐയുടെ ഭാഗമാകുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

പ്രിയ സഖാവ് എം.പി. കണാരേട്ടന് അഭിവാദ്യങ്ങൾ...

Tags:    
News Summary - Senior CPM leader MP Kanaran said in RMP, more people will come to KK. Rama

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.