സ്വശ്രയ മാനേജ്മെന്‍റ് പ്രതിനിധികളുമായി മുഖ്യമന്ത്രി ചര്‍ച്ച നടത്തി

തിരുവനന്തപുരം: മുഴുവന്‍ മെഡിക്കല്‍ സീറ്റിലേക്കും നീറ്റ് റാങ്ക് പ്രകാരം ഏകീകൃത കൗണ്‍സിലിങ് വഴി പ്രവേശനം നടത്തണമെന്ന സുപ്രീംകോടതി വിധി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ അതിന് അനുസൃതമായ നിലപാട് എടുക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ സ്വാശ്രയ മാനേജ്മെന്‍റുകളോട് അഭ്യര്‍ത്ഥിച്ചു. 

സുപ്രീം കോടതി വിധികളുടെയും ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സില്‍ നിര്‍ദേശങ്ങളുടെയും വെളിച്ചത്തില്‍ ഈ വര്‍ഷത്തെ മെഡിക്കല്‍ പ്രവേശനം സംബന്ധിച്ച് ചര്‍ച്ച ചെയ്യാന്‍ വിളിച്ച മാനേജ്മെന്‍റ് പ്രതിനിധികളുടെ യോഗത്തിലാണ് മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കിയത്. യോഗത്തില്‍ ആരോഗ്യമന്ത്രി കെ.കെ. ശൈലജ ടീച്ചറും പങ്കെടുത്തു.

മുന്‍വര്‍ഷത്തെപ്പോലെ 50 ശതമാനം സര്‍ക്കാര്‍ സീറ്റ്, 50 ശതമാനം മാനേജ്മെന്‍റ് സീറ്റ് എന്ന നില സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തില്‍ ഇല്ലാതായെന്നും നീറ്റ് റാങ്ക് ലിസ്റ്റില്‍ നിന്ന് ഏകീകൃത കൗണ്‍സിലിങ്ങ് വഴി പ്രവേശനം നടത്തുക മാത്രമേ വഴിയുളളൂവെന്നും ആരോഗ്യ വകുപ്പ് സെക്രട്ടറി രാജീവ് സദാനന്ദന്‍ വിശദീകരിച്ചു. അമൃതപോലുളള കല്‍പ്പിത സര്‍വ്വകലാശാലകള്‍ക്കും സുപ്രീംകോടതി വിധി ബാധകമാണ്.

സുപ്രീം കോടതി വിധി  നടപ്പാക്കുമ്പോള്‍ മെഡിക്കല്‍ കോളേജ് നടത്താനുളള ചെലവു കൂടി കണക്കിലെടുത്ത് ഏകീകൃത ഫീസ് നിശ്ചയിക്കണമെന്നും ഫീസ് ഉള്‍പ്പെടെയുളള കാര്യങ്ങള്‍ നിശ്ചയിക്കുന്നതിന് സര്‍ക്കാറിന്‍റെയും മാനേജ്മെന്‍റിന്‍റെയും പ്രതിനിധികള്‍ ഉള്‍ക്കൊളളുന്ന കമ്മിറ്റി വേണമെന്നും മാനേജ്മെന്‍റു പ്രതിനിധികള്‍ ആവശ്യപ്പെട്ടു. 2006-ല്‍ കൊണ്ടുവന്നതുപോലെ ഒരു നിയമം കൊണ്ടുവരാനുളള സാധ്യത ആരായണമെന്നും അവര്‍ നിര്‍ദേശിച്ചു. ഉര്‍ന്നുവന്ന നിര്‍ദേശങ്ങളുടെ നിയമവശം പരിശോധിച്ച് വീണ്ടും യോഗം ചേരാമെന്ന് മുഖ്യമന്ത്രി അറിയിച്ചു.
 

News Summary - self finance college pinarayi vijayan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.