തിരുവനന്തപുരം: കുളത്തൂര്‍ പഞ്ചായത്ത് സെക്രട്ടറി സന്തോഷ് കുമാറിനെ 5000 രൂപ കൈക്കൂലി വാങ്ങുന്നതിനിടയിലും , വയനാട് ജില്ലയിലെ മുട്ടിൽ ഗ്രാമപഞ്ചായത്തിലെ എൽ.ഡി ക്ലർക്ക് കെ. രഘുവിനെ 10,000രൂപ കൈക്കൂലി വാങ്ങുന്നതിനിടയിലും മിനിറ്റുകളുടെ വ്യത്യാസത്തില്‍ രണ്ട് വ്യത്യസ്ഥ സംഭവങ്ങളിലായി വിജിലൻസ് അറസ്റ്റ് ചെയ്തു.
തിരുവനന്തപുരം കുളത്തൂർ പഞ്ചായത്ത് പരിധിയിൽ നിർമാണം പൂർത്തിയാക്കിയ ജലനിധി പദ്ധതിയുടെ 15 ലക്ഷം രൂപയുടെ ബിൽ കരാറുകാരനായ പീറ്റർ സിറിയക്കിന് പലപ്പോഴായി പഞ്ചായത്തിൽ നിന്നും മാറി നൽകിയിരുന്നു. കൈക്കൂലി കൊടുക്കാത്തതിനാൽ അവസാനം പാസാക്കിയ 1,89,774 രൂപയുടെ ഒരു ചെക്കിലും 39,961രൂപയുടെ മറ്റൊരു ചെക്കിലും പഞ്ചായത്ത് സെക്രട്ടറിയായ സന്തോഷ് കുമാർ അക്കത്തിലും അക്ഷരത്തിലും വ്യത്യാസമായി രേഖപ്പെടുത്തിയതിനാൽ ചെക്കുകൾ ബാങ്കിൽ മാറാൻ സാധിച്ചില്ല.
ഇക്കാര്യം ശരിയാക്കി കിട്ടുന്നതിന് കരാറുകാരനായ പീറ്റർ സിറിയക് മൂന്നാഴ്ച മുമ്പ് പഞ്ചായത്ത് സെക്രട്ടറിക്ക് അപേക്ഷ സമർപ്പിച്ചിരുന്നു. ഇത് ശരിയാക്കി നൽകുന്നതിലേയ്ക്കും നേരത്തേ മാറിയെടുത്ത തുകയ്ക്കും ആനുപാതികമായി പഞ്ചായത്ത് സെക്രട്ടറിയായ സന്തോഷ് കുമാർ 75,000 രൂപ കൈക്കൂലി ആവശ്യപ്പെട്ടു.
രൂപ നൽകാൻ തയാറാകാത്ത കരാറുകാരനോട് അവസാന രണ്ട് ചെക്കുകളുടെ തുകയ്ക്ക് ആനുപാതികമായി 5000 രൂപയെങ്കിലും കൈക്കൂലി നൽകിയാലേ ചെക്ക് ശരിയാക്കി നൽകുകയുള്ളൂവെന്ന് അറിയിച്ചു. തുടർന്ന് ഇക്കാര്യം പീറ്റർ സിറിയക് വിജിലൻസ് സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ യൂനിറ്റിലെ റെജി ജേക്കബിനെ അറിയിച്ചു. അദ്ദേഹത്തിന്റെ നിർദേശ പ്രകാരം ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് ശ്യാം കുമാറിന്റെ നേതൃത്വത്തിലുള്ള വിജിലൻസ് സംഘം കെണിയൊരുക്കിയത്.
ഇന്ന് ഉച്ചയ്ക്ക് 1.30 മണിയോടെ കുളത്തൂർ ഗ്രാമപഞ്ചായത്ത് സെക്രട്ടറിയുടെ മുറിയിൽ വച്ച് കരാറുകാരനായ പീറ്റർ സിറിയകിൽ നിന്നും 5000 രൂപ കൈക്കൂലി വാങ്ങിയ സമയം കൈയ്യോടെ വിജിലൻസ് പിടികൂടിയത്.
മറ്റൊരു സംഭവത്തിൽ വയനാട് ജില്ലയിലെ മുട്ടിൽ ഗ്രാമപഞ്ചായത്തിൽ പണി പൂർത്തിയാക്കിയ ശേഷം കെട്ടിട നമ്പരിനായി സമർപ്പിച്ചിരുന്ന അപേക്ഷയിൽ മേൽ നടപടികൾ ആരംഭിക്കുന്നതിലേയ്ക്ക് അപേക്ഷകയിൽ നിന്നും 10000 രൂപ കൈക്കൂലി വാങ്ങുന്നതിന്നിടയിൽ സെക്ഷൻ ക്ലാർക്കായ കെ. രഘുവിനെ ഇന്ന് ഉച്ചയ്ക്ക് 12.45 മണിയോടെ വിജിലൻസ് കൈയോടെ പിടികൂട്.
വയനാട് മുട്ടിൽ നോർത്ത് വില്ലേജിലെ സമീറ പുതുതായി പണികഴിപ്പിച്ച വീടിന്റെ നമ്പർ അനുവദിക്കുന്നതിനായി ഇക്കഴിഞ്ഞ സെപ്റ്റംബറിൽ അപേക്ഷ സമർപ്പിച്ചിരുന്നു. മാസങ്ങൾ കഴിഞ്ഞിട്ടും അപേക്ഷയിൽ നടപടിയാകാത്തതിനെ തുടർന്ന് പരാതിക്കാരി പഞ്ചായത്തിൽ ചെന്ന് തിരിക്കിയപ്പോൾ അപേക്ഷയിൽ നടപടികളൊന്നും ആരംഭിച്ചിട്ടില്ലായെന്ന് മറുപടി ലഭിച്ചു.
തുടർന്ന് സെക്ഷൻ ക്ലാർക്കായ രഘുവിനെ കണ്ടപ്പോൾ 10000 രൂപ കൈക്കൂലി നൽകിയാൽ നടപടികൾ വേഗത്തിലാക്കി കെട്ടിട നമ്പർ വേഗം നൽകാമെന്ന് അറിയിച്ചു. ഇക്കാര്യം പരാതിക്കാരി വിജിലൻസ് വയനാട് യൂനിറ്റിന്റെ ചുമതല വഹിക്കുന്ന ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് ഷാജി വർഗീസിനെ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.