തിരുവനന്തപുരം: സെക്രട്ടേറിയറ്റിൽ വീണ്ടും മാധ്യമ നിയന്ത്രണം. പോകേണ്ട വകുപ്പിൽ നിന്നുള്ള ശിപാർശ ഇല്ലാതെ മാധ്യമ പ്രവർത്തകരെ അകത്തേക്ക് കയറ്റിവിടില്ല. അതോടൊപ്പം സമര ഗേറ്റും അടച്ചു. ഇടക്ക് കുറച്ചുദിവസം തുറന്നിരുന്ന സെക്രട്ടേറിയറ്റിലെ പ്രധാന ഗേറ്റും ബാരിക്കേഡ് വെച്ച് അടച്ചിട്ടുണ്ട്. കഴിഞ്ഞ എൽ.ഡി.എഫ് സർക്കാറിന്റെ കാലത്താണ് സെക്രട്ടേറിയറ്റിൽ മാധ്യമങ്ങൾക്ക് നിയന്ത്രണം കൊണ്ടുവന്നത്. അന്ന് മാധ്യമങ്ങളെ നിയന്ത്രിക്കുന്നതിനെ പ്രതിപക്ഷം വിമർശിച്ചിരുന്നു.
അതേസമയം, മുഖ്യമന്ത്രിയുടെ ഓഫിസ് സ്ഥിതി ചെയ്യുന്ന നോർത്ത് ബ്ലോക്കിൽ ഒരാഴ്ച മുമ്പ് തുടങ്ങിയ നിയന്ത്രണങ്ങളാണ് സെക്രട്ടേറിയറ്റിലെ മറ്റു ഓഫിസുകളിലേക്ക് വ്യാപിപ്പിച്ചിരിക്കുന്നത്. സന്ദർശകർക്കായി ഏർപ്പെടുത്തിയ പുതിയ നിയന്ത്രണങ്ങളെ മറയാക്കിയാണ് മാധ്യമപ്രവർത്തകരെ സുരക്ഷാ ജീവനക്കാർ തടയുന്നത്. ഇതിന് പുറമെ സെക്രട്ടേറിയറ്റിലെ പ്രവേശന കവാടമായ നോർത്ത് ഗേറ്റ് ബാരിക്കേഡ് വെച്ച് അടക്കുകയും ചെയ്തു. ബന്ധപ്പെടേണ്ട വകുപ്പിൽ നിന്നുള്ള ശിപാർശ കത്ത് ഇല്ലാതെ, സർക്കാർ ഔദ്യോഗികമായി നൽകിയിട്ടുള്ള അക്രഡിറ്റേഷനുള്ള മാധ്യമപ്രവർത്തകരെപ്പോലും അകത്ത് കയറ്റിവിടേണ്ട എന്നാണ് കന്റോൺമെന്റ് ഗേറ്റിലെ സെക്യൂരിറ്റി ഉദ്യോഗസ്ഥർക്ക് മുകളിൽ നിന്നും ലഭിച്ചിരിക്കുന്ന നിർദേശം.
മുഖ്യമന്ത്രിക്ക് കീഴിലുള്ള ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പ് പരിശോധനകൾക്ക് ശേഷമാണ് മാധ്യമപ്രവർത്തകർക്ക് അക്രഡിറ്റേഷൻ കാർഡുകൾ നൽകുന്നത്. സെക്രട്ടേറിയറ്റ് അടക്കമുള്ള നിയന്ത്രിത മേഖലകളിൽ സുഗമമായി പ്രവേശിച്ച് വാർത്താ ശേഖരണം നടത്തുന്നതിന് വേണ്ടിയാണ് ഈ കാർഡുകൾ അനുവദിക്കുന്നത്. എന്നാൽ, ഈ ഔദ്യോഗിക കാർഡുമായി എത്തുന്നവരെയും സെക്യൂരിറ്റി ജീവനക്കാർ ഗേറ്റിൽ തടയുകയാണ്.
പുതിയ സർക്കാർ അധികാരമേറ്റത് മുതൽ സെക്രട്ടേറിയറ്റിൽ സന്ദർശകരുടെ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. തുടർന്നാണ് പൊതുജനങ്ങൾക്കുള്ള സന്ദർശന സമയം വൈകിട്ട് മൂന്ന് മുതൽ അഞ്ച് വരെയായി പരിമിതപ്പെടുത്തിയത്. പ്രത്യേക പാസ് എടുത്തോ, അകത്തുനിന്നും സെക്യൂരിറ്റി ഗേറ്റിലേക്ക് വരുന്ന ഔദ്യോഗിക ഫോൺ കോൾ വഴിയോ മാത്രമേ ആളുകൾക്ക് അകത്ത് കടക്കാൻ സാധിക്കൂ. പൊതുജനങ്ങൾക്കായി ഏർപ്പെടുത്തിയ സമയക്രമം ചൂണ്ടിക്കാട്ടിയാണ് സുരക്ഷാ ഉദ്യോഗസ്ഥർ ഇപ്പോൾ മാധ്യമങ്ങളെയും തടയുന്നത്.
സെക്രട്ടേറിയറ്റിലേക്ക് പ്രവേശിക്കുന്ന പ്രധാന ഗേറ്റായ നോർത്ത് ഗേറ്റും ബാരിക്കേഡുകൾ ഉപയോഗിച്ച് അടച്ചു. നിരന്തരം രാഷ്ട്രീയ സമരങ്ങൾ നടക്കുന്നതിനാലും ജനങ്ങളുടെ പ്രധാന പ്രവേശന മാർഗമായതിനാലും 'സമരഗേറ്റ്' എന്നാണ് അറിയപ്പെടുന്നത്. പുതിയ സർക്കാർ അധികാരത്തിൽ എത്തിയ ഉടനെ തുറന്നുകൊടുത്ത ഗേറ്റാണ് ഇപ്പോൾ വീണ്ടും അടച്ചിരിക്കുന്നത്.പിണറായി സർക്കാരിന്റെ കാലത്താണ് സെക്രട്ടറിയേറ്റിൽ മാധ്യമങ്ങൾക്ക് സമാനമായ രീതിയിൽ നിയന്ത്രണം ഏർപ്പെടുത്തിയത്.
അന്ന് പ്രതിപക്ഷത്തായിരുന്നവർ ഈ വിലക്കിനെതിരെ വിമർശനങ്ങൾ ഉന്നയിക്കുകയും പ്രതിഷേധിക്കുകയും ചെയ്തിരുന്നു. സന്ദർശക സമയക്രമം ഉൾപ്പെടെ മുൻ സർക്കാരിന്റെ കാലത്തെ അതേ രീതിയിലേക്ക് ഇപ്പോൾ വീണ്ടും മാറിയിരിക്കുകയാണ്. അതേസമയം, മുഖ്യമന്ത്രി നിലവിൽ ബജറ്റിന്റെ തിരക്കിലായതിനാൽ സെക്രട്ടേറിയറ്റിലെ പ്രവേശനം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ അന്തിമ തീരുമാനമെടുക്കാൻ സമയം ലഭിച്ചിട്ടില്ലെന്നാണ് ഔദ്യോഗിക വിശദീകരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.