ഇടതു സര്‍ക്കാരിന്റെ തുടര്‍ ഭരണ അജണ്ട ജനദ്രോഹം മാത്രമെന്ന് എസ്.ഡി.പി.ഐ

തിരുവനന്തപുരം: ജനങ്ങളെ ദ്രോഹിക്കല്‍ മാത്രം അജണ്ടയാക്കിയാണ് ഇടതു സര്‍ക്കാരിന്റെ തുടര്‍ഭരണം മുന്നോട്ടുപോകുന്നതെന്ന് എസ്.ഡി.പി.ഐ. ബജറ്റ് നിർദേശങ്ങളിലൂടെ അടിച്ചേല്‍പ്പിച്ച നികുതി ഭാരം പ്രാബല്യത്തില്‍ വന്നതോടെ സര്‍വമേഖലയിലും നേരിടുന്ന വിലക്കയറ്റത്തില്‍ പൊതുജനം വീര്‍പ്പുമുട്ടുകയാണ്.

അതിനിടെ കാലിയായ ഖജനാവ് നികത്താന്‍ വായ്പയെടുത്തും നികുതി ഭാരം അടിച്ചേല്‍പ്പിച്ചും മുമ്പോട്ടുപോകുന്ന സര്‍ക്കാര്‍ ആ തുകയില്‍ നിന്നു പോലും ഭരണ വാര്‍ഷികം ആഘോഷിക്കാന്‍ ചെലവഴിക്കാനുള്ള തീരുമാനം പിച്ച ചട്ടിയില്‍ കൈയിട്ടു വാരുന്നതിനു തുല്യമാണ്. ജനദ്രോഹം മറച്ചു പിടിക്കാന്‍ ഇല്ലാത്ത വികസന വായ്ത്താരി പാടി പ്രചാരണ മാമാങ്കവും പ്രദര്‍ശന മേളകളും നടത്താനുള്ള നീക്കം പൊറുതി മുട്ടിയ ജനങ്ങളെ വീണ്ടും അവഹേളിക്കലാണ്.

ചങ്ങാത്ത മുതലാളിമാരെ സഹായിക്കുന്നതിന്റെ ഭാഗമായി കേന്ദ്രം ഇന്ധന വില അടിക്കടി വര്‍ധിപ്പിക്കുന്നതിനു പുറമേയാണ് സാമൂഹിക സുരക്ഷയുടെ പേരില്‍ പെട്രോളിനും ഡീസലിനും രണ്ടു രൂപ സെസ് കൂടി സംസ്ഥാന സര്‍ക്കാര്‍ ചുമത്തിയിരിക്കുന്നത്. ഇന്ധനവില വര്‍ധിച്ചതോടെ നിത്യോപയോഗ സാധനങ്ങളുടേതടക്കം വില ക്രമാതീതമായി വര്‍ധിക്കുകയാണ്. ഭൂമിയുടെ ന്യായവില 20 ശതമാനമാണ് വര്‍ധിപ്പിച്ചിരിക്കുന്നത്.

ആനുപാതികമായി രജിസ്ട്രേഷന്‍ ഫീസും ഉയരും. വാഹന വിലയും കൂട്ടിയിരിക്കുകയാണ്. റോഡ് സുരക്ഷാ സെസ് ഇരട്ടിയാക്കി. ബജറ്റിനുമുമ്പേതന്നെ, വെള്ളക്കരവും ഉയര്‍ത്തി. വൈദ്യുതി നിരക്കും വര്‍ധിപ്പിച്ചിരിക്കുന്നു. പാറയും മണലുമടക്കം, ഖനനം ചെയ്തെടുക്കുന്ന നിര്‍മാണ വസ്തുക്കളുടെ വില വര്‍ധിപ്പിക്കാനുള്ള നീക്കവും നടക്കുന്നുണ്ട്. വിലക്കയറ്റത്തോടൊപ്പം സംസ്ഥാനത്തെ നിര്‍മാണ മേഖല പൂര്‍ണമായും സ്തംഭിക്കാനും ഇത് ഇടയാക്കുമെന്നും സംസ്ഥാന ജനറല്‍ സെക്രട്ടറി റോയ് അറയ് ക്കൽ പ്രസ്തവനയിൽ അറിയിച്ചു. 

Tags:    
News Summary - SDPI has said that the agenda of the left government is only to harm the people

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.