നിസാം റാവുത്തർ

‘ഒരു സര്‍ക്കാര്‍ ഉല്‍പന്നം’ സിനിമയുടെ തിരക്കഥാകൃത്ത് നിസാം റാവുത്തര്‍ അന്തരിച്ചു

പത്തനംതിട്ട: മലയാള തിരക്കഥാകൃത്തും ചലച്ചിത്ര പ്രവര്‍ത്തകനുമായ നിസാം റാവുത്തര്‍ (49) അന്തരിച്ചു. പുതിയ ചിത്രമായ ‘ഒരു സര്‍ക്കാര്‍ ഉല്‍പന്നം’ വെള്ളിയാഴ്ച റിലീസ് ചെയ്യാനിരിക്കെയാണ് നിസാമിന്‍റെ അപ്രതീക്ഷിത വിയോഗം. സക്കറിയയുടെ ​ഗർഭിണികൾ, ബോംബെ മിഠായി തുടങ്ങിയ സിനിമകളുടെയും തിരക്കഥാകൃത്താണ്. ഖബറടക്കം വൈകിട്ട്​ അഞ്ചുമണിക്ക് ആദിക്കാട്ടുകുളങ്ങര ജൂമാമസ്ജിദ് ഖബർസ്ഥാനിൽ നടക്കും.

ഹൃദയാഘാതത്തെ തുടർന്നാണ് മരണം. പത്തനംതിട്ട കടമ്മനിട്ടയിലെ വീട്ടില്‍ പുലര്‍ച്ചെയായിരുന്നു അന്ത്യം. കടമ്മനിട്ട ആരോഗ്യ കേന്ദ്രത്തിലെ ഹെൽത്ത് ഇൻസ്പെക്ടർ ആയിരുന്ന നിസാം കൊന്നമൂട്ടിൽ വാടകക്ക് താമസിക്കുകയായിരുന്നു. ബുധനാഴ്ച പുലർച്ചെ അസ്വസ്ഥത അനുഭവപ്പെട്ട ഉടൻ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

പത്തനംതിട്ട പഴകുളം പടിഞ്ഞാറ് നൂർ മഹലിൽ റിട്ട. സെയിൽ ടാക്സ് അസിസ്റ്റൻറ്​ കമീഷണറും പൊതു പ്രവർത്തകനുമായ എസ്. മീരാസാഹിബിന്‍റെയും മസൂദയുടെയും മകനാണ്. ഭാര്യ: ഷെബീന. മകൻ: റസൂൽ റാവുത്തർ. സഹോദരങ്ങൾ: നിസ സക്കീർ, നിസാർ നൂർമഹൽ (ഐ.എൻ.എൽ ജില്ല പ്രസിഡൻ്റ്).

ഒരു ഭാരത സര്‍ക്കാര്‍ ഉല്‍പന്നം എന്ന സിനിമയുടെ പേരില്‍ നിന്ന് ഭാരത എന്ന വാക്ക് മാറ്റണമെന്ന് സെന്‍സര്‍ ബോര്‍ഡ് ആവശ്യപ്പെട്ടതു വിവാദമായിരുന്നു. 'ഒരു സർക്കാർ ഉത്പന്നം' എന്ന പേരിലാണ് സിനിമ പുറത്തിറങ്ങുക. ഭവാനി പ്രൊഡക്ഷൻസിന്റെ ബാനറിൽ രഞ്ജിത് ജഗന്നാഥൻ, ടി.വി. കൃഷ്ണൻ തുരുത്തി, കെ.സി. രഘുനാഥൻ എന്നിവർ ചേർന്നാണ് സിനിമ നിർമിക്കുന്നത്. ലാല്‍ ജോസ് ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ സുബീഷ് സുധിയാണ് ചിത്രത്തിലെ പ്രധാന നടന്‍. ഷെല്ലിയാണ് നായിക. അജു വർഗീസ്, ഗൗരി ജി. കിഷൻ, ദർശന എസ്. നായർ, ജാഫര്‍ ഇടുക്കി, വിനീത് വാസുദേവൻ, ലാൽ ജോസ്, ഗോകുലൻ തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കൾ. 

Tags:    
News Summary - Script writer Nizam Ravuther passed away

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.