മർദനമേറ്റ എ.വി. ജലീലിൽനിന്ന് ആശുപത്രിയിലെത്തി പൊലീസ് മൊഴിയെടുക്കുന്നു
പുതുനഗരം: മുസ്ലിം ഹയർ സെക്കൻഡറി സ്കൂൾ മാനേജറുടെ വീട് കയറി ആക്രമണം നടത്തിയ സംഭവത്തിൽ അഞ്ചുപേർക്കെതിരെ പൊലീസ് കേസെടുത്തു. പുതുനഗരം സ്വദേശികളായ അസറുദ്ദീൻ, റിയാസ്, സിദ്ദീഖ്, കുഞ്ച, കണ്ടാലറിയുന്ന ഒരാൾ എന്നിവർക്കെതിരാണ് കേസ്.
സ്കൂൾ മാനേജറും മുസ്ലിം ലീഗ് നെന്മാറ നിയോജക മണ്ഡലം പ്രസിഡന്‍റുമായ എ.വി. ജലീലിനെയാണ് (68) മർദിച്ചത്. ബുധനാഴ്ച പുലർച്ച സൗത്ത് സ്ട്രീറ്റിലെ ഇദ്ദേഹത്തിന്‍റെ വീടിനുനേരെ കല്ലെറിഞ്ഞ് ജനൽച്ചില്ലുകൾ തകർത്ത ശേഷം അകത്തു കയറി ജലീലിനെ തള്ളിയിട്ട് മർദിക്കുകയായിരുന്നു. ബഹളം കേട്ട് വീട്ടുകാരും നാട്ടുകാരും ഉണർന്നതോടെ ബൈക്കിലെത്തിയ സംഘം കടന്നുകളഞ്ഞു.
സ്കൂളിലെ നിയമനവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാണ് ആക്രമണങ്ങൾക്ക് വഴിവെച്ചതെന്നാണ് സൂചന. അതേസമയം, പുതുനഗരം സ്വദേശിയായ അൽഫറിന്‍റെ വീട്ടിൽ കയറി ഭീഷണിപ്പെടുത്തിയെന്ന പേരിൽ 25 പേർക്കെതിരെ മറ്റൊരു കേസും പുതുനഗരം പൊലീസ് രജിസ്റ്റർ ചെയ്തു. എ.വി. ജലീൽ, ജാഫർ, കുമാർ, ഇസ്മായിൽ, ഇബ്രാഹിം കൂടാതെ കണ്ടാലറിയുന്ന 20 പേർക്കെതിരെയാണ് കേസെടുത്തത്.
ചട്ടം കാറ്റിൽ പറത്തി സ്കൂളിൽ ബന്ധുനിയമനം നടത്തുന്നതായി ആരോപിച്ച് ഭിന്നശേഷിക്കാരനായ നാസർ 13 ദിവസമായി സ്കൂളിനുമുന്നിൽ കുടിൽകെട്ടി സമരത്തിലാണ്. നാസറിനെ പിന്തുണച്ച് ചില യൂത്ത് ലീഗ് പ്രവർത്തകർ രംഗത്തു വന്നിരുന്നു.
ഇതിന്‍റെ തുടർച്ചയായി അച്ചടക്കലംഘനം ആരോപിച്ച് യൂത്ത് ലീഗ് പഞ്ചായത്ത് കമ്മിറ്റിയെ സംസ്ഥാന കമ്മിറ്റി പിരിച്ചുവിട്ടു. ലീഗ് നേതാവായ എ.വി. ജലീലിനെ ആക്രമിച്ചവർ പാർട്ടി ഘടകങ്ങളിൽ ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ കർശന നടപടി ഉണ്ടാകുമെന്ന് മുസ്ലിം ലീഗ് ജില്ല വൈസ് പ്രസിഡന്‍റ് അബ്ദുൽ റഹീം അയിലൂർ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.