കണ്ണൂർ: ഉച്ചഭക്ഷണ സംവിധാനത്തിലൂടെ കടക്കെണിയിലായി സ്കൂളുകൾ. കുട്ടികൾക്ക് ഉച്ചഭക്ഷണത്തിനായി സർക്കാർ അനുവദിക്കുന്ന തുകയിൽ കാലാനുസൃത വർധനവ് വരുത്താത്തതാണ് സ്കൂൾ അധികൃതർക്ക് പദ്ധതി ഭാരമായി തീർന്നിരിക്കുന്നത്. 1995 മുതലാണ് കേരളത്തിൽ ഉച്ചഭക്ഷണ പദ്ധതി നടപ്പിലാക്കി തുടങ്ങിയത്. എന്നാൽ, സ്കൂളുകൾക്ക് ഈ ഇനത്തിൽ 2016ലാണ് ഏറ്റവും അവസാനമായി തുക അനുവദിച്ചത്. ഏഴു വർഷം പിന്നിടുമ്പോഴും തുച്ഛമായ തുകക്ക് പദ്ധതി നടത്തികൊണ്ടുപോകേണ്ടത് സ്കൂളുകളുടെ ബാധ്യതയായി മാറിയിരിക്കുകയാണ്. സാമ്പത്തിക ബാധ്യതക്ക് മിക്കപ്പോഴും പ്രധാനാധ്യാപകൻ ഉത്തരം പറയേണ്ട സ്ഥിതിയാണ്. സംസ്ഥാനത്തെ 12,200ൽപരം സ്കൂളുകളിലെ 29 ലക്ഷത്തിലധികം കുട്ടികളാണ് ഉച്ചഭക്ഷണ പദ്ധതിയിൽ ഉൾപ്പെടുന്നത്. ഒരു കുട്ടിക്ക് എട്ട് രൂപയാണ് പ്രതിദിനം സർക്കാർ നൽകുന്നത്. 150 കുട്ടികൾക്കുവരെ മാത്രമാണ് ഈ തുക. 150 കുട്ടികൾ മുതൽ 500 കുട്ടികൾ വരെ ഏഴു രൂപയും 500ന് മുകളിൽ ആറ് രൂപയുമാണ് സർക്കാർ പദ്ധതിക്കായി തുക നിശ്ചയിച്ചിട്ടുള്ളത്. ഉച്ച ഭക്ഷണത്തിന് പുറമെ ആഴ്ചയിൽ ഒരു കോഴി മുട്ടയും രണ്ടു ദിവസങ്ങളിലായി 300 മില്ലി ലിറ്റർ പാലും കുട്ടികൾക്ക് നൽകണം. സർക്കാറിന്‍റെ സമഗ്രപോഷകാഹര പദ്ധതിയുടെ ഭാഗമായാണ് കുട്ടികൾക്ക് പാലും മുട്ടയും നൽകുന്നത്. ഇതിന് സർക്കാർ പ്രത്യേകമായി തുക വകയിരുത്തിയിട്ടുമില്ല. ഇതും ഇരട്ടി ഭാരമാണ് സ്കൂളുകൾക്ക്.
അവശ്യസാധനങ്ങൾക്ക് പ്രതിദിനം വിലകയറുമ്പോൾ സർക്കാർ ഗ്രാൻറ് വർധിപ്പിക്കാത്തത് സ്കൂളുകളെ തീർത്തും കടക്കെണിയിലാക്കുകയാണ്. തുച്ഛമായ തുക നൽകിയിട്ടും പയറും പച്ചക്കറിയും അടക്കമുള്ള പോഷക സമൃദ്ധമായ ആഹാരം ദിവസവും നൽകണമെന്നാണ് സർക്കാർ നിർദേശം. ഇതിനുപുറമെ പാചകത്തിന് 2017 മുതൽ പാചകവാതകം നിർബന്ധമാക്കിയിരുന്നു. ഇതോടെ പാചക വാതകത്തിന്‍റെ അനിയന്ത്രിതമായ വിലക്കയറ്റവും ഇരട്ടി ദുരിതമാണ് വിതക്കുന്നത്.
പൊതുഫണ്ട് കണ്ടെത്തി പദ്ധതി മുന്നോട്ടു കൊണ്ടുപോകണമെന്നാണ് പ്രധാനാധ്യാപകർക്ക് സർക്കാറിന്‍റെ നിർദേശം. എന്നാൽ, പദ്ധതിയുടെ ദൈനംദിന ചെലവിനുള്ള പണം പൊതുജനങ്ങളിൽ നിന്ന് പിരിക്കുന്നത് അസാധ്യമാണെന്നാണ് പ്രധാനാധ്യാപകരുടെ വിശദീകരണം. കൂടാതെ മാസങ്ങൾ കഴിഞ്ഞാണ് തുക അനുവദിക്കുന്നതും. ഈ വർഷത്തെ ജൂൺ, ജൂലൈ മാസത്തിലെ തുക ആഗസ്റ്റ് പകുതിയോടെയാണ് അനുവദിച്ച് കിട്ടിയത്. ചെലവുകൾക്ക് പുറമെ പാചക തൊഴിലാളികൾക്കുള്ള വേതനവും ഈ തുകയിൽ നിന്നുവേണം കണ്ടെത്താൻ. ഇത്തരത്തിൽ പദ്ധതിക്ക് ആവശ്യമായ തുക അനുവദിക്കാതെ ഭാരം പ്രധാനാധ്യാപകരുടെ മേൽ അടിച്ചേൽപിച്ച് സ്കൂളുകളെ കടക്കെണിയിലാക്കുകയാണ് സർക്കാർ.
പ്രക്ഷോഭവുമായി കെ.പി.പി.എച്ച്.എ
കണ്ണൂർ: സ്കൂൾ ഉച്ചഭക്ഷണ വിതരണച്ചെലവിന് അനുവദിക്കുന്ന തുക കമ്പോള വിലനിലവാരത്തിന് അനുസൃതമായി വർധിപ്പിക്കണമെന്ന ആവശ്യം അംഗീകരിക്കുന്നതിൽ സംസ്ഥാന സർക്കാർ തുടരുന്ന നിഷേധാത്മക നയത്തിൽ പ്രതിഷേധിച്ച് കേരള പ്രൈവറ്റ് പ്രൈമറി ഹെഡ്മാസ്റ്റേഴ്സ് അസോസിയേഷൻ പ്രക്ഷോഭത്തിലേക്ക്.
ഇതിന്റെ ഭാഗമായി ശനിയാഴ്ച രാവിലെ 11ന് പ്രധാനാധ്യാപകർ കണ്ണൂർ വിദ്യാഭ്യാസ ഉപഡയറക്ടറുടെ ഓഫിസിനു മുന്നിൽ ധർണ നടത്തുമെന്ന് സംസ്ഥാന അസി. സെക്രട്ടറി കെ. ശ്രീധരൻ, ജില്ല സെക്രട്ടറി വി.പി. രാജീവൻ, പ്രസിഡൻറ് കെ. വിജയൻ എന്നിവർ അറിയിച്ചു. സംസ്ഥാന ട്രഷറർ കെ.എ. ബെന്നി ധർണ ഉദ്ഘാടനം ചെയ്യും. മുട്ട, പാൽ വിതരണം പ്രത്യേക പാക്കേജാക്കി തുക അനുവദിക്കുക, പലവ്യഞ്ജനങ്ങളും പച്ചക്കറികളും സർക്കാർ നിയന്ത്രണത്തിലുള്ള വിപണി വഴി സ്കൂളുകളിൽ എത്തിക്കുക എന്നീ ആവശ്യങ്ങളും സംഘടന ഉന്നയിച്ചു.
ഉച്ചഭക്ഷണ ചുമതലയിൽനിന്ന് പ്രഥമാധ്യാപകരെ ഒഴിവാക്കി പകരം സമൂഹ അടുക്കള സംവിധാനം ഉണ്ടാക്കണമെന്നും ആവശ്യപ്പെട്ടു. വാർത്തസമ്മേളനത്തിൽ ജില്ല ട്രഷറർ ടി. ചന്ദ്രൻ, സംസ്ഥാന നിർവാഹക സമിതി അംഗങ്ങളായ ജസ്റ്റിൻ ജയകുമാർ, കെ.പി. വേണുഗോപാലൻ എന്നിവരും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.