മലപ്പുറത്ത് സ്കൂൾ ബസ് നിയന്ത്രണംവിട്ട് മറിഞ്ഞു; 25 ഓളം വിദ്യാർഥികൾക്ക് പരിക്ക്

മലപ്പുറം: പടപ്പറമ്പ് പാങ്ങ് കടുന്നാമുട്ടിയിൽ സ്കൂൾ ബസ് നിയന്ത്രണംവിട്ട് മറിഞ്ഞ് 25 വിദ്യാർഥികൾക്ക് പരിക്കേറ്റു. കാടാമ്പുഴ മരവട്ടം ഗ്രേസ് വാലി പബ്ലിക് സ്കൂളിന്റെ ബസാണ് മറിഞ്ഞത്. വ്യാഴാഴ് ച വൈകീട്ട് 4.30നാണ് അപകടം. സ്കൂളിൽ നിന്നും പാങ്ങ് ഭാഗത്തേക്കുള്ള വിദ്യാർഥികളുമായി പോവുകയായിരുന്നു.

ഇറക്കമുള്ള പ്രദേശത്തുനിന്ന് ബസ് നിയന്ത്രണം വിട്ട് റോഡരികിലെ മരത്തിലിടിച്ച് തൊട്ടടുത്ത വീടിന് ചേർന്ന് മറിഞ്ഞ് നിൽക്കുകയായിരുന്നു. ബസ് കൂടുതൽ താഴ്ച്ചയിലേക്ക് മറിയാതിരുന്നതിനാൽ വൻ ദുരന്തമാണ് ഒഴിവായത്. ബസിൽ 42 വിദ്യാർഥികളാണുണ്ടായിരുന്നത്. പരിക്കേറ്റ 25 പേരിൽ 15 പേരെ ചട്ടിപ്പറമ്പ് സ്വകാര്യ ക്ലിനിക്കിലേക്കും 10 പേരെ പാങ്ങ് കുടുബാരോഗ്യ കേന്ദ്രത്തിലേക്കും നാട്ടുകാർ എത്തിച്ചു. കൂടുതൽ പരിക്കേറ്റ മൂന്ന് വിദ്യാർഥികളേയും ഒരു അധ്യാപികയേയും പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

മറ്റുള്ളവരുടെ പരിക്ക് നിസ്സാരമായതിനാൽ പ്രാഥമിക ചികിത്സ നൽകി വിട്ടയച്ചു. ബസ് ഡ്രൈവർ സുഹൈലും നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. കൊട്ടാരപ്പറമ്പിൽ ചേക്കുവിന്റെ വീടിന് മുകളിലേക്കാണ് ബസ് മറിഞ്ഞത്. വീടിന് ഭാഗികമായ കേടുപാടുകൾ സംഭവിച്ചു.

അപകടത്തിൽ പരിക്കേറ്റ് പെരിന്തൽമണ്ണ മൗലാന ആശുപത്രിയിൽ പ്രവേശിപ്പിച്ചവർ: വിദ്യാർഥികളായ പാങ്ങ് പറമ്പൻ വീട്ടില് അബ്ദുൽ സലീമിന്റെ മകന് മുഹമ്മദ് സലീൽ (5), പാങ്ങ് വലിയപീടികക്കല് മുഹ്സിനത്തിന്റെ മകൾ ഇസ്ര അമൽ (6), പാങ്ങ് കടവണ്ടി വീട്ടില് നൗഫലിന്റെ മകൾ നൈമ (6), അധ്യാപിക പാങ്ങ് ഒതേന വീട്ടിൽ പ്രകാശിന്റെ ഭാര്യ വത്സല (45).

Tags:    
News Summary - School bus overturned in Malappuram; Around 25 students were injured

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.