കാന്തപുരം എ.പി അബൂബക്കർ മുസ്‍ലിയാർ, മന്ത്രി വി ശിവൻകുട്ടി

സ്‌കൂള്‍ അവധി മേയ്, ജൂൺ മാസങ്ങളിലാകാം; വിദ്യാഭ്യാസ മന്ത്രിക്ക് പിന്തുണയുമായി കാന്തപുരം

കോഴിക്കോട്: സംസ്ഥാനത്തെ സ്കൂൾ അവധി മാറ്റത്തിൽ വിദ്യാഭ്യാസ മന്ത്രിക്ക് പിന്തുണയുമായി കാന്തപുരം എ.പി അബൂബക്കർ മുസ്‍ലിയാർ. ​വർഷത്തിലെ വേനലവധി മേയ്, ജൂൺ മാസത്തിലാക്കുന്നതാണ് വിദ്യാർഥികൾക്ക് നല്ലതെന്ന് വ്യക്തമാക്കിയ കാന്തപുരം, വർഷത്തിലെ പരീക്ഷകളുടെ എണ്ണം മൂന്നിൽ നിന്ന് രണ്ടായി ചുരുക്കണമെന്നും നിർദേശിച്ചു. കാരന്തൂര്‍ മര്‍കസില്‍ മര്‍കസ് അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്കിന്റെയും സയന്‍സ് ലബോറട്ടറിയുടെയും ഉദ്ഘാടന ചടങ്ങിൽ വിദ്യഭ്യാസ മന്ത്രി വി. ശിവന്‍കുട്ടിയെ സാക്ഷിയാക്കിയായിരുന്നു സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി കാന്തപുരം എ.പി അബൂബക്കർ മുസ്‍ലാരുടെ നിർദേശം.

‘സംസ്ഥാനത്ത് ചൂട് വർധിച്ച മാസമാണ് മേയ്. മഴ കൂടുതലുള്ള മാസമാണ് ജൂൺ. ഈ രണ്ട് മാസങ്ങൾകൂട്ടി ചേർത്ത് അവധി നൽകുകയാണ് നല്ലത്. അങ്ങനെയെങ്കിൽ ചൂട് വര്‍ധിച്ച കാലത്തും, മഴ വര്‍ധിച്ച കാലത്തും കുട്ടികള്‍ക്ക് അവധി ലഭിക്കും. എല്ലാം ആലോചിച്ച് ചെയ്യുന്നതിലൂടെ തര്‍ക്കവും സമരവും ഒക്കെ ഒഴിവാക്കാം. സമയം ചുരുക്കാൻ ഏറ്റവും നല്ലത് വർഷത്തിൽ പരീക്ഷകളുടെ എണ്ണം മൂന്നിൽ നിന്നും രണ്ടായി ചുരുക്കുന്നതാണ്. മറ്റ് പല സംസ്ഥാനങ്ങളിലും ഉള്ളത് പോലെ ഇവിടെയും നടപ്പാക്കാം. അങ്ങനെ അധ്യായ വർഷത്തിൽ സമയം ലാഭിക്കാന്‍ പറ്റും’ -കാന്തപുരം അബൂബക്കർ മുസ്‍ലിയാർ വിശദീകരിച്ചു.

മർകസിനു കീഴിലെ അറബിക് കോളജുകളിലും മറ്റും വർഷത്തിൽ രണ്ടു പരീക്ഷകളാണ് നടത്താറുള്ളതെന്നും, ഇത് നല്ലമാതൃകയാണെന്നും അദ്ദേഹം വ്യക്തമാക്കി.

അതേ സമയം സ്‌കൂള്‍ അവധി ചര്‍ച്ചയും, സമയ മാറ്റവും പഠിക്കാന്‍ കമ്മിറ്റിയെ ചുമതലപ്പെടുത്താമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു. വിദ്യാഭ്യാസ രംഗത്ത് എന്ത് മാറ്റം കൊണ്ട് വന്നാലും ഉസ്താദ് അടക്കം ഉള്ളവരോട് കൂടി ആലോചിച്ചേ നടപ്പാക്കൂവെന്നും, കൂടിയാലോചനകളിലൂടെ മാത്രമേ തീരുമാനങ്ങള്‍ ഉണ്ടാകൂവെന്നും മന്ത്രി വ്യക്തമാക്കി.

സംസ്ഥാനത്തെ സ്കൂൾ വാർഷിക അവധി നിലവിൽ ഏപ്രിൽ, മേയ് മാസത്തിലാണ്. ഇത് ജൂൺ, ജൂലായ് മാസത്തിലേക്ക് മാറ്റുന്നതിനെ കുറിച്ചുള്ള ചർച്ചകൾക്ക് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയാണ് തുടക്കം കുറിച്ചത്. സാമൂഹിക മാധ്യമത്തിലൂടെയായിരുന്നു മന്ത്രി അഭിപ്രായമാരാഞ്ഞത്. നിർദേശത്തെ വിദ്യഭ്യാസ, പൊതു മേഖലകളിലുള്ളവർ സ്വാഗതം ചെയ്തിരുന്നു. കനത്ത ചൂട് അനുഭവപ്പെടുന്ന ഏപ്രിൽ, മേയ് മാസങ്ങളിൽ വലിയൊരു വിഭാഗം സ്കൂളുകളിലും ക്ലാസുകൾ വെല്ലുവിളിയായി മാറും. അതേസമയം, ജൂൺ, ജൂലായ് മാസങ്ങളിൽ പുതിയ അധ്യായന വർഷം തുടങ്ങുമ്പോൾ കനത്ത മഴയാണ് വെല്ലുവിളിയാകുന്നത്. വർഷകാലം ശക്തമാവുന്ന ദിവസങ്ങളിൽ സ്കൂളുകൾക്ക് അവധി നൽകുന്നത് പാഠഭാഗങ്ങൾ പൂർത്തിയാകുന്നതിന് തിരിച്ചടിയായി മാറുന്നു. ഈ സാഹചര്യത്തിലാണ് അവധി മാറ്റം സംബന്ധിച്ച് ചർച്ചകൾ സജീവമായത്.

സി.ബി.എസ്.ഇ പാഠപുസ്തകത്തില്‍ നിന്ന് കേന്ദ്രം പലതും വെട്ടിമാറ്റിയെന്നും, മഹാത്മാ ഗാന്ധിയെ കൊലപ്പെടുത്തിയത് ആരെന്ന ഭാഗവും ഗുജറാത്ത് കലാപവും വെട്ടിമാറ്റിയെന്നും മന്ത്രി വി. ശിവൻകുട്ടി മർകസിൽ നടന്ന പരിപാടിയിൽ പ​ങ്കെടുത്തുകൊണ്ട് പറഞ്ഞു. കേരളത്തില്‍ ഇതെല്ലാം പഠിപ്പിക്കുന്നുണ്ട്. എല്ലാ സ്‌കൂളുകളോടും ഒരേ സമീപനമാണ് സര്‍ക്കാരിനെന്നും ശിവന്‍ കുട്ടി വ്യക്തമാക്കി. 

Tags:    
News Summary - School annual vacation can be moved to may and June; Kanthapuram support to education minister

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.