39 പദ്ധതികൾക്ക് കേന്ദ്രാനുമതി: കേരളത്തിന് 988.75 കോടിയുടെ റോഡ് വികസന സഹായം
തിരുവനന്തപുരം: സംസ്ഥാനത്തെ 39 റോഡ് വികസന പദ്ധതികൾക്ക് 988.75 കോടി രൂപയുടെ കേന്ദ്രാനുമതി ലഭിച്ചതായി പൊതുമരാമത്ത് മന്ത്രി പി.കെ. ബഷീർ അറിയിച്ചു. സെൻട്രൽ റോഡ് ആൻഡ് ഇൻഫ്രാസ്ട്രക്ചർ ഫണ്ട് (സി.ആർ.ഐ.എഫ്) പദ്ധതിയിൽ ഉൾപ്പെടുത്തി കേന്ദ്ര റോഡ് ഗതാഗത-ഹൈവേ മന്ത്രാലയമാണ് അനുമതി നൽകിയത്.
ഇതിലൂടെ സംസ്ഥാനത്തെ 486 കിലോമീറ്റർ റോഡുകൾ വികസിപ്പിക്കാനാകുമെന്ന് മന്ത്രി പറഞ്ഞു. സംസ്ഥാനത്തിന്‍റെ അടിസ്ഥാന സൗകര്യ വികസനത്തിന് ഇത് വലിയ കരുത്താകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കേന്ദ്ര റോഡ് ഗതാഗത-ഹൈവേ മന്ത്രി നിതിൻ ഗഡ്കരിയുമായി ഇതുസംബന്ധിച്ച് നേരത്തെ ചർച്ചകൾ നടത്തിയിരുന്നു. വികസന ആവശ്യങ്ങൾ കൃത്യമായി അവതരിപ്പിച്ച് അനുകൂല തീരുമാനം നേടിയെടുക്കാനായത് നേട്ടമാണെന്ന് മന്ത്രി പറഞ്ഞു. വിവിധ ജില്ലകളിലായി റോഡുകളുടെ നവീകരണവും വികസനവുമാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.
പ്രധാനപ്പെട്ട ജില്ല റോഡുകൾക്ക് പുറമെ ഓർഡിനറി ജില്ല റോഡുകളും കോർപറേഷൻ റോഡുകളും പദ്ധതിയിൽ ഉൾപ്പെട്ടിട്ടുണ്ട്. എല്ലാ ജില്ലകളിലെയും തിരഞ്ഞെടുത്ത റോഡുകൾക്ക് ഇതിന്‍റെ പ്രയോജനം ലഭിക്കും. അനുമതി ലഭിച്ച പദ്ധതികൾക്ക് സംസ്ഥാന സർക്കാർ ഭരണാനുമതി നൽകി. സാങ്കേതികാനുമതിയും സാമ്പത്തികാനുമതിയും സമയബന്ധിതമായി പൂർത്തിയാക്കി ഡിസംബറിൽ നിർമാണ പ്രവർത്തനങ്ങൾ ആരംഭിക്കുമെന്നും മന്ത്രി അറിയിച്ചു.
റോഡുകളുടെ ഗുണനിലവാരവും നിർമാണത്തിന്‍റെ സമയക്രമവും ഉറപ്പാക്കും. ദേശീയപാതയുടെ നിലവാരത്തിലുള്ള നിർമാണ മാനദണ്ഡങ്ങൾ പാലിച്ചാണ് പ്രവൃത്തികൾ നടപ്പാക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.