തിരുവനന്തപുരം: തനിക്ക് പറയാനുള്ളത് ദേശീയനേതൃത്വത്തോട് പറഞ്ഞിട്ടുണ്ടെന്നും പാർട്ടിയിൽ പ്രവർത്തിക്കാൻ പദവി വേണമെന്ന് നിർബന്ധമില്ലെന്നും സന്ദീപ് വാര്യർ. ബി.ജെ.പി വക്താവ് സ്ഥാനത്തുനിന്ന് നീക്കിയതിനെക്കുറിച്ച ചോദ്യങ്ങളോട് വാർത്തസമ്മേളനത്തിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. വക്താവ് സ്ഥാനത്തുനിന്ന് മാറ്റിയത് പാർട്ടിയുടെ ആഭ്യന്തരകാര്യമാണെന്ന് സംസ്ഥാന പ്രസിഡന്റ് പറഞ്ഞിട്ടുണ്ട്. അതിൽ കൂടുതലൊന്നും പറയാനില്ല.
തനിക്കെതിരായ ആരോപണങ്ങൾക്ക് രേഖകളുണ്ടെങ്കിൽ കൊണ്ടുവരണം. പറയാനുള്ളത് പാർട്ടിക്കുള്ളിൽ പറയും. തന്റെ മൗനം കുറ്റകരമായി മാറാതിരിക്കാനാണ് മറുപടി നൽകുന്നത്. മാധ്യമ വിചാരണക്ക് പാർട്ടിയെ വിട്ടുകൊടുക്കില്ല. പൊതുപ്രവർത്തകനെന്ന നിലയിൽ മുൻമന്ത്രി കെ.കെ. ശൈലജക്കും സംസ്ഥാന സർക്കാറിനുമെതിരെ ലഭിച്ച ചില വിവരങ്ങൾ കൈമാറി. ഇതുമായി ബന്ധപ്പെട്ട പോരാട്ടത്തിന് പാർട്ടി പിന്തുണയുണ്ടാകണമെന്ന് നിർബന്ധമില്ല. രണ്ടരലക്ഷം പേരുടെ സമൂഹമാധ്യമ പിന്തുണയും പൊതുപ്രവർത്തനങ്ങൾക്ക് ജനങ്ങളുടെ അംഗീകാരവുമുണ്ട്. അതുപയോഗിച്ച് പ്രവർത്തിക്കാനാണ് ആഗ്രഹമെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞയാഴ്ച കോട്ടയത്ത് ചേർന്ന ബി.ജെ.പി സംസ്ഥാന നേതൃയോഗമാണ് വക്താവ് സ്ഥാനത്തുനിന്ന് വാര്യരെ നീക്കാൻ തീരുമാനിച്ചത്. അതിനുശേഷം യോഗത്തിൽ പങ്കെടുക്കാതെ അദ്ദേഹം മടങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.