വി മുരളീധരൻ, സന്ദീപ് വാര്യർ
‘കർത്ത കാശ് നൽകാൻ സാധ്യതയുള്ള ഒരു മുരളീധരനേ ബിജെപിയിൽ ഉള്ളൂ’; വി. മുരളീധരന് മറുപടിയുമായി സന്ദീപ് വാര്യർ
കാസർകോട്: സിഎംആർഎൽ മുൻ എംഡി ശശിധരൻ കർത്ത പണം നൽകിയവരുടെ പട്ടികയിൽ ഉള്ള ബി.ജെ.പി നേതാവ് താനല്ലെന്ന വി. മുരളീധരന്റെ പ്രതികരണത്തിന് മറുപടിയുമായി കോൺഗ്രസ് നേതാവ് സന്ദീപ് വാര്യർ. കേരളത്തിലെ ബിജെപിയിൽ മുരളീധരൻ ഒരാൾ മാത്രമല്ല ഉള്ളതെന്നും എന്നാൽ, കരിമണൽ കർത്താ കാശ് കൊടുക്കാൻ സാധ്യതയുള്ള ഒരു മുരളീധരനെ ബിജെപിയിൽ ഉള്ളൂ എന്നുമാണ് സന്ദീപ് ഫേസ്ബുക്കിൽ കുറിച്ചത്.
ഡയറിയിൽ ഉള്ളത് തന്റെപേരല്ലെന്നായിരുന്നു ബിജെപി മുൻ സംസ്ഥാന പ്രസിഡന്റ് കൂടിയായ വി. മുരളീധരൻ പറഞ്ഞത്. ‘ലോകത്ത് ആകെ ഒരു മുരളീധരൻ മാത്രമേ ബിജെപിയിൽ ഉള്ളോ? വേറെയും മുരളീധരൻമാർ ബി.ജെ.പിയിൽ ഉണ്ട്. ഏത് മുരളീധരനാണ് പണം വാങ്ങിയതെന്ന് കണ്ടുപിടിക്ക്. സിഎംആർഎല്ലിന് എതിരെ സമരം നടത്തിയ വ്യക്തിയാണ് ഞാൻ. ഞാൻ ഏതായാലും പണം വാങ്ങിയിട്ടില്ല. 100 ശതമാനം ഉറപ്പാണ്’ -ഷോൺ ജോർജ് വെട്ടിലാക്കിയാൽ അതിൽ വീഴുന്ന ആളല്ല താനെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ പറഞ്ഞിരുന്നു.
എന്നാൽ, വി. മുരളീധരനെതിരെ സംശയമുന തിരിക്കുകയാണ് സന്ദീപ് വാര്യർ. ‘കേരളത്തിലെ ബിജെപിയിൽ മുരളീധരൻ ഒരാൾ മാത്രമല്ല ഉള്ളത്. എന്നാൽ കരിമണൽ കർത്താ കാശ് കൊടുക്കാൻ സാധ്യതയുള്ള ഒരു മുരളീധരനെ ബിജെപിയിൽ ഉള്ളൂ. ഇതര നേതാക്കൾക്ക് ലഭിച്ച പാർട്ടി ഫണ്ടുകൾ ഒക്കെ അതാത് പാർട്ടികളിൽ എത്തി. എന്നാൽ മുരളീധരന് പണം കിട്ടിയ കാര്യം ബിജെപി ഇന്നലെയാണ് അറിഞ്ഞത്’ -സന്ദീപ് വാര്യർ പറഞ്ഞു.
ബി.ജെ.പി നേതാവ് ഷോൺ ജോർജ് പുറത്തുവിട്ട സിഎംആർഎൽ മുൻ എംഡി ശശിധരൻ കർത്തയുടെ ഡയറിയിൽ ബി.ജെ.പി നേതാക്കളുടെ പേര് വെട്ടിയിരുന്നു. എന്നാൽ, മുരളീധരനും ഹിന്ദു ഐക്യവേദി, ആർ.എസ്.എസ് തുടങ്ങിയ സംഘ്പരിവാർ സംഘടനകൾക്കും പണം നൽകിയതായി ഡയറിയിൽ പറയുന്നുണ്ട്.
അഞ്ച് ലക്ഷം രൂപയാണ് മുരളീധരന്റെ പേരിന് നേർക്ക് എഴുതിയിരിക്കുന്നത്. രണ്ട് ഭാഗങ്ങളിലായാണ് മുരളീധരന്റെ പേര് പരാമർശിക്കുന്നത്. ആദ്യത്തെ ഭാഗത്ത് മൂന്ന് ലക്ഷം രൂപയും രണ്ടാമത്തെ ഭാഗത്ത് രണ്ട് ലക്ഷം രൂപയുമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇത് കൂടാതെ ആർഎസ്എസിന്റെയും ഹിന്ദു ഐക്യവേദിയുടെയും പേരും ഡയറിയിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ആർഎസ്എസിന് നേർക്ക് അഞ്ച് ലക്ഷം രൂപയും ഹിന്ദു ഐക്യവേദിയുടെ പേരിനൊപ്പം 50,000 രൂപയുമാണ് രേഖപ്പെടുത്തിയിക്കുന്നത്. വെള്ളാപ്പള്ളി നടേശന് അഞ്ച് ലക്ഷം രൂപ നൽകിയതായും എഴുതിയിട്ടുണ്ട്. കൂടാതെ ഡിജിപി എന്നും എസ് പി എന്നും ഡയറിയിൽ രേഖപ്പെടുത്തിയിട്ടുണ്ട്.
എൻഫോഴ്സ്മെന്റ് ഏജൻസിയായ എസ് എഫ് ഐ ഒ കോടതിയിൽ സമർപ്പിച്ച രേഖകളാണ് ബിജെപി നേതാവായ ഷോൺ ജോർജ് പുറത്തുവിട്ടത്. എൽ.ഡി.എഫ്, യു.ഡി.എഫ്, ബി.ജെ.പി, എൻ.ഡി.എ ഘടക കക്ഷികൾ തുടങ്ങി പ്രമുഖ നേതാക്കളുടെ പേരുകൾ വ്യക്തമായി കുറിച്ചിട്ടുള്ള പേജിൽ മുഖ്യമന്ത്രി വി ഡി സതീശനും ഉൾപ്പെട്ടത് ചൂണ്ടിക്കാട്ടിയ ഷോൺ, മാസപ്പടി കേസിൽ ഇ ഡിയുടെ കത്തിൽ സംസ്ഥാന സർക്കാർ പിണറായിക്കെതിരെ വിജിലൻസ് അന്വേഷണം പ്രഖ്യാപിക്കാത്തതിന്‍റെ കാരണം ഇതാണെന്നാണ് ആരോപിച്ചത്.
മുഖ്യമന്ത്രി വി ഡി സതീശന്റെ പേരിന് നേരെ അഞ്ചു ലക്ഷം രൂപയാണ് രേഖപ്പെടുത്തിയിരുന്നത്. ഇബ്രാഹിംകുഞ്ഞ്, തങ്ങള്‍, ചെന്നിത്തല, വി ഡി സതീശന്‍, ഉമ്മന്‍ ചാണ്ടി, കെ മുരളീധരന്‍, ഹൈബി ഈഡന്‍, ബെന്നി, എം പി വീരേന്ദ്രകുമാര്‍, കെ ബി ഗണേഷ് കുമാര്‍, പാലോട് രവി, ടി എം ജേക്കബ്, ജി സുധാകരന്‍, അന്‍വര്‍ സാദത്ത്, ജോണി നെല്ലൂര്‍, കെ ആര്‍ ഗൗരിയമ്മ, ഷിബു ബേബി ജോണ്‍, പിണറായി വിജയന്‍, എളമരം, പന്ന്യന്‍, എസ് ശര്‍മ, വി എസ് അച്യു, പി രാജീവ്, ഗോവിന്ദന്‍ മാസറ്റർ, സി കെ ചന്ദ്രപ്പന്‍, കെ ചന്ദ്രന്‍ പിള്ള തുടങ്ങിയ പേരുകളാണ് ഷോണ്‍ പുറത്തുവിട്ട ഡയറിയിലെ പേജിലുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.