തിരുവനന്തപുരം: നെയ്യാറ്റിന്‍കര സനല്‍കുമാര്‍ കൊലപാതകം, മന്ത്രി കെ.ടി. ജലീലിെൻറ ബന്ധുനിയമനം, ശബരിമല സ്ത്രീ പ്രവേശനം വിഷയങ്ങളില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അതീവ ഗുരുതരവീഴ്ചകള്‍ വരുത്തിയെന്ന് കെ.പി.സി.സി പ്രസിഡൻറ് മുല്ലപ്പള്ളി രാമചന്ദ്രൻ. സനലിെൻറ കൊലപാതകം നടന്നിട്ട് മൂന്നുദിവസം പിന്നിട്ടിട്ടും ഡിവൈ.എസ്.പിയെ പിടികൂടിയില്ല. പൊലീസിലെയും സി.പി.എമ്മിലെയും ഉന്നതരുടെ ഓമനപ്പുത്രനായ ഇയാള്‍ ഒളിവില്‍ കഴിയുന്നത് അവരുടെ ഒത്താശയോടെയാണ്. ഇയാളെ ക്രമസമാധാനപാലന ചുമതലയില്‍നിന്ന് ഒഴിവാക്കണമെന്നും നടപടി എടുക്കണമെന്നുമുള്ള മൂന്ന് സുപ്രധാന പൊലീസ് റിപ്പോര്‍ട്ടുകള്‍ ഡി.ജി.പിയും മുഖ്യമന്ത്രിയുടെ ഓഫിസും പൂഴ്ത്തി. തുടര്‍ന്ന് തലസ്ഥാന ജില്ലയില്‍ തന്നെ വേണ്ടപ്പെട്ട സ്ഥലത്ത് നിയമനവും നൽകി. ചില അവിഹിത ഇടപാടുകള്‍ ഇതിലുണ്ടെന്നത് അങ്ങാടിപ്പാട്ടാണ്. സനലിെൻറ കൊലപാതകത്തിന് വഴിയൊരുക്കിയത് ഡി.ജി.പിയും മുഖ്യമന്ത്രിയുമാണ്.
മന്ത്രി കെ.ടി. ജലീലിെൻറ വഴിവിട്ട ബന്ധുനിയമനത്തില്‍ മുഖ്യമന്ത്രി പുലര്‍ത്തുന്ന നിശബ്ദത നാണക്കേടാണ്. അടിമുടി അഴിമതിയും സ്വജനപക്ഷപാതവും അധികാരദുര്‍വിനിയോഗവും നിറഞ്ഞ നിയമനമാണിത്. ഇതുസംബന്ധിച്ച് മന്ത്രി ഉയര്‍ത്തിയ എല്ലാ പ്രതിരോധങ്ങളും കല്ലുെവച്ച നുണയായിരുന്നെന്ന് തെളിഞ്ഞു. ഒന്നുകില്‍ രാജി അല്ലെങ്കില്‍ പുറത്താക്കല്‍ ഇതല്ലാതെ മറ്റൊരു വഴിയും മന്ത്രിയുടെ മുന്നിലില്ലെന്ന് മുല്ലപ്പള്ളി ചൂണ്ടിക്കാട്ടി.
ശബരിമലയുടെ നിയന്ത്രണം ആർ.എസ്.എസ് പിടിച്ചെടുത്തപ്പോള്‍ പൊലീസ് കൈയുംകെട്ടി നിന്നതിന് ഒരു ഐ.പി.എസ് ഉദ്യോഗസ്ഥനെ ബലിയാടാക്കാനാണ് നീക്കം. മുഖ്യമന്ത്രിയുടെ നിര്‍ദേശമില്ലാതെ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാര്‍ സന്നിധാനത്തുനിന്ന് പിന്‍വാങ്ങില്ല. ആർ.എസ്.എസ് നേതാവിന് പൊലീസ് മൈക്ക് കൈമാറിയതും വ്യക്തമായ നിര്‍ദേശപ്രകാരമാണ്. ഇക്കാര്യത്തില്‍ ആർ.എസ്.എസും സി.പി.എമ്മും തമ്മില്‍ ധാരണയോടെയാണ് പ്രവര്‍ത്തിക്കുന്നത്. മണ്ഡലകാലത്ത് ലക്ഷക്കണക്കിന് ഭക്തര്‍ ഒഴുകിയെത്തുമ്പോള്‍ പൊലീസ് എന്തുചെയ്യുമെന്ന് ആര്‍ക്കും ഒരു തിട്ടവുമില്ല. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ അടിയന്തരശ്രദ്ധ പതിപ്പിക്കണമെന്നും മുല്ലപ്പള്ളി ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.