കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിൽനിന്ന് ദുബൈയിലേക്കും ഷാർജയിലേക്കുമുള്ള രാജ്യാന്തര സർവീസുകളും, ഡൽഹിയിലേക്കുള്ള ആഭ്യന്തര സർവീസും നിർത്തിയതോടെ യാത്രക്കാർ അനുഭവിക്കുന്ന പ്രയാസങ്ങൾ സംബന്ധിച്ച് വിമാനത്താവള ഉപദേശക സമിതി ചെയർമാൻ ഡോ. എം.പി അബ്ദുസ്സമദ് സമദാനി എം.പി എയർ ഇന്ത്യ സി.ഇ.ഒ ക്യാംപ്ബെൽ വിൽസണുമായി കൂടിക്കാഴ്ച നടത്തി. ഈ രണ്ട് സുപ്രധാന രാജ്യാന്തര സർവീസുകൾ റദ്ദാക്കാനുള്ള തീരുമാനം യാത്രക്കാരെ വിഷമസന്ധിയിലാക്കുന്നതാണെന്ന് സമദാനി അറിയിച്ചു.
പുതുക്കി നിശ്ചയിച്ച സർവീസ് പ്രകാരം മൃതദേഹങ്ങൾ നാട്ടിലേക്ക് കൊണ്ടുവരാൻ പോലും സാധിക്കാത്ത സാഹചര്യമുണ്ടെന്ന് സി.ഇ.ഒയോട് സമദാനി പറഞ്ഞു. ഡൽഹിയിലേക്കുള്ള ആഭ്യന്തര സർവീസ് വിദ്യാർത്ഥികളും വ്യാപാരികളുമടക്കമുള്ള ഒട്ടേറെ യാത്രക്കാർ പ്രയോജനപ്പെടുത്തിപ്പോന്നതാണ്. ഈ സർവീസുകളിലെല്ലാം വിമാനം നിറയെ യാത്രക്കാരുണ്ടായിരുന്നു. റദ്ദാക്കപ്പെട്ട ഈ സർവീസുകൾ എത്രയും വേഗത്തിൽ പുനരാരംഭിക്കാൻ നടപടിയുണ്ടാകണമെന്ന് സമദാനി ആവശ്യപ്പെട്ടു.
ഇക്കാര്യം ഗൗരവത്തോടെ ആലോചിക്കാമെന്നും കമേഴ്ഷ്യൽ വിഭാഗവുമായി ഇത് സംബന്ധിച്ച് ചർച്ച ചെയ്യാമെന്നും സി.ഇ.ഒ ക്യാംപ്ബെൽ വിൻസൺ പറഞ്ഞു. എയർ ഇന്ത്യ അതിന്‍റെ സാമ്പത്തികമായ ആവശ്യങ്ങൾ പരിഹരിക്കാനുള്ള തിടുക്കത്തിലാണെന്ന് അദ്ദേഹം പറഞ്ഞു. എയർക്രാഫ്റ്റുകളുടെ പോരായ്മ കണക്കിലെടുത്ത് പുതിയ എയർക്രാഫ്റ്റുകൾ വാങ്ങാൻ തീരുമാനിച്ചിട്ടുണ്ട്. അതിനായുള്ള സാമ്പത്തിക വിഭവ സമാഹരണത്തിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. സാമ്പത്തിക ഘടകം മാത്രം പരിഗണിച്ചാണ് സർവീസുകളുടെ കാര്യത്തിൽ തീരുമാനങ്ങളെടുക്കുന്നത്. കോഴിക്കോട് വിമാനത്താവളത്തിന്റെ കാര്യത്തിൽ ഈ സാഹചര്യങ്ങളുടെ പശ്ചാത്തലത്തിൽ സർവീസുകൾ പുനർനിർണ്ണയിക്കുന്നതിന് പ്രത്യേക പരിഗണന നൽകുമെന്നും അദ്ദേഹം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.