സലിം മടവൂർ, പി.ടി. ഉഷ 

'ആ ആർജ്ജവം കാണിക്കണമെന്ന് അഭ്യർഥിക്കുന്നു'; പി.ടി. ഉഷക്കൊരു തുറന്ന കത്തുമായി സലീം മടവൂർ

കോഴിക്കോട്: രാജ്യസഭയിലേക്ക് നാമനിർദേശം ചെയ്യപ്പെട്ട കായികതാരം പി.ടി. ഉഷക്ക് തുറന്ന കത്തുമായി എൽ.ജെ.ഡി സംസ്ഥാന ജനറൽ സെക്രട്ടറി സലീം മടവൂർ. കായിക മേഖലയിൽ ഭാരതത്തിന്‍റെ പ്രശസ്തി ലോകം മുഴുവൻ എത്തിച്ച വ്യക്തിയെന്ന നിലയിൽ പി.ടി. ഉഷ മുഴുവൻ ഭാരതീയർക്കും അഭിമാനമാണ്. ചില കാര്യങ്ങൾ അങ്ങയെ ധരിപ്പിക്കണമെന്ന് തോന്നിയതുകൊണ്ടാണ് ഇങ്ങനെയെഴുതുന്നത് -സലീം മടവൂർ കുറിപ്പിൽ പറയുന്നു.

സലീം മടവൂരിന്‍റെ കുറിപ്പ് വായിക്കാം

പി.ടി.ഉഷക്കൊരു തുറന്ന കത്ത്:
ആദരണീയയായ പി.ടി.ഉഷ,

താങ്കളെ രാജ്യസഭയിലേക്ക് നോമിനേറ്റ് ചെയ്യാനുള്ള രാഷ്ട്രപതിയുടെ തീരുമാനത്തിൽ അതിയായി സന്തോഷിക്കുന്നു. കായിക മേഖലയിൽ ഭാരതത്തിൻ്റെ പ്രശസ്തി ലോകം മുഴുവൻ എത്തിച്ച വ്യക്തിയെന്ന നിലയിൽ പി.ടി ഉഷ മുഴുവൻ ഭാരതീയർക്കും അഭിമാനമാണ്. ലോസ് ആഞ്ചലസ് ഒളിമ്പിക്സിൽ സെക്കൻ്റിൻ്റെ നൂറിലൊരംശത്തിന് വെങ്കല മെഡൽ താങ്കൾക്ക് നഷ്ടപ്പെട്ട ദിവസം ഞാനടക്കം മുഴുവൻ ഇന്ത്യക്കാരും ഏറെ വേദനിച്ചു. ഏഷ്യാഡുകളിലും അത് ലറ്റിക് മീറ്റുകളിലും താങ്കളുടെ വിജയത്തിൽ ഭാരതീയർ അഭിമാനിച്ചു. അതു കൊണ്ടു തന്നെ രാജ്യസഭയിലേക്ക് താങ്കളെ നോമിനേറ്റ് ചെയ്യാനുള്ള തീരുമാനത്തിലും ഏറെ സന്തോഷിക്കുന്നു. പക്ഷേ അതിനു ശേഷം കണ്ട അങ്ങയുടെ ചില ചിത്രങ്ങൾ ചില കാര്യങ്ങൾ അങ്ങയെ ധരിപ്പിക്കണമെന്ന് തോന്നിയതുകൊണ്ടാണ് ഇങ്ങനെയെഴുതുന്നത്.

ഇന്ത്യൻ ഭരണഘാനയുടെ 80 (a) വകുപ്പ് പ്രകാരമാണ് രാഷ്ട്രപതി രാജ്യസഭയിലേക്ക് 12 അംഗങ്ങളെ നാമനിർദേശം ചെയ്യുന്നത്. ഇതിൽ CIause 3 യിൽ പറയുന്നത് പ്രകാരം സാഹിത്യം, ശാസ്ത്രം, കല, സാമൂഹ്യ സേവനം എന്നീ മേഖലകളിൽ കഴിവു തെളിയിച്ചവരെയാണ് രാഷ്ട്രപതി നോമിനേറ്റ് ചെയ്യുന്നത്. സ്പോർട്സ് മുകളിലെ വിഭാഗങ്ങളിൽ വരില്ലെങ്കിലും ധാരാളം പുതിയ കായിക താരങ്ങളെ പരിശീലിപ്പിക്കുന്നത് കൊണ്ട് സാമൂഹ്യ സേവക എന്ന് പരിഗണിച്ചായിരിക്കും നാമനിർദേശമെന്ന് കരുതുന്നു.

രാജ്യസഭയിലേക്കുള്ള നാമനിർദേശങ്ങൾ രാഷ്ട്രീയത്തിൽ പ്രവർത്തിക്കാത്തവരും എന്നാൽ നിയമനിർമാണത്തിൽ പങ്കാളികളാകാൻ താൽപര്യമുള്ളവരുമായ വ്യക്തിത്വങ്ങളെ ഉൾക്കൊള്ളാനാണെന്ന് ഭരണഘടനാ ശിൽപികൾ തന്നെ പറഞ്ഞിട്ടുണ്ട്.

ഇന്ത്യയുടെ ഭരണഘടന അംഗീകരിച്ച ശേഷം ആദ്യത്തെ രാജ്യസഭാംഗങ്ങളായി നോമിനേറ്റ് ചെയ്യപ്പെട്ടത് ഡോ: സക്കീർ ഹുസൈൻ, ചരിത്രകാരൻമാരായ കാളിദാസ് നാഗ്, രാധാ കുമുദ് മുഖർജി,പ്രമുഖ ഹിന്ദി കവി മൈഥിലി ശരൺ ഗുപ്ത, ഗാന്ധിയൻ എഴുത്തുകാരനായ കാക്കാ സാഹബ് കലേക്കർ ,ശാസ്ത്രജ്ഞനായ സത്യേന്ദ്രനാഥ് ബോസ്, പ്രമുഖ സാമൂഹ്യ പ്രവർത്തകനായ എൻ.ആർ മൽകാനി, നർത്തകിയായ രുക്മിണി ദേവി, ഗാന്ധിയൻ ചിന്തകനായ ജെ.എൻ കുമാരപ്പ, നിയമപണ്ഡിതനായ അല്ലാഡി കൃഷ്ണ സ്വാമി, ചലച്ചിത്ര നടനായ പൃഥ്വിരാജ് കപൂർ, വൈദ്യ ശാസ്ത്രജ്ഞനായ മേജർ ജനറൽ എസ്.എസ് സോഖി എന്നിവരായിരുന്നു. ഇവരെ പ്രഖ്യാപിച്ച ശേഷം പ്രധാന മന്ത്രി ജവഹർലാൽ നെഹ്റു 1953 മെയ് 13ന് പാർലമെൻ്റിൽ നടത്തിയ പ്രസംഗം പ്രസക്തമാണ്.

" ഇന്ത്യയുടെ പ്രസിഡണ്ട് കല, ശാസ്ത്രം, സാഹിത്യം, സാമൂഹ്യ സേവനം എന്നീ മേഖലകളിൽ പ്രഗൽഭരായ ഏതാനും പേരെ രാജ്യസഭയിലേക്ക് നോമിനേറ്റ് ചെയ്തിരിക്കുന്നു. അവർക്ക് ഒരു രാഷ്ട്രീയ പാർട്ടിയുമായും ബന്ധമില്ല. അവർക്ക് ബന്ധമുള്ളത് കല, ശാസ്ത്രം, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളുമായി മാത്രമാണെന്ന് എനിക്ക് ഉറപ്പുണ്ട് " .

ഇനി വിഷയത്തിലേക്ക് വരാം. നോമിനേറ്റ് ചെയ്യപ്പെട്ട അംഗങ്ങൾക്ക് നോമിനേറ്റ് ചെയ്ത് അവർക്ക് താൽപര്യമുണ്ടെങ്കിൽ 6 മാസത്തിനുള്ളിൽ ഏതെങ്കിലും പാർട്ടിയിൽ ചേരാം. പക്ഷേ മുകളിൽ പറഞ്ഞവരാരെയും നെഹ്റു കോൺഗ്രസിൽ ചേർക്കുകയോ അവർ കോൺഗ്രസ് അംഗത്വം എടുക്കുകയോ ചെയ്തില്ല.

എന്നാൽ നെഹ്റുവിന് ശേഷം അദ്ദേഹത്തിൻ്റെ മകൾ ശ്രീമതി ഇന്ദിരാഗാന്ധി ഈ തത്വങ്ങൾ കാറ്റിൽ പറത്തി. എ.ഐ.സി.സി ജനറൽ സെക്രട്ടറിയും കേന്ദ്ര മന്ത്രിയുമായിരുന്ന മരഗതം ചന്ദ്രശേഖറിനെ മൂന്ന് തവണ സോഷ്യൽ വർക്കർ എന്ന മേലങ്കി അണിയിച്ച് നോമിനേറ്റ് ചെയ്തു. ഇന്ദിരാ ഗാന്ധിയുടെ അടുപ്പക്കാരിയായ നിർമല ദേശ്പാണ്ഡെ, കോൺഗ്രസ് നേതാവും ആസാം മുഖ്യമന്ത്രിയുമായിരുന്ന അൻവറ തൈമൂർ, മണിശങ്കർ അയ്യർ എന്നിങ്ങനെ ആ പട്ടിക നീളുന്നു.

ബി.ജെ.പിയും ഒട്ടും മോശമാക്കിയില്ല. സുബ്രഹ്മണ്യം സ്വാമി, ചന്ദ്രൻ മിത്ര, സ്വപൻ ദാസ് ഗുപ്ത, ഹേമമാലിനി, നവ് ജ്യോത് സിംഗ് സിധു, മുൻ ബിLജെ.പി ലോക്സഭാംഗം റാം ശകൽ, സുരേഷ് ഗോപി തുടങ്ങി നിരവധി പേർ നോമിനേറ്റ് ചെയ്യുന്നതിന് മുമ്പും ശേഷവും ബി.ജെ.പിയിൽ ചേർന്നു. ഇതൊക്കെയും ഭരണഘടനാ ശില്പികളുടെ താൽപര്യത്തിനു വിരുദ്ധമാണെന്ന് ബോധ്യമാണല്ലോ.

എന്നാൽ മുഴുവൻ മലയാളികളുടെയും ഭാരതീയരുടെയും കണ്ണിലുണ്ണിയായ അങ്ങ് ഒരു രാഷ്ട്രീയ പാർട്ടിയിലും അംഗത്വമെടുക്കാതെ ഭരണഘടനാ ശില്പികളുടെ സ്വപ്നത്തിനൊത്തുയർന്ന് ഒരു രാഷ്ട്രീയ പാർട്ടിയിലും അംഗത്വമെടുക്കില്ലെന്ന് പ്രഖ്യാപിക്കാനുള്ള ആർജ്ജവം കാണിക്കണമെന്ന് വിനയപൂർവം അഭ്യർഥിക്കുന്നു. 

Tags:    
News Summary - Saleem Madavoors open letter to PT Usha

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.