തിരുവനന്തപുരം: സംസ്ഥാനത്തെ പ്രതിസന്ധിയിലാക്കുന്ന കേന്ദ്ര നയങ്ങൾക്കെതിരെ നിയമനടപടിക്ക് തീരുമാനിച്ചിരിക്കെ 2000 കോടി രൂപ കൂടി പൊതുവിപണിയിൽനിന്ന് കടമെടുക്കാൻ സർക്കാർ തീരുമാനിച്ചു. ഈ സാമ്പത്തിക വർഷം അനുവദിച്ച പൊതുവിപണിയിലെ കടപരിധിയിൽ 890 കോടിയാണ് ഡിസംബർ വരെ ഇനി ബാക്കിയാവുക. ആഗസ്റ്റിലെ ശമ്പള-പെൻഷൻ വിതരണം സുഗമമാക്കൽ ലക്ഷ്യമിട്ടാണ് കടമെടുപ്പ്.
ആഗസ്റ്റ് ഒന്നിന് കടപ്പത്രത്തിന്റെ ലേലം റിസർവ് ബാങ്കിന്റെ മുംബൈ ഓഫിസിൽ നടക്കും. ജൂലൈയിൽ പല തവണയായി 6000 കോടിയോളം രൂപ കടമെടുത്തിരുന്നു. ഡിസംബർ വരെ 15,390 കോടി രൂപയാണ് അനുവദിച്ചിരുന്നത്. അഞ്ചു മാസം ബാക്കി നിൽക്കെ ഇത് ഏറക്കുറെ എടുത്തു കഴിഞ്ഞു. നടപ്പ് സാമ്പത്തിക വർഷം ആകെ 20,521.33 കോടി പൊതുവിപണിയിൽനിന്ന് കടമെടുക്കാനാണ് കേന്ദ്രാനുമതി. ജനുവരി മുതൽ 5131 കോടി എടുക്കാനാകും.
ഇക്കൊല്ലം കടപരിധിയിൽ വൻ വെട്ടിക്കുറവ് കേന്ദ്രം വരുത്തിയെന്നാണ് സർക്കാറിന്റെ പരാതി. ഇതടക്കം വിഷയങ്ങൾ ഉയർത്തിയാണ് സുപ്രീംകോടതിയെ സമീപിക്കുന്നത്. സംസ്ഥാനത്തിന് റവന്യൂ കമ്മി ഗ്രാന്റ് നൽകുന്നത് കഴിഞ്ഞ വർഷം പൂർത്തിയായിരുന്നു. ഇതു സാമ്പത്തിക ഞെരുക്കമുണ്ടാക്കിയെന്നാണ് വാദം. കേരളത്തിന് 37,811 കോടി രൂപയാണ് റവന്യൂ കമ്മി ഗ്രാന്റായി ലഭിച്ചത്.
സംസ്ഥാനം പോലും ഇത്രയും വലിയ തുക പ്രതീക്ഷിച്ചിരുന്നില്ല. തമിഴ്നാട്, കർണാടകം പോലുള്ള സംസ്ഥാനങ്ങൾക്ക് കേരളത്തെക്കാൾ കുറഞ്ഞ തുകയാണ് ലഭിച്ചത്. കിട്ടിയ ഗ്രാന്റ് പൂർണമായി സംസ്ഥാനം വാങ്ങി. ഗ്രാന്റ് കിട്ടാൻ സംസ്ഥാനം ചൂണ്ടിക്കാണിച്ച പല ചെലവുകളും ഇതുവരെ സംസ്ഥാനം കൊടുത്തു തീർത്തിട്ടില്ല. ഈ ബാധ്യത വൈകാതെ ഏറ്റെടുക്കേണ്ടി വരും.
ഓണത്തിനുള്ള ചെലവുകൾ പൂർത്തിയാക്കാൻ തിരക്കിട്ട ആലോചനകളാണ് ധനവകുപ്പിൽ നടക്കുന്നത്. 700 കോടിയോളം രൂപയാണ് ഇതിനു വേണ്ടത്. ഓണച്ചെലവുകൾക്ക് പിന്നാലെ ശമ്പളവും പെൻഷനും നൽകേണ്ട ബാധ്യതയുമുണ്ട്. അടിയന്തര ചെലവുകൾക്കായി 15,000 കോടി രൂപ അനുവദിക്കണമെന്ന് കേന്ദ്രത്തോട് സംസ്ഥാനം ആവശ്യപ്പെട്ടെങ്കിലും ഇതുവരെ അനുകൂലമായി പ്രതികരിച്ചിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.