തിരുവനന്തപുരം: വയനാട് ദുരന്തവുമായി ബന്ധപ്പെട്ട് സാലറി ചലഞ്ചിൽ സമ്മതപത്രം നൽകിയെങ്കിലും തുക ദുരിതാശ്വാസ നിധിയിലെത്താത്ത സാഹചര്യത്തിൽ പണം പിരിച്ചുനൽകാത്ത സ്ഥാപന മേധാവികളടക്കമുള്ളവരുടെ ശമ്പളം തടഞ്ഞു. സംസ്ഥാനത്തെ 4000 ത്തോളം ഡ്രോയിങ് ആന്റ് ഡിസ്ബേഴ്സങ് ഓഫിസർമാരുടെ (ഡി.ഡി.ഒ) മേയ് മാസത്തെ ശമ്പള ബിൽ തയാറാക്കുന്നതാണ് വൈകുന്നത്. സാലറി ചലഞ്ചിലേക്ക് ലീവ് സറണ്ടർ, പി.എഫ് എന്നിവ വാഗ്ദാനം ചെയ്ത 20,000 ത്തോളം ജീവനക്കാരുടെ വിഹിതം സർക്കാറിലേക്കെത്തിയിരുന്നില്ല.
ലീവ് സറണ്ടർ, പി.എഫ് എന്നിവയുടെ കാര്യത്തിൽ ജീവനക്കാർക്ക് തന്നെ അപേക്ഷ നൽകി തുക ലഭ്യമാക്കുകയും ശേഷം അതത് ഓഫിസുകളിലെ ഡി.ഡി.ഒമാർ ഈ തുക ദുരിതാശ്വാസ നിധിയിലേക്ക് ട്രാൻസ്ഫർ ചെയ്യുകയുമാണ് ചെയ്യേണ്ടത്. ജീവനക്കാർ തങ്ങളുടെ ഭാഗം പൂർത്തീകരിച്ചെങ്കിലും ബന്ധപ്പെട്ട ഡി.ഡി.ഒമാർ ഇവ കൈമാറുന്നതിന് നടപടി സ്വീകരിക്കാത്തതാണ് പണമെത്താത്തതിന് കാരണം.
ഈ സാഹചര്യത്തിലാണ് ഡി.ഡി.ഒമാരുടെ ശമ്പളം തടയുന്നതിലേക്ക് കാര്യങ്ങളെത്തിയത്. ജീവനക്കാർ നടപടി പൂർത്തിയാക്കിയിട്ടും വീഴ്ച വരുത്തുന്ന ഡി.ഡി.ഒമാരുടെ മേയ് മാസത്തെ ശമ്പള ബിൽ തയാറാക്കലിന് സ്പാർക്കിൽ ബുദ്ധിമുട്ട് നേരിടുമെന്ന് നേരത്തെ തന്നെ മുന്നറിയിപ്പ് നൽകിയിരുന്നു. 6000 ഡി.ഡി.ഒമാരാണ് സർക്കാറിന്റെ മുന്നറിയിപ്പ് അവഗണിച്ചത്. ശമ്പളം തടഞ്ഞതോടെ, 2000 പേർ പണം പിടിച്ച് അടക്കാൻ നടപടി സ്വീകരിച്ചു. ഇതോടെ, മൂന്നുദിവസംകൊണ്ട് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ 15 കോടി രൂപയെത്തി. ഇവർക്ക് മേയ് മാസത്തെ ശമ്പളവും നൽകി. ജീവനക്കാർ നൽകിയ സമ്മതപത്രം പി.എഫ് ലോൺ, ലീവ് സറണ്ടർ എന്നിവക്കുള്ള അപേക്ഷയായി പരിഗണിച്ച് തുക വസൂലാക്കാനാണ് തീരുമാനം. ഇക്കാര്യത്തിൽ ജീവനക്കാരിൽ നിന്ന് പ്രത്യേക അപേക്ഷക്കായി കാത്തിരിക്കേണ്ടതില്ല.
സാലറി ചലഞ്ചിൽ സമ്മതപത്രം നൽകിയ പലരും സംഭാവന നൽകിയെന്ന പേരിൽ ആദായനികുതി ഇളവും നേടിയിരുന്നു. പണം നൽകാത്തവരിൽ 5000 ത്തോളം പേർ ഗസറ്റഡ് ഓഫിസർമാരാണ്.
ജീവനക്കാരിൽ നിന്ന് അഞ്ചു ദിവസത്തെ ശമ്പളമാണ് ദുരിതാശ്വാസ നിധിയിലേക്ക് സർക്കാർ ആവശ്യപ്പെട്ടത്. ഇതിൽ സമ്മതമറിയിച്ചവർ 52 ശതമാനമാണ്. ഇതിലേറെ പേരും തിരഞ്ഞെടുത്തത് ശമ്പളത്തിൽ നിന്ന് പിടിക്കലിന് പകരം ലീവ് സറണ്ടറും പി.എഫും. 5.32 ലക്ഷം ജീവനക്കാരാണ് സംസ്ഥാനത്തുള്ളത്. ഇവർ മുഴുവനും സന്നദ്ധമായാൽ 500 കോടി രൂപ ഖജനാവിലെത്തുമെന്നായിരുന്നു സർക്കാർ പ്രതീക്ഷ. ഇതാണ് താളം തെറ്റിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.