കോട്ടയം: വിദേശത്ത് ജോലി ചെയ്ത വകയിൽ ലഭിക്കാനുള്ള ശമ്പളം ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് പ്രവാസി പരാതി പരിഹാര കമ്മിറ്റിക്ക് പരാതി. വാകത്താനം പൊങ്ങന്താനം സ്വദേശിയാണ് പരാതി നൽകിയത്. ഇത് പരിഗണിച്ച കമ്മിറ്റി ഇന്ത്യൻ കോൺസുലേറ്റിന് പരാതി കൈമാറി.
വിസ തട്ടിപ്പുമായി ബന്ധപ്പെട്ട് കാസർകോട് നീലേശ്വരം തൈക്കടപ്രം സ്വദേശി നൽകിയ പരാതി ജില്ല പൊലീസ് മേധാവിക്ക് കൈമാറി. ഇതിൽ നടപടി വിവരം അടിയന്തരമായി അറിയിക്കാൻ പൊലീസിന് കലക്ടർ നിർദേശം നൽകി. കുടുംബപെൻഷൻ അനുവദിക്കാൻ കറുകച്ചാൽ ചമ്പക്കര സ്വദേശിനി നൽകിയ അപേക്ഷയിൽ പെൻഷൻ അനുവദിച്ചതായും തുക ഉടൻ വിതരണം ചെയ്യുമെന്നും പ്രവാസി ക്ഷേമനിധി ബോർഡ് ജില്ല എക്സിക്യൂട്ടിവ് ഓഫിസർ അറിയിച്ചു. കോട്ടയം നഗരസഭ വസ്തു കൈയേറി വഴി നിർമിച്ചെന്ന കോട്ടയം എസ്.എച്ച് മൗണ്ട് സ്വദേശിയുടെ പരാതിയിൽ സ്ഥലത്തിന്റെ അതിർത്തി നിർണയിക്കാൻ താലൂക്ക് സർവേയർക്ക് അപേക്ഷ നൽകാൻ അപേക്ഷകന് കത്തുനൽകി.
അപേക്ഷകന്റെ സ്ഥലം റോഡിന്റെ ഭാഗമായി വന്നിട്ടുണ്ടെങ്കിൽ അതിർത്തി അളന്ന് നിർണയിച്ച് നഗരസഭ കൗൺസിലിനെ ബോധിപ്പിച്ച് അംഗീകാരം നേടി പരാതിക്കാരന് സ്ഥലം കൈവശപ്പെടുത്താവുന്നതാണെന്ന് നഗരസഭ സെക്രട്ടറി റിപ്പോർട്ട് ചെയ്തു.
കലക്ടറേറ്റിൽ നടന്ന കമ്മിറ്റിയിൽ കലക്ടർ വി. വിഘ്നേശ്വരി അധ്യക്ഷത വഹിച്ചു. നാല് പരാതി തീർപ്പാക്കിയതായും മൂന്നെണ്ണത്തിൽ പരാതിക്കാർ ആവശ്യമായ രേഖകൾ നൽകാത്തതിനാൽ തുടർനടപടി സ്വീകരിക്കാനായില്ലെന്നും യോഗം വിലയിരുത്തി. തദ്ദേശ വകുപ്പ് ജോയന്റ് ഡയറക്ടർ ബിനു ജോൺ, സമിതി അംഗങ്ങളായ കെ.ജി. അജിത്, ഫാത്തിമ ഇബ്രാഹിം, എസ്. അനിൽ, ജില്ല ഇൻഫർമേഷൻ ഓഫിസർ എ. അരുൺ കുമാർ, നോർക്ക സെന്റർ മാനേജർ കെ.ആർ. രജീഷ്, പ്രവാസി ക്ഷേമനിധി ഓഫിസ് പ്രതിനിധി കെ.ജെ. വിമി എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.