ആദിവാസികൾക്കായുള്ള സേഫ് പദ്ധതി: 2022-24 ൽ അനുവദിച്ചത് 4572 വീടുകൾ, പൂർത്തിയാക്കിയത് 1287

തിരുവനന്തപുരം: ആദിവാസികൾക്കായുള്ള സേഫ് പദ്ധതി പ്രകാരം 2022-2024 കാലത്ത് അനുവദിച്ചത് 4572 വീടുകൾ. നിർമാണം പൂർത്തിയാക്കിയത് 1287 വീടുകളെന്ന് മന്ത്രി ഒ. ആർ. കേളു നിയമസഭയെ അറിയിച്ചു. അനുവദിച്ചതിൽ ഏതാണ്ട് 28 ശതമാനം വീടുകളുടെ നിർമാണമാണ് പൂർത്തീകരിച്ചത്.

2006 ഏപ്രിൽ ഒന്നിന് ശേഷം ആരംഭിച്ച് പൂർത്തിയാക്കാത്ത പട്ടികവർഗ വിഭാഗങ്ങളുടെ ഭവനപൂർത്തീകരണവും, പുനരുദ്ധാരണവും ലക്ഷ്യമിട്ടു കൊണ്ട് 2.50 ലക്ഷം രൂപ നിരക്കിൽ എസ്റ്റിമേറ്റിന്റെ അടിസ്ഥാനത്തിൽ അനുവദിക്കുന്നതിന് ധനസഹായം സേഫ് പദ്ധതി നടപ്പിലാക്കി.

തിരുവനന്തപുരം : 2022-23 സാമ്പത്തികവർഷം 1500 വീടുകൾ സേഫ് പദ്ധതിയിൽ ഉൾപ്പെടുത്തിയിരുന്നു. അതിൽ 764 വീടുകൾ പദ്ധതി പ്രകാരം പൂർത്തീകരിച്ചു. 2023-24 സാമ്പത്തിക വർഷം 3072 വീടുകളെ പദ്ധതിയിൽ ഉൾപ്പെടുത്തി. അതിൽ 523 വീടുകൾ പദ്ധതി പ്രകാരം പൂർത്തീകരിച്ചു. 2024-25 സാമ്പത്തിക വർഷം ആദ്യ ഘട്ടത്തിൽ 3576 വീടുകളെയും അധികമായി 250 വീടുകളെയും സേഫ് പദ്ധതിയിൽ ഉൾപ്പെടുത്തുന്നതിന് അനുമതി നൽകിയെന്നും മന്ത്രി നിയമസഭയെ അറിയിച്ചു.

ഭൂരഹിതരായ പട്ടികവർഗ കുടുംബങ്ങൾക്ക് വാസയോഗ്യവും കൃഷിയോഗ്യവുമായ ഭൂമി വിലക്ക് വാങ്ങി നൽകുന്ന ലാൻറ് ബാങ്ക് പദ്ധതി, നിക്ഷിപ്ത വനഭൂമി വിതരണം, വനാവകാശ നിയമ പ്രകാരമുള്ള ഭൂമി വിതരണം എന്നീ പദ്ധതികളിലൂടെ ആദിവാസി പുനരധിവാസ വികസന മിഷൻ മുഖേന ഭൂരഹിതരായ പട്ടികവർഗ കുടുംബങ്ങൾക്ക് ഭൂമി നൽകുന്നുണ്ട്. റവന്യൂ ഭൂമി വിതരണതതിലൂടെയും ഭൂരഹിതർക്ക് ഭൂമി ലഭ്യമാക്കുന്നു.

ഈ സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം ലാന്റ് ബാങ്ക് പദ്ധതി പ്രകാരം 260 പേർക്ക് 50.83 ഏക്കർ ഭൂമിയും, നിക്ഷിപ്ത വനഭൂമി വിതരണ പദ്ധതി പ്രകാരം 718 പേർക്ക് 243.80 ഏക്കർ ഭൂമിയും, വനാവകാശ നിയമ പ്രകാരം 2843 പേർക്ക് 3945.86 ഏക്കർ ഭൂമിയും, റവന്യൂ /ഫാം/പ്രോജക്ട് ഭൂമി വിതരണ പദ്ധതി പ്രകാരം 27 പേർക്ക് 20.98 ഏക്കർ ഭൂമിയും വിതരണം ചെയ്തു. ഇത്തരത്തിൽ ആകെ 3848 പേർക്ക് 4261.47 ഏക്കർ ഭൂമി വിതരണം ചെയ്തിട്ടുണ്ട്.

ലാന്റ് ബാങ്ക് പദ്ധതി പ്രകാരം വാങ്ങിയ 52.34 ഏക്കർ ഭൂമി കൂടി വിതരണം ചെയ്യുന്നതിനുള്ള നടപടിയും പദ്ധതി പ്രകാരം സംസ്ഥാനതല ഉന്നതാധികാര കമ്മിറ്റി അംഗീകരിച്ച 6.99 ഏക്കർ ഭൂമി കൂടി വാങ്ങുന്നതിനുള്ള നടപടിയും തുടങ്ങിയെന്ന് പി.വി. ശ്രീനിജൻ, കെ.എൻ. ഉണ്ണിക്കൃഷ്ണൻ, ലിന്റോ ജോസഫ്, എം.എസ്. അരുൺാ കുമാർ എന്നിവർക്ക് മറുപടി നൽകി.   

Tags:    
News Summary - SAFE Scheme for Adivasis: 4572 houses sanctioned in 2022-24 1287 completed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.