അസാധു നോട്ട് കാണിക്കയിടാമെന്ന് മന്ത്രി കടകംപള്ളി

ശബരിമല: 500, 1000 രൂപ നോട്ടുകള്‍ ശബരിമല ക്ഷേത്രത്തിലെ ഭണ്ഡാരത്തില്‍ നിക്ഷേപിക്കാമെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ദേവസ്വം ഗെസ്റ്റ് ഹൗസില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇവിടെ വീഴുന്ന പണം കണക്കില്‍പ്പെടുന്നതാണ്. അതിനാല്‍ പ്രശ്നമില്ല. ഇവിടെ ഇടാന്‍ കഴിയില്ലായെന്ന് കരുതി ആരും അത്തരം നോട്ടുകള്‍ കൊണ്ടുവരാതിരിക്കരുതെന്നും മന്ത്രി നിര്‍ദേശിച്ചു. നോട്ട് പ്രശ്നം ശബരിമലയിലെ വരുമാനത്തെ ബാധിക്കുമെന്നും ആദ്യദിവസം തന്നെ പ്രതീക്ഷിച്ചത്ര ആളുകള്‍ വരാതിരുന്നത് ഇതുകൊണ്ടാണെന്നും മന്ത്രി പറഞ്ഞു.

ശബരിമലയിലേക്കുള്ള എല്ലാ റോഡും കുറ്റമറ്റ രീതിയില്‍ നന്നാക്കിയിട്ടുണ്ട്. ഹൈകോടതി പ്ളാസ്റ്റിക് കുപ്പിവെള്ളം നിരോധിച്ച സാഹചര്യത്തില്‍ ജനങ്ങള്‍ക്ക് കുടിവെള്ളത്തിനായി എല്ലാ സംവിധാനവും ഒരുക്കിയിട്ടുണ്ട്. ശബരിമലയിലെയും പമ്പയിലെയും ആശുപത്രികളില്‍ എല്ലാവിധ മരുന്നും ഡോക്ടര്‍മാരുടെ സേവനവും ഉറപ്പാക്കിയിട്ടുണ്ട്. ശസ്ത്രക്രിയ യൂനിറ്റും ആരംഭിച്ചിട്ടുണ്ട്. ഹൃദയസംബന്ധ രോഗങ്ങളുമായി ബുദ്ധിമുട്ടുന്നവര്‍ക്ക് വേഗം ആശ്വാസമത്തെിക്കാനായി ട്രാക്ടര്‍ പോകുന്ന വഴികളിലൂടെ പ്രത്യേക വാഹന സംവിധാനവും ഒരുക്കും.

ക്രമീകരണങ്ങള്‍ കാര്യക്ഷമമാക്കാനായി മൂന്ന് സബ്കലക്ടര്‍മാരെ പ്രത്യേകമായി നിയമിച്ചിട്ടുണ്ട്. ആലപ്പുഴ സബ്കലക്ടര്‍ ചന്ദ്രശേഖര്‍, മാനന്തവാടി സബ് കലക്ടര്‍ പ്രേംകുമാര്‍, തലശേരി സബ്കലക്ടര്‍ രോഹിത് മീണ എന്നിവര്‍ ഇവിടെയുണ്ടാകും. ശബരിമലയില്‍ വെടിവഴിപാടിന് അനുമതി നല്‍കിയതായും മന്ത്രി അറിയിച്ചു. ഇപ്പോള്‍ എസ്.ബി.സി.ഐ.ഡിയായ രതീഷ് കൃഷ്ണനെ ദേവസ്വംബോര്‍ഡ് ചീഫ് വിജിലന്‍സ് ഓഫിസറായും നിയമിച്ചിട്ടുണ്ട്.

Tags:    
News Summary - sabarimala kadakampally surendran

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.