തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ള കേസിൽ മുൻ എക്‌സിക്യുട്ടിവ് ഓഫിസര്‍ ഡി. സുധീഷ്‍കുമാര്‍ അറസ്റ്റില്‍. വെള്ളിയാഴ്ച കസ്റ്റഡിയിലെടുത്ത് മണിക്കൂറുകൾ ചോദ്യംചെയ്തശേഷം ശനിയാഴ്ച രാവിലെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. റാന്നി കോടതിയില്‍ ഹാജരാക്കി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.
ശബരിമല ശ്രീകോവിലിലെ സ്വര്‍ണപ്പാളി ചെമ്പാക്കാന്‍, കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിക്കും മുൻ അഡ്മിനിസ്‌ട്രേറ്റീവ് ഓഫിസര്‍ മുരാരി ബാബുവിനുമൊപ്പം ഗൂഢാലോചന നടത്തിയെന്നാണ് സുധീഷ്‌കുമാറിനെതിരായ കുറ്റം. ചെമ്പുപാളിയാക്കി രജിസ്റ്ററില്‍ ഉള്‍ക്കൊള്ളിക്കുന്നതില്‍ സുധീഷ്‌കുമാറിന് പങ്കുണ്ടെന്ന് പ്രത്യേക അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. 2019ല്‍ സുധീഷ്‌കുമാര്‍ എക്‌സിക്യൂട്ടീവ് ഓഫിസറായിരിക്കേയാണ് ദ്വാരപാലക ശില്‍പങ്ങളിലെ സ്വര്‍ണപ്പാളി ചെമ്പുപാളിയെന്ന് റിപ്പോര്‍ട്ട് നല്‍കിയത്. പോറ്റിക്ക് സ്വര്‍ണം കടത്താന്‍ ഒത്താശചെയ്തതിലും സുധീഷിന് പങ്കുണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം.
ദേവസ്വം ഭരണസമിതി അംഗങ്ങളും ഉന്നത ഉദ്യോഗസ്ഥരുമടക്കം കൂടുതല്‍പേരെ അടുത്ത ദിവസങ്ങളില്‍ പ്രത്യേക അന്വേഷണ സംഘം ചോദ്യംചെയ്യാൻ വിളിപ്പിക്കുമെന്നാണ് വിവരം. കേസിൽ ഇതുവരെ സുധീഷ്‌കുമാർ അടക്കം മൂന്നുപേര്‍ പിടിയിലായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.