തൃശൂർ: ശബരിമല ഡ്യൂട്ടിചെയ്ത ഒരുവിഭാഗം പൊലീസുകാർക്ക് യാത്രചെലവും അലവൻസും ലഭിച്ചില്ലെന്ന് ആക്ഷേപം. പതിമൂവായിരത്തിലധികം പൊലീസുകാരെ ആറു ടീമുകളാക്കിയാണ് ഡ്യൂട്ടിക്ക് നിയോഗിച്ചിരിക്കുന്നത്. ഓരോ സംഘത്തിലും നാലായിരത്തിലധികം അംഗങ്ങളുണ്ട്. ഇതിൽ നാല് വിഭാഗങ്ങളുടെ ഡ്യൂട്ടി ഇതിനകം പൂർത്തിയായി. മകരവിളക്ക് തീർഥാടനകാലത്തേക്കുള്ള ബാക്കിയുള്ളവർ ചുമതലയേൽക്കുകയും ചെയ്തു.
ഇതിൽ മൂന്ന് ടീമുകളിലുണ്ടായിരുന്നവർക്ക് മാത്രമാണ് യാത്ര ചെലവും അലവൻസുമടക്കം ലഭിച്ചത്. അടിസ്ഥാന ശമ്പളം കണക്കാക്കിയുള്ള ശതമാനത്തിൽ യാത്രചെലവും മെസ് ഫീസ് ഇനത്തിൽ 1100 രൂപ, ബാഗ് അലവൻസ് ഇനത്തിൽ 250 രൂപ എന്നിങ്ങനെയാണ് അനുവദിക്കുക. ഡ്യൂട്ടി ചുമതലപ്പെടുത്തുന്ന ഉദ്യോഗസ്ഥർ റിപ്പോർട്ട് ചെയ്യുന്നതിനനുസരിച്ച് പുറപ്പെടും മുമ്പേ യാത്രാചെലവടക്കം അക്കൗണ്ടിലേക്ക് എത്തുന്നതാണ് സംവിധാനം. ഇതിൽ മെസ് ഫീസായ 1100 രൂപ സർക്കാർ വഹിക്കില്ലെന്നായിരുന്നു ആദ്യ ഉത്തരവ്. ഇതിന്റെ അടിസ്ഥാനത്തിൽ പൊലീസുകാർ തുക സ്വയം എടുത്തു. പിന്നീട് സർക്കാർ ഉത്തരവ് ഭേദഗതി വരുത്തിയതോടെ ആദ്യ മൂന്ന് സംഘങ്ങളിലുള്ളവർക്ക് തുക ലഭിച്ചു. ബാക്കിയുള്ളവരിൽ യാത്രചെലവും അലവൻസും നേരത്തേ തന്നെ കിട്ടുമല്ലോയെന്ന് കണക്കാക്കി ശമ്പള തുക വായ്പക്കും വീട്ടാവശ്യത്തിനും മറ്റുമായി ചെലവഴിച്ചവർക്കാണ് സർക്കാർ നടപടി ഇരുട്ടടിയായത്.
തുക മുൻകൂട്ടി അക്കൗണ്ടിൽ വരാതിരുന്നതോടെ പണം കടം വാങ്ങിയാണ് പത്ത് ദിവസത്തെ ജോലി നിർവഹിച്ചത്.. ജോലി കഴിഞ്ഞ് വീട്ടിലെത്തിയ ചിലർ അസുഖ ബാധിതരായതോടെ ചികിത്സക്കും ബുദ്ധിമുട്ടിലായി.
പണം വരാഞ്ഞതിനെക്കുറിച്ച് അന്വേഷിച്ചപ്പോഴാണ് ആദ്യമനുവദിച്ച ഗഡു മൂന്ന് ടീമുകൾക്ക് മാത്രമാണ് തികഞ്ഞുള്ളൂവെന്നത് അറിഞ്ഞത്. സേനാംഗങ്ങളിൽ അതൃപ്തി പ്രകടമായതോടെ ക്യാമ്പിൽനിന്ന് ഐ.ആർ.ബി, വനിത, സ്പെഷൽ റിക്രൂട്ട്മെൻറ് വിഭാഗങ്ങളെയാണ് ഇപ്പോൾ മകരവിളക്ക് ഡ്യൂട്ടിക്കായി നിയോഗിച്ചിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.