വിപണിയില്‍ പണമത്തെുന്നില്ല;  ഉള്ളത് കടവും വിശ്വാസവും മാത്രം

കൊച്ചി: ബാങ്കും എ.ടി.എമ്മും വെള്ളിയാഴ്ചയോടെ പൂര്‍ണ സജ്ജമാകുമെന്ന് കേന്ദ്രസര്‍ക്കാര്‍ പറഞ്ഞുപറ്റിച്ചതോടെ വിപണിയില്‍ കാര്യങ്ങളാകെ കുഴഞ്ഞുമറിഞ്ഞു. സാമ്പത്തിക മാന്ദ്യകാലത്തെക്കാള്‍ മോശമാണ് കച്ചവടരംഗം. 1000, 500 രൂപ നോട്ടുകള്‍ പിന്‍വലിച്ചതോടെ ഉറങ്ങിയ വിപണി, ബാങ്കുകള്‍ തുറക്കുന്നതോടെ ഉണരുമെന്ന് പ്രതീക്ഷിച്ചെങ്കിലും കച്ചവടം കൂടുതല്‍ മാന്ദ്യത്തിലേക്ക് നീങ്ങുന്നതിനാണ് വെള്ളിയാഴ്ചയും സാക്ഷിയായത്. കടം നല്‍കാന്‍ തയാറാകുന്ന വ്യപാരികള്‍ക്ക് മാത്രമാണ് അല്‍പമെങ്കിലും കച്ചവടമുള്ളത്. 

ഇപ്പോള്‍ നടക്കുന്ന കച്ചവടത്തിലധികവും കടമാണെന്ന് എറണാകുളം മാര്‍ക്കറ്റിലെ സ്റ്റാള്‍ ഓണേഴ്സ് അസോസിയേഷന്‍ പ്രസിഡന്‍റ് അഷ്റഫ് ‘മാധ്യമ’ത്തോട് പറഞ്ഞു. പച്ചക്കറി വ്യാപാരം 40 ശതമാനമായി കുറഞ്ഞു. സ്ഥിരം ഉപഭോക്താക്കള്‍ക്ക് കടം നല്‍കുന്നതിനാലാണ് 40 ശതമാനമെങ്കിലും കച്ചവടം നടക്കുന്നത്. തമിഴ്നാട്ടില്‍നിന്ന് സാധനങ്ങള്‍ കയറ്റിയയക്കുന്നവരോട് അധികദിവസം കടം  പറയാനാകില്ല. ഏതാനും ദിവസത്തിനകം ബാങ്കുകളില്‍നിന്നുള്ള പണവിതരണം നേരെയായില്ളെങ്കില്‍ വിപണി പൂര്‍ണമായി സ്തംഭിക്കുമെന്നും അദ്ദേഹം വിശദീകരിച്ചു.

ഇപ്പോള്‍ ക്രഡിറ്റ് ബില്‍ മാത്രമാണ് അടിക്കുന്നതെന്ന് പലവ്യഞ്ജന വ്യാപാരികളുടെ സംഘടനയായ ഗ്രെയിന്‍ മര്‍ച്ചന്‍റ്സ് അസോസിയേഷന്‍ ഭാരവാഹികളും വ്യക്തമാക്കുന്നു. കട തുറക്കുന്നുവെന്നെയുള്ളൂ എന്നും കച്ചവടം വളരെ കുറവാണെന്നും ഇവര്‍ പറയുന്നു. സ്ഥിരം ഉപഭോക്താക്കള്‍ക്ക് കടം നല്‍കുന്നുണ്ട്. ഉറപ്പിനായി ചിലരില്‍നിന്ന് ചെക്കും വാങ്ങുന്നുണ്ട്. ലോഡുമായി വരുന്ന ലോറിക്കാര്‍ക്ക് വാടക നല്‍കാന്‍ പോലും പണം പിരിഞ്ഞുകിട്ടാത്ത അവസ്ഥയാണെന്നും ഇവര്‍  വിശദീകരിക്കുന്നു. 

അതേസമയം, ബാങ്കുകള്‍ കൃത്യമായി പ്രവര്‍ത്തിക്കുകയും മാറ്റിനല്‍കുമെന്ന് പറഞ്ഞ 4000 രൂപ വീതമെങ്കിലും ജനങ്ങള്‍ക്ക് നല്‍കുകയും ചെയ്താല്‍ കാര്യങ്ങള്‍ കുറേയൊക്കെ മെച്ചപ്പെടുമെന്ന് ഗ്രെയിന്‍ മര്‍ച്ചന്‍റ്സ് അസോസിയേഷന്‍ പ്രസിഡന്‍റ് എ.പി. ജോണ്‍ വിശദീകരിച്ചു. മീനുമായി എത്തുന്ന വള്ളങ്ങള്‍ക്ക് ഡീസലടിക്കാനോ തൊഴിലാളികള്‍ക്ക് ബാറ്റ നല്‍കാനോ കഴിയാത്ത അവസ്ഥയാണ് മൊത്തക്കച്ചവടക്കാര്‍ നേരിടുന്നതെന്ന് ഫിഷ് മര്‍ച്ചന്‍റ്സ് അസോസിയേഷന്‍ ഭാരവാഹി കെ.സി. ജയന്‍ വിശദീകരിക്കുന്നു. 

മീനിന് വില കുറഞ്ഞിട്ടുമില്ല. മൊത്തക്കച്ചവടക്കാരില്‍നിന്ന് സ്ഥിരമായി വാങ്ങുന്ന ഹോട്ടലുകള്‍, സ്ഥാപനങ്ങള്‍, ചില്ലറ വില്‍പനക്കാര്‍ എന്നിവര്‍ക്ക് കടമായി നല്‍കുന്നുണ്ട്. ഇത് തിരിച്ചുകിട്ടിയാലെ മീന്‍പിടിത്ത വള്ളങ്ങള്‍ക്കും തൊഴിലാളികള്‍ക്കും മറ്റും കണക്കുതീര്‍ത്ത് പണം നല്‍കാന്‍ കഴിയൂ. കടലില്‍ പോകുന്ന വള്ളങ്ങള്‍ക്ക് ഡീസലടിക്കാനും നിത്യച്ചെലവിനും പണം മുന്‍കൂര്‍ നല്‍കുകയും വേണം. അതിന് വഴിയില്ലാത്ത അവസ്ഥയിലാണ് മത്സ്യവിപണന രംഗം. 
ഓട്ടം പകുതിയായതിന്‍െറ വേവലാതിയിലാണ് ഓട്ടോത്തൊഴിലാളികള്‍. നേരത്തേ കുറഞ്ഞദൂര യാത്രക്ക് ഓട്ടോയെ ആശ്രയിച്ചിരുന്നവര്‍ ഇപ്പോള്‍ കൈയിലുള്ള പരിമിത തുക നിയന്ത്രിച്ച് ചെലവാക്കുന്നതിന്‍െറ ഭാഗമായി യാത്ര ബസിലാക്കിയിരിക്കുകയാണ്. ഓട്ടോയില്‍ കയറാന്‍ അഞ്ഞൂറിന്‍െറ നോട്ടുമായാണ് എത്തുന്നത്. 

Tags:    
News Summary - rupee ban

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.