കർഷകരുടെ കണക്ക് തെറ്റിച്ച് റബർ വില താഴേക്ക്; കാരണമിതാണ്

കോട്ടയം: വില ഉയരുമെന്ന കർഷകരുടെ കണക്കുകൂട്ടലുകൾ തെറ്റിച്ച് റബർ വില താഴേക്ക്. ആർ.എസ്‌.എസ്‌ നാല് റബറിന്‌ കിലോക്ക് കഴിഞ്ഞയാഴ്‌ച 172 രൂപയായിരുന്നു. എന്നാൽ, തിങ്കളാഴ്ച ഇത് 167 രൂപയിലേക്ക് താഴ്‌ന്നു. ഒരുമാസംമുമ്പ്‌ വില 180 രൂപവരെയെത്തിയിരുന്നു. ഉൽപാദനം സജീവമാകാത്തതിനാൽ വില ഉയരുമെന്നായിരുന്നു കർഷകരുടെ പ്രതീക്ഷ.

വൻകിട കമ്പനികൾ റബർ വാങ്ങാതെ വിട്ടുനിൽക്കുന്നതാണ് വിലകുറയാൻ പ്രധാനകാരണം. ടാപ്പിങ് സജീവമാകുന്നതോടെ കൂടുതൽ റബർ വിപണിയിലെത്തുമെന്ന കണക്കുകൂട്ടലിൽ വില പരമാവധി താഴ്‌ത്തിവാങ്ങാൻ ലക്ഷ്യമിട്ടാണ് ടയർകമ്പനികളുടെ വിട്ടുനിൽക്കൽ നീക്കം. ഈസ്റ്റര്‍, വിഷു ആഘോങ്ങള്‍ക്കായി കര്‍ഷകര്‍ കൈയിലിരുന്ന റബർ വലിയതോതിൽ വിറ്റഴിച്ചിരുന്നു.

കുറഞ്ഞവിലയ്ക്കും വിൽക്കാൻ കർഷകർ നിർബന്ധിതരായി. ഇതും കമ്പനികൾ മുതലെടുത്തു. തുടർച്ചയായി പെയ്യുന്ന മഴയും കർഷകർക്ക് വെല്ലുവിളിയായി. വൻകിട വ്യാപാരികൾ ഏപ്രിൽ, മേയ്‌ മാസങ്ങളിലേക്ക്‌ റബർ ശേഖരം കരുതിവെക്കാറുണ്ട്‌. മഴ തുടർച്ചയായി പെയ്യുന്നത്‌ ശേഖരിച്ച ഷീറ്റ് റബറിന്‍റെ ഗുണനിലവാരത്തെ ബാധിക്കുമെന്നതിനാൽ വ്യാപാരികൾ ഇത്‌ വിപണിയിലെത്തിച്ചത്‌ വിലയിടിവിന്‌ കാരണമായി.

നവംബർ,ഡിസംബർ മാസങ്ങളിൽ ലാറ്റക്‌സ്‌ വില ഉയർന്ന നിലയിലായിരുന്നു. ഇതിൽ മാറ്റം വന്നതോടെ കർഷകരിൽ പലരും ഷീറ്റാക്കി വിൽക്കാൻ തുടങ്ങി. അതിനിടെ, ടാപ്പിങ് പൂർണതോതിലാക്കാമെന്ന കർഷകരുടെ പ്രതീക്ഷകളും താളംതെറ്റിയ. വേനല്‍ മഴ ശക്തമായ സാഹചര്യത്തില്‍ ടാപ്പിങ്ങ് പുനരാരംഭിക്കാമെന്ന പ്രതീക്ഷയിലായിരുന്നു കര്‍ഷകര്‍.

എന്നാല്‍, എല്ലാ ദിവസവും വൈകീട്ട് അതിശക്ത മഴ പെയ്യുന്നതിനാല്‍ ഇത് സാധ്യമായിട്ടില്ല. മഴ തുടരുന്നതിനാൽ പ്ലാസ്റ്റിക് ഒട്ടിക്കുന്നതടക്കാനുള്ള തയാറെടുപ്പുകളും കർഷകർ തുടങ്ങിയിട്ടുണ്ട്. എന്നാല്‍, പ്ലാസ്റ്റികും പശയും അടക്കമുള്ള വസ്തുക്കളുടെ വിലക്കയറ്റം കര്‍ഷകരെ പിന്നോട്ടു നയിക്കുകയാണ്.

പശക്കും പ്ലാസ്റ്റിക്കിനും 35 ശതമാനം വില ഉയര്‍ന്നു. 25 കിലോയുടെ ഒരു കുറ്റി പശക്ക് നേരത്തേ 1125 രൂപയായിരുന്നുവെങ്കില്‍ ഇപ്പോള്‍ 1480 രൂപയായി. പ്ലാസ്റ്റിക് വില കിലോക്ക് 180 രൂപയായി. കഴിഞ്ഞ സീസണില്‍ 150 രൂപയായിരുന്നു. ചില്ലിനും ടാപ്പിങ്ങ് കത്തിക്കും 20 ശതമാനം വരെയാണ് വിലക്കയറ്റം. സാധാരണ ഈ സമയങ്ങളില്‍ മലയോരത്തെ തോട്ടങ്ങളില്‍ 60-75 ശതമാനംവരെ ജോലികള്‍ പൂര്‍ത്തിയാകുന്നതാണ്.

എന്നാല്‍, ഇത്തവണ കര്‍ഷകര്‍ റെയിന്‍ ഗാര്‍ഡിങ്ങിലെ ചെലവു വര്‍ധനയോര്‍ത്ത് മടിച്ചു നില്‍ക്കുകയാണ്. റബറിന് വളപ്രയോഗം നടത്തേണ്ട കാലമാണിതെങ്കിലും രാസ, ജൈവ വിലയിലെ വര്‍ധനയും കര്‍ഷകര്‍ക്ക് ദോഷകരമായി. ചാണകത്തിന്‍റെ വില വര്‍ധിച്ചതും പലയിടങ്ങളിലും കിട്ടാനില്ലാത്തതും വളപ്രയോഗം വൈകുന്നതിന് കാരണമാകുന്നുണ്ട്.

സബ്സിഡി നൽകിയില്ല; റബര്‍ ഉൽപാദക സംഘങ്ങൾക്ക് തിരിച്ചടി

കോട്ടയം: റബർ ബോർഡിന്‍റെ വാക്ക് വിശ്വസിച്ച റബറുൽപാദക സംഘങ്ങൾക്ക് തിരിച്ചടി. ഉൽപാദന വര്‍ധന ലക്ഷ്യമാക്കി റബര്‍ ബോര്‍ഡ് ആവിഷ്‌കരിച്ച റെയിന്‍ ഗാര്‍ഡിങ്, സ്‌പ്രേയിങ് പദ്ധതിയുടെ ഭാഗമായവരാണ് ദുരിതത്തിലായിരിക്കുന്നത്. ഒരു ഹെക്ടര്‍ സ്ഥലത്ത് റെയിന്‍ ഗാര്‍ഡ് ചെയ്യുന്നതിന് 5000 രൂപയും സ്‌പ്രേയിങ്ങിന് 7500 രൂപയും സബ്‌സിഡി നൽകുമെന്നായിരുന്നു റബര്‍ ബോര്‍ഡ് വാഗ്ദാനം. ഉല്‍പാദക സംഘങ്ങളുടെ നേതൃത്വത്തിൽ പദ്ധതി നടപ്പാക്കാനായിരുന്നു നിർദേശം.

സബ്സിഡി ലഭിക്കുമെന്നതിനാൽ കൂടുതൽപേർ പദ്ധതിയുടെ ഭാഗമായിരുന്നു. സാമഗ്രികള്‍ റബര്‍ ബോര്‍ഡിനുകൂടി പങ്കാളിത്തമുള്ള കമ്പനികളില്‍നിന്നും വാങ്ങി അവയുടെ ബില്ലുകളും ഗുണഭോക്താക്കളുടെ വ്യക്തിഗത അപേക്ഷകളും കരം അടച്ച രസീതിന്‍റെ കോപ്പികളും കൂടി നല്‍കി.

മാര്‍ച്ച് 31നുമുമ്പ് പണം റബര്‍ ഉൽപാദകസംഘങ്ങളുടെ (ആര്‍.പി.എസ്) അക്കൗണ്ടില്‍ നല്‍കുമെന്നുമായിരുന്നു ബോര്‍ഡിന്‍റെ വാഗ്ദാനം. ഇതനുസരിച്ച് ആര്‍.പി.എസുകള്‍ കര്‍ഷകരില്‍നിന്ന് എണ്ണം ശേഖരിച്ച് സാമഗ്രികള്‍ വാങ്ങി ബില്ല് സമര്‍പ്പിച്ചെങ്കിലും വാഗ്ദാനം ചെയ്ത സബ്‌സിഡി തുക റബര്‍ബോര്‍ഡ് നല്‍കിയിട്ടില്ല. 15 കോടിയിലേറെ രൂപയെങ്കിലും കര്‍ഷകരുടെ പക്കല്‍നിന്ന് ആര്‍.പി.എസ് മുഖേന വാങ്ങിയിട്ടുണ്ടെന്നാണ് കണക്ക്.

Tags:    
News Summary - Rubber prices fall as farmers miscalculate

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.