കൊച്ചി: വരാപ്പുഴയിൽ ശ്രീജിത്ത് എന്ന യുവാവ് കസ്റ്റഡി മർദനത്തെ തുടർന്ന് മരിച്ച സംഭവത്തിൽ പ്രതികളായ മൂന്ന് റൂറൽ ടൈഗർ ഫോഴ്സ് (ആർ.ടി.എഫ്) ഉദ്യോഗസ്ഥർക്ക് ഹൈകോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചു. റൂറൽ എസ്.പി രൂപം നൽകിയ ആർ.ടി.എഫിലെ അംഗങ്ങളായിരുന്ന സന്തോഷ് കുമാർ, ജിതിൻ രാജ്, സുമേഷ് എന്നിവർക്കാണ് സിംഗിൾബെഞ്ച് ജാമ്യം അനുവദിച്ചത്.
രണ്ട് ലക്ഷം രൂപയുടെ സ്വന്തവും തുല്യ തുകയുള്ള മറ്റ് രണ്ട് പേരുടെയും ബോണ്ട് കെട്ടിവെക്കണം. കേസിെൻറ ആവശ്യത്തിനല്ലാതെ എറണാകുളം ജില്ലയിൽ പ്രവേശിക്കരുത്, തിങ്കൾ, വെള്ളി ദിവസങ്ങളിൽ അന്വേഷണ ഉദ്യോഗസ്ഥനു മുന്നിൽ ഹാജരാകണം എന്നിവയാണ് ജാമ്യ വ്യവസ്ഥകൾ. ശ്രീജിത്തിെൻറ കസ്റ്റഡി മർദനവും മരണവും സംബന്ധിച്ച കേസിലെ ആദ്യ മൂന്ന് പ്രതികളാണ് ഇവർ.
ശ്രീജിത്തിനെ വീട്ടിൽനിന്ന് പിടിച്ചിറക്കി കൊണ്ടുപോയത് ഇവരാണ്. പിടികൂടിയത് മുതൽ മർദിച്ചത് ഇവരാണെന്ന സാക്ഷിമൊഴികളുടെയും മറ്റും അടിസ്ഥാനത്തിലാണ് പ്രത്യേക അന്വേഷണ സംഘം ഇവരെ അറസ്റ്റ് ചെയ്തത്. ഏപ്രിൽ 18 മുതൽ ജുഡീഷ്യൽ കസ്റ്റഡിയിലാണ്. കേസിലെ മറ്റ് പ്രതികളായ മുൻ എസ്. ഐ ദീപക്ക്, സി.ഐ ക്രിസ്‌പിൻ സാം എന്നിവർക്ക് നേരത്തേ ജാമ്യം ലഭിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.