കരിപ്പൂരിൽ റെസ നവീകരണം: 484 കോടിയുടെ ഭരണാനുമതി

കോഴിക്കോട്: കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിലെ റെസ നവീകരണത്തിനായി എയർപോർട്സ് അതോറിറ്റി ഓഫ് ഇന്ത്യ ബോർഡിന്‍റെ ഭരണാനുമതി. 484.57 കോടി രൂപയാണ് ഇരു വശങ്ങളിലെയും റെസ നവീകരണത്തിനായി അനുവദിച്ചത്. നേരത്തെ ചർച്ച ചെയ്തതിൽ നിന്നും വ്യത്യസ്തമായി എയർപോർട്ട്സ് അതോറിറ്റി തന്നെ റെസ നിർമാണ പ്രവർത്തനങ്ങളും നടത്തും. സംസ്ഥാന സർക്കാർ ഭൂമി ഏറ്റെടുക്കൽ നടപടി പൂർത്തിയാക്കിയ ശേഷം നിർമ്മാണ പ്രവർത്തനങ്ങൾ നടത്തും.

റെസ നവീകരണം, ഐ.എൽ.എസ് ഉൾപ്പടെയുള്ള കമ്മ്യൂണിക്കേഷൻ ആൻഡ് നാവിഗേഷൻ സംവിധാനങ്ങളുടെ മാറ്റി സ്ഥാപിക്കൽ, ഡ്രൈനേജ് സിസ്റ്റം, റെസയുമായി ബന്ധപ്പെട്ട മറ്റ് അനുബന്ധ സംവിധാനങ്ങളുടെ വർക്കുകൾ എന്നിവയെല്ലാം ഉൾപ്പെടുന്നതാണ് പദ്ധതി എന്ന് എയർപോർട്സ് അതോറിറ്റി ഓഫ് ഇന്ത്യ ഹെഡ് ക്വർട്ടേഴ്സിൽനിന്ന് അറിയിച്ചതായി എം.കെ രാഘവൻ എം.പി ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞു.

ഭൂമി ഏറ്റെടുക്കുന്ന നടപടിക്രമങ്ങൾ മുന്നോട്ട് പോകുന്ന സാഹചര്യത്തിൽ, അത് പൂർത്തിയാകുന്നത് വരെ റെസ നിർമ്മാണ പ്രവർത്തനങ്ങൾ തുടങ്ങുന്നതിനായി കാത്തിരിക്കുന്നതിന് പകരം, റെസ നിർമാണ പ്രവർത്തങ്ങളുടെ പ്രാഥമിക നടപടികൾ ആരംഭിക്കണമെന്ന് നേരത്തെ വ്യോമയാന മന്ത്രിയോടും അതോറിറ്റി ചെയർമാനോടും ആവശ്യപ്പെട്ടിരുന്നു. ഭൂമി ഏറ്റെടുക്കുന്നതിനുള്ള ഫോറം 11 നോട്ടിഫിക്കേഷൻ പ്രസിദ്ധീകരിച്ചതിനാലും, എസ്റ്റിമേറ്റ് തുകക്ക് ഭരണാനുമതിയായതിനാലും നിർമാണ പ്രവർത്തങ്ങളുടെ പ്രാഥമിക നടപടികൾ ആരംഭിക്കണമെന്ന് വീണ്ടും മന്ത്രിയോടും അതോറിറ്റി ചെയർമാനോടും ആവശ്യപ്പെടുമെന്നും എം.പി അറിയിച്ചു.

റെസ സംബന്ധമായ ഭൂമി ഏറ്റെടുക്കലിനുള്ള സാമൂഹ്യാഘാത പഠന റിപ്പോർട്ട് സമർപ്പിച്ചതിന് ശേഷം ഭൂ ഉടമകൾക്കുള്ള നഷ്‌ട പരിഹാരം നൽകി ഭൂമി ഏറ്റെടുക്കുന്നതിനുള്ള ഫോറം 11 പ്രസിദ്ധീകരിച്ചിരിക്കുകയാണ്. ഇപ്പോൾ ഭൂ ഉടമകൾക്കുള്ള ക്ലെയിം ആൻഡ് ഒബ്ജക്ഷൻ പീരീഡ്‌ ആണ്. ശേഷം സർവേ ഉൾപ്പടെയുള്ള നടപടികൾ പൂർത്തിയാക്കി ഭൂമി ഏറ്റെടുത്ത് എയർപോർട്ട്സ് അതോറിറ്റിക്ക് കൈമാറുമെന്ന് ഡെപ്യൂട്ടി കലക്‌ടർ അറിയിച്ചെന്നും എം.പി ഫേസ്ബുക്കിൽ അറിയിച്ചു.

Tags:    
News Summary - Rs 484 crore sanctioned for Kozhikode Airport Resa

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.