മാ​ധ​വ​ൻ നാ​യ​ർ, ആ​നി ബെ​സ​ന്‍റ്​, മ​ഞ്ചേ​രി രാ​മ​യ്യ​ർ, ആ​ലി മു​സ്​​ലി​യാ​ർ

ഇന്ത്യൻ സ്വാതന്ത്ര്യത്തിൽ മഞ്ചേരിയുടെ പങ്ക്

മഞ്ചേരി: ചരിത്രഭൂമികയായ മഞ്ചേരിക്കും പറയാനുണ്ട് പോരാട്ടങ്ങളുടെ കഥ. 18ാം നൂറ്റാണ്ടിന്‍റെ അവസാനത്തിൽ നാടിന്‍റെ സ്വാതന്ത്ര്യം വീണ്ടെടുക്കാനായി അത്തൻ കുരിക്കൾ പഴശ്ശിരാജ അടക്കമുള്ളവരുടെ കൂടെക്കൂടി പോരിനിറങ്ങി. 1801ൽ പെരിന്തൽമണ്ണക്കടുത്തുള്ള മപ്പാട്ടുക്കരയിൽ അനുയായികൾക്ക് പരിശീലനം കൊടുക്കുന്ന സമയത്ത് ബ്രിട്ടീഷ് ഉദ്യോഗസ്ഥനായ വാട്സന്‍റെ നേതൃത്വത്തിൽ നടന്ന പോരാട്ടത്തിൽ കുരിക്കൾ രക്തസാക്ഷിയായി. ഇദ്ദേഹത്തിന്‍റെ തലമുറയിൽപ്പെട്ട അത്തൻ കുരിക്കൾ നാലാമൻ മഞ്ചേരിയിൽ 1849 ആഗസ്റ്റ് മാസത്തിൽ ആദ്യം ജന്മിമാരോടും ബ്രിട്ടീഷ് പട്ടാളത്തോടും പൊരുതി രക്തസാക്ഷിയായി.

ഈ പോരാട്ടത്തിൽ കൊല്ലപ്പെട്ട ബ്രിട്ടീഷ് സൈനിക ഓഫിസർ എൻസൈൻ വൈസിന്‍റെ ശവകുടീരം ഇന്നും മഞ്ചേരി ബോയ്സ് ഹൈസ്കൂളിൽ കാണാം. 1896ൽ ചെമ്പ്രശ്ശേരിയിൽ കുടിയൊഴിപ്പിക്കലിനെതിരെ നടന്ന ജന്മിത്ത വിരുദ്ധ പോരാട്ടത്തിൽ 93 ആളുകൾ രക്തസാക്ഷികളായി. മഞ്ചേരിയിലെ കുന്നത്തമ്പലത്തിൽ തമ്പടിച്ച പോരാളികളെ ബ്രിട്ടീഷ് പട്ടാളത്തിന്‍റെ നേതൃത്വത്തിൽ യന്ത്രത്തോക്കുകൾ ഉപയോഗിച്ച് നേരിടുകയായിരുന്നു. ഇതിൽ പങ്കെടുത്തവരുടെ ഉറ്റവരായിരുന്നു പിന്നീട് 1921ൽ മലബാർ സമരത്തിൽ പങ്കെടുത്തത്. ഈ പോരാട്ടങ്ങളെ കുറിച്ചുള്ള പുതിയ വിവരങ്ങൾ ചെറുകുളം സ്വദേശിയും ചരിത്രഗവേഷകനുമായ കെ. നവാസ് കണ്ടെത്തിയിരുന്നു.

1920 ഏപ്രിൽ 28, 29 ദിവസങ്ങളിൽ കോൺഗ്രസ് സമ്മേളനത്തിനും മഞ്ചേരി വേദിയായി. സമ്മേളനത്തിലെ സംഘാടകനായിരുന്ന എം.പി. നാരായണ മേനോൻ, മഞ്ചേരി രാമയ്യർ, കട്ടിലശ്ശേരി മുഹമ്മദ് മുസ്‌ലിയാർ എന്നിവർ പ്രധാനികളായിരുന്നു.ജന്മികളും കൂലിപ്പണിക്കാരും കർഷകരും നാടുവാഴികളുമെല്ലാമായി ജനക്കൂട്ടം മഞ്ചേരിയിൽ എത്തിയിരുന്നു. ആനി ബെസന്‍റ് ഈ സമ്മേളനത്തിൽ പങ്കെടുത്തിരുന്നു. ഭരണപരിഷ്കാരങ്ങളുമായി ബന്ധപ്പെട്ട പ്രമേയം കെ.പി. രാമൻ അവതരിപ്പിച്ചപ്പോൾ പകരമായി ആനി ബെസന്‍റ് ഭേദഗതി പ്രമേയം കൊണ്ടുവരുകയും ചെയ്തു.

സമ്മേളനത്തിൽ പങ്കടുത്ത എം.കെ. ആചാര്യ, മഞ്ചേരി രാമയ്യർ പോലെയുള്ളവർ പ്രമേയത്തെ പിന്തുണച്ചു. എന്നാൽ, ഈ ഭേദഗതി പ്രമേയം പരാജയപ്പെട്ടതിനെത്തുടർന്ന് ആനി ബെസന്‍റ് സമ്മേളനത്തിൽനിന്ന് ഇറങ്ങിപ്പോയി. കുടിയാൻ സംരക്ഷണനിയമം മഞ്ചേരി സമ്മേളനത്തിൽ പാസാക്കുകയും ചെയ്തു. മഞ്ചേരി പാളിയപറമ്പ് മൈതാനമാണ് (ഇന്നത്തെ ബോയ്സ് സ്കൂൾ ഗ്രൗണ്ട്) സമ്മേളനത്തിന് വേദിയായത്.

ഏറനാട്ടിലെ ബ്രിട്ടീഷ് വിരുദ്ധ ചേരിയിൽ നെല്ലിക്കുത്ത് ആലി മുസ്ലിയാർ, വാരിയൻകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി, ചെമ്പ്രശ്ശേരി തങ്ങൾ തുടങ്ങിയവർ മുൻനിരയിലുണ്ടായിരുന്നു. മഞ്ചേരിയിലും പരിസര പ്രദേശങ്ങളിലും ശക്തമായ പോരാട്ടമാണ് ബ്രിട്ടനെതിരെയും ജന്മിമാർക്കെതിരെയും നടന്നത്. ആനക്കയത്തെ ചേക്കുട്ടി പൊലീസിന്‍റെ വധവും മുടിക്കോട് പൊലീസ് സ്റ്റേഷൻ ആക്രമണവും പൂക്കോട്ടൂർ യുദ്ധവും പാണ്ടിക്കാട് നടന്ന ചന്തപ്പുര ആക്രമണവുമെല്ലാം മലബാറിൽ നടന്ന സമരപോരാട്ടത്തിന്‍റെ ഏടുകളാണ്.

മഞ്ചേരി കോൺഗ്രസ് സമ്മേളന മുഖ്യ സംഘാടകനും ഖിലാഫത്ത് നിസ്സഹകരണ പ്രസ്ഥാനത്തിനുവേണ്ടി അറസ്റ്റ് വരിക്കുകയും ചെയ്ത കെ. മാധവൻ നായരെ പോലുള്ളവർ മഞ്ചേരിയുടെ സ്വാതന്ത്ര്യ സമര ചരിത്രത്തിൽ എന്നും ഓർമിക്കുന്ന മുഖമാണ്. മഞ്ചേരി അരുകിഴായയിൽ ജീവിക്കുകയും വൈദ്യശാസ്ത്ര പഠനത്തിനു ശേഷം സുഭാഷ് ചന്ദ്രബോസിന്‍റെ ഇന്ത്യൻ നാഷനൽ ആർമിയിൽ ചേരുകയും ജയിൽശിക്ഷ ഏറ്റുവാങ്ങുകയും ചെയ്ത മേജർ ഡോ. ടി.പി. സുന്ദരം, കാവുങ്ങൽ നാരായണൻ, മഞ്ചേരി മേലാക്കത്ത് ജീവിക്കുകയും സ്വദേശി പ്രസ്ഥാനത്തിന്‍റെ പ്രചാരകനും, ബ്രിട്ടനെതിരെയുള്ള സമരത്തിൽ അറസ്റ്റ് വരിക്കുകയും ബെല്ലാരി ജയിലിൽ തടവുശിക്ഷ അനുഭവിക്കുകയും ചെയ്ത കീഴ്‌വീട്ടിൽ രാമുണ്ണി നായർ, എ.സി. പൊന്നുണ്ണിരാജ, മഞ്ചേരി ആർ. സുബ്രഹ്മണ്യം എന്നിവരെല്ലാം ജ്വലിച്ചുനിൽക്കുന്ന വ്യക്തിത്വങ്ങളാണ്.

Tags:    
News Summary - Role of Mancheri in Indian Independence

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.