തങ്കശേരി കടപ്പുറത്ത് രാഹുൽ ഗാന്ധി മത്സ്യത്തൊഴിലാളികളെ അഭിസംബോധന ചെയ്യുന്നു

മത്സ്യത്തൊഴിലാളികളുമായി സംവദിച്ചും സംസ്ഥാന സർക്കാറിനെ വിമർശിച്ചും രാഹുൽ ഗാന്ധി

കൊല്ലം: മത്സ്യത്തൊഴിലാളികൾ നേരിടുന്ന തൊഴിൽ പ്രതിസന്ധി മനസിലാക്കാൻ അവരുമായി സംവദിച്ചും സംസ്ഥാന സർക്കാറിന്‍റെ നയങ്ങളെ വിമർശിച്ചും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി എം.പി. മത്സ്യത്തൊഴിലാളികളെ നശിപ്പിക്കാനുള്ള ട്രോളർ വാങ്ങാനാണ് കേരള സർക്കാർ ശ്രമിക്കുന്നതെന്ന് രാഹുൽ കുറ്റപ്പെടുത്തി. ട്രോളറുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാർ എന്താണ് ചെയ്യുന്നതെന്ന് പഠിക്കാൻ ആഗ്രഹിക്കുന്നതായും രാഹുൽ വ്യക്തമാക്കി. കൊല്ലം തങ്കശേരി കടപ്പുറത്ത് 1000 മത്സ്യത്തൊഴിലാളികളുമായാണ് രാഹുൽ സംവദിച്ചത്.

ദിനംപ്രതി വർധിക്കുന്ന ഇന്ധനവില മത്സ്യത്തൊഴിലാളികളുടെ ജീവിതം ദുരിതത്തിലാക്കി. മത്സ്യത്തൊഴിലാളികളുടെ കഠിനാധ്വാനത്തിന്‍റെ ഫലം പോകുന്നത് മൂന്നോ നാലോ പേരുടെ പോക്കറ്റിലാണ്. അത് തൊഴിലാളികളുടെ കൈയിൽ തിരിച്ചു വരുന്നതിനായി താൻ പ്രവർത്തിക്കുമെന്നും രാഹുൽ ചൂണ്ടിക്കാട്ടി.


യു.ഡി.എഫ് അധികാരത്തിലേറിയാൽ മത്സ്യത്തൊഴിലാളികൾക്ക് മേൽ ചുമത്തുന്ന നികുതിയിൽ 5 ശതമാനം ഇളവ് അനുവദിക്കും. തൊഴിലാളികൾക്ക് നൽകുന്ന ഉറപ്പ് യു.ഡി.എഫ് നടപ്പാക്കും. തൊഴിലാളികളുമായി കോൺഗ്രസ് നേതാക്കൾ സംവദിക്കുമെന്നും രാഹുൽ പറഞ്ഞു.

മത്സ്യത്തൊഴിലാളികളെ പരിഗണിക്കുന്ന പ്രകടനപത്രിക തയാറാക്കും. മത്സ്യത്തൊഴിലാളികൾക്ക് വേണ്ടി പ്രത്യേക മന്ത്രാലയം ഉണ്ടാകണമെന്ന് ആഗ്രഹിക്കുന്നു. മത്സ്യത്തൊഴിലാളികൾക്കായി കാര്യക്ഷമമായി പ്രവർത്തിക്കുന്ന പ്രത്യേക വകുപ്പ് രൂപീകരിക്കുമെന്നും രാഹുൽ വ്യക്തമാക്കി.


പലപ്പോഴും മത്സ്യം കഴിക്കുമ്പോൾ അതിന് പിറകിലുള്ള കഠിനാധ്വാനത്തെ കുറിച്ച് നമുക്ക് ചിന്തിക്കാൻ സാധിക്കില്ല. മത്സ്യത്തൊഴിലാളികൾക്കൊപ്പം കടലിൽ പോയപ്പോഴാണ് യാഥാർഥ്യം മനസിലായത്. മത്സ്യത്തൊഴിലാളികളുടെ അധ്വാനത്തെ താൻ ആരാധിക്കുന്നു. മത്സ്യത്തൊഴിലാളികൾ നേരിടുന്ന എല്ലാ പ്രശ്നങ്ങളും ഒറ്റയടിക്ക് പരിഹരിക്കാനാകില്ല. മത്സ്യത്തൊഴിലാളികൾക്കൊപ്പം പ്രവർത്തിക്കാൻ താനുണ്ടാകുമെന്നും രാഹുൽ ഉറപ്പ് നൽകി.

ന്യായ് പദ്ധതിയുടെ മറ്റൊരു മാതൃക കേരളത്തിൽ നടപ്പാക്കാൻ ഉദ്ദേശിക്കുന്നു. ജനങ്ങളുടെ അക്കൗണ്ടിൽ പണം എത്തിക്കും. കുട്ടികളുടെ വിദ്യാഭ്യാസത്തിന് ആ പണം ഉപയോഗിക്കാം. യു.ഡി.എഫ് അധികാരത്തിലേറിയാൽ ന്യായ് പദ്ധതി നടപ്പാക്കുമെന്നും രാഹുൽ വ്യക്തമാക്കി. 


രാവിലെ മത്സ്യത്തൊഴിലാളികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് രാഹുൽ ഗാന്ധി കടൽ യാത്ര നടത്തിയിരുന്നു. പുലർച്ചെ കൊല്ലം വാടി തുറമുഖത്തു നിന്നാണ് രാഹുൽ കടൽയാത്രക്ക് പുറപ്പെട്ടത്. ഒരു മണിക്കൂറോളം കടലിൽ ചെലവിട്ട രാഹുൽ കരയിൽ മടങ്ങിയെത്തി. മത്സ്യത്തൊഴിലാളികളുടെ പ്രശ്നങ്ങൾ പഠിക്കാനാണ് അവർക്കൊപ്പം രാഹുൽ കടൽയാത്ര നടത്തിയത്.


Tags:    
News Summary - Rising fuel prices have made the lives of fishermen miserable - Rahul Gandhi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.