'പെണ്‍കുട്ടികളെ ഒരു സെക്കന്‍ഡ് നോക്കിയാലും പരാതിയുണ്ടെങ്കില്‍ കേസെടുക്കും'

കോവളം: 14 സെക്കന്‍ഡ് അല്ല ദുരുദ്ദേശ്യത്തോടെ പെണ്‍കുട്ടികളെ ഒരു സെക്കന്‍ഡ് നോക്കിയാലും പരാതിയുണ്ടെങ്കില്‍ കേസെടുക്കുമെന്ന് എക്സൈസ് കമീഷണര്‍ ഋഷിരാജ് സിങ്. വെങ്ങാനൂര്‍ ഗവ. മോഡല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ കലോത്സവവും  ലഹരിരഹിത കാമ്പസ് പ്രവര്‍ത്തനവും ഉദ്ഘാടനം ചെയ്ത ശേഷം കുട്ടികളോട് ചോദ്യോത്തര വേളയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വിദ്യാര്‍ഥികള്‍ക്കിടയില്‍നിന്നാണ് ഇത്തരം ഒരു ചോദ്യം ഉയര്‍ന്നത്.

അതിനു മറുപടി നല്‍കിയതും അപ്പോള്‍ ക്ളാസില്‍ ടീച്ചറെ നോക്കുന്നതോ എന്ന് അടുത്ത ചോദ്യം വന്നു. ടീച്ചര്‍ക്ക് പരാതിയുണ്ടെങ്കില്‍ കേസ് എടുക്കാന്‍ സാധ്യത ഉണ്ടെന്നും വാഗ്വാദത്തിനു താന്‍ ഇല്ളെന്നും വീട്ടില്‍ അമ്മയോ സഹോദരിയോ ഉണ്ടെങ്കില്‍ ദുരുദ്ദേശ്യത്തോടെയുള്ള നോട്ടം എന്തെന്ന് പറഞ്ഞുതരുമെന്നും ഋഷിരാജ് സിങ് ചോദ്യം ചോദിച്ച കുട്ടിയോട് പറഞ്ഞു. സ്കൂളിനകത്തെ മയക്കുമരുന്ന് ഉപയോഗത്തിനെതിരെ കുട്ടികളും അധ്യാപകരും ജാഗ്രത പാലിക്കണമെന്നും അദ്ദേഹം പറഞ്ഞു.

സോഷ്യല്‍ മീഡിയയില്‍ ചെലവാക്കുന്ന സമയം കുട്ടികള്‍ വായനക്ക് നല്‍കണമെന്നും അദ്ദേഹം പറഞ്ഞു. പ്രദേശത്ത് എവിടെയെങ്കിലും ലഹരി മരുന്ന് മാഫിയയുടെ സാന്നിധ്യം ഉണ്ടെങ്കില്‍ അത് ധൈര്യമായിതന്നെ അറിയിക്കണമെന്നും സിങ് കുട്ടികളോട് പറഞ്ഞു. സ്ഥലത്തെ ലഹരിമരുന്ന് സംഘങ്ങളെ കുറിച്ച് പ്രിന്‍സിപ്പല്‍ അറിയിച്ചതനുസരിച്ച് എക്സൈസ് ഉദ്യോഗസ്ഥരോട് സ്ഥലത്ത് പട്രോളിങ് ഏര്‍പ്പെടുത്താന്‍ നിര്‍ദേശം നല്‍കിയാണ് എക്സൈസ് കമീഷണര്‍ മടങ്ങിയത്. 

Tags:    
News Summary - rishiraj singh

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 05:25 GMT