ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല
മെസ്സി ഫുട്ബോൾ തട്ടിപ്പ് കേസ്; എ.ഡി.ജി.പി പി. വിജയന്റെ നേതൃത്വത്തിൽ പ്രത്യേക സംഘം അന്വേഷിക്കും, ഉത്തരവ് ഇന്ന് വൈകിട്ടോടെ
തിരുവനന്തപുരം: ലയണൽ മെസ്സിയെയും ടീമിനെയും കേരളത്തിലേക്ക് കൊണ്ടുവരുന്നതുമായി ബന്ധപ്പെട്ട തട്ടിപ്പ് വിവാദം പ്രത്യേക സംഘം അന്വേഷിക്കുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. എ.ഡി.ജി.പി ലോ ആൻഡ് ഓർഡർ പി. വിജയന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുക. ഇന്ന് വൈകിട്ടോടെ ഇത് സംബന്ധിച്ച ഉത്തരവ് പുറത്തിറങ്ങുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
വിഷയത്തിൽ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് തനിക്ക് ലഭിച്ച ശുപാർശക്കത്ത് നിയമോപദേശത്തിനായി ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷന് കൈമാറി. തുടർന്ന് ലഭിച്ച നിയമോപദേശത്തിൽ നിരവധി നിയമപ്രശ്നങ്ങൾ അടങ്ങിയിട്ടുണ്ടെന്ന് ബോധ്യപ്പെട്ട പശ്ചാത്തലത്തിലാണ് പ്രത്യേക അന്വേഷണ സംഘത്തെ രൂപവത്കരിക്കാൻ തീരുമാനിച്ചതെന്ന് മന്ത്രി പറഞ്ഞു. എ.ഡി.ജി.പി, ഒരു എസ്.പി, ഡിവൈ.എസ്.പി എന്നിവരടങ്ങുന്നതായിരിക്കും അന്വേഷണ സംഘം. ഇവർ വിഷയം വിശദമായി അന്വേഷിച്ച് സർക്കാറിന് റിപ്പോർട്ട് നൽകും.
മുഖ്യമന്ത്രി തനിക്ക് നൽകിയ കുറിപ്പും അതോടൊപ്പം ലഭിച്ച നിയമോപദേശവും സഹിതമാണ് അന്വേഷണ സംഘത്തിന് കൈമാറുന്നത്. വിഷയത്തിൽ വിശദമായ അന്വേഷണം നടത്താനാണ് തീരുമാനിച്ചത്. എത്രയും വേഗം ആവശ്യമായ തുടർനടപടികൾ സ്വീകരിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ അന്വേഷണ സംഘത്തോട് നിർദേശിച്ചിട്ടുണ്ടെന്നും ആഭ്യന്തരമന്ത്രി കൂട്ടിച്ചേർത്തു. എന്തിനാണ് എസ്.എഫ്.ഐ രണ്ടു ദിവസമായി സമരം നടത്തുന്നതെന്ന് മനസ്സിലാകുന്നില്ലെന്ന് ആഭ്യന്തര മന്ത്രി പറഞ്ഞു. കഴിഞ്ഞദിവസം എസ്.എഫ്.ഐ സമരത്തിന് നേരെ നടന്നത് പൊലീസ് രാജാണെന്ന പ്രതിപക്ഷ നേതാവിന്റെ പ്രസ്താവന ശ്രദ്ധയിൽപെടുത്തിയപ്പോഴാണ് മന്ത്രിയുടെ പ്രതികരണം.
‘എന്തിനാണീ സമരം എന്ന് ഇപ്പോഴും മനസ്സിലാകുന്നില്ല. എന്തിനു വേണ്ടിയാണ് എസ്.എഫ്.ഐയുടെ ഈ സമരമെന്ന് പ്രതിപക്ഷ നേതാവ് ഞങ്ങളോട് പറയണം. എ.സി.പിയുടെ കഴുത്തിന് കുത്തിപ്പിടിക്കുക, പൊലീസുകാരെ മർദിക്കുക, അവരുടെ കൈയിൽ ഇരിക്കുന്ന ഷീൽഡ് എടുത്ത് അവരെ ടിക്കുക, പൊലീസ് സംയമനം പാലിച്ചിട്ടാണ് അവിടെ പെരുമാറിയത്. അല്ലെങ്കിൽ ഇന്നലെ അവിടെ എന്തായിരിക്കും സംഭവിക്കാൻ പോകുന്നത്? ഒരു എ.സി.പിയുടെ കൊങ്ങക്ക് കേറി പിടിച്ച് കൊല്ലാൻ ശ്രമിക്കുന്നത് ശരിയാണോ?’ ചെന്നിത്തല ചോദിച്ചു.
‘ദയവായി പൊലീസ് ഉദ്യോഗസ്ഥന്മാരെ ആക്രമിച്ച് പ്രശ്നങ്ങൾ ഉണ്ടാക്കാതിരിക്കണം. പൊലീസ് ആരെയും ആക്രമിക്കാൻ തയാറല്ല. അവർ നിയമപാലകരാണ്. അവർ നിയമം പാലിക്കാൻ വേണ്ടി നിൽക്കുകയുള്ളൂ. ഒരുതരത്തിലും ആരോടും പൊലീസ് അതിക്രമങ്ങൾ കാണിക്കരുതെന്ന് പ്രത്യേക നിർദേശമുള്ളതാണ്. ഓപറേഷൻ തുഫാൻ ഈ നാടിന്റെ ആവശ്യമാണ്. തലമുറകളെ രക്ഷിക്കാൻ വേണ്ടിയിട്ടാണത് ചെയ്യുന്നത്. പൊലീസ് ഉദ്യോഗസ്ഥർ അവരുടെ ഡ്യൂട്ടി നിർവഹിക്കുമ്പോൾ അവരെ ആക്രമിക്കുന്ന പല സംഭവങ്ങളും ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. അങ്ങനെ ചെയ്യുന്നവർക്ക് നേരെ ശക്തമായ നടപടി ഉണ്ടാകുമെന്നും ആഭ്യന്തരമന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.