മുഖ്യമന്ത്രിയും മന്ത്രിമാരും ഗവർണർക്കൊപ്പം (ഫയൽ ചിത്രം)

ഇനി രണ്ടുനാൾ കേരള ഭരണസിരാകേന്ദ്രം കുന്ദമംഗലത്ത്; മുഖ്യമന്ത്രിയും മന്ത്രിമാരും ഐ.ഐ.എമ്മിൽ ‘പഠിതാക്കൾ’

കുന്ദമംഗലം (കോഴിക്കോട്): വെള്ളിയാഴ്ചയും ശനിയാഴ്ചയും കേരളത്തിന്റെ ഭരണസിരാകേന്ദ്രമായി പ്രകൃതിരമണീയമായ കുന്ദമംഗലത്തെ ഐ.ഐ.എം കാമ്പസ് മാറുന്നു. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റിൽ (ഐ.ഐ.എം, കോഴിക്കോട്) മുഖ്യമന്ത്രി വി.ഡി. സതീശനും മുഴുവൻ മന്ത്രിമാരും ഉൾപ്പെടുന്ന മന്ത്രിസഭക്കായി നാല്, അഞ്ച് തീയതികളിൽ റെസിഡൻഷ്യൽ സ്ട്രാറ്റജിക് ലീഡർഷിപ്പ് റിട്രീറ്റായ ‘റീഇമാജിനിങ് കേരളം’ നടക്കുകയാണ്.

സംസ്ഥാനത്തിന്റെ ദീർഘകാല വികസന പദ്ധതികളെക്കുറിച്ചുള്ള ചർച്ചക്കായി രാഷ്ട്രീയ നേതൃത്വത്തെയും ഐ.ഐ.എമ്മിലെ മുതിർന്ന ഫാക്കൽറ്റികളെയും അന്താരാഷ്ട്ര പണ്ഡിതരെയും ഒരുമിച്ചുകൂട്ടുന്ന പരിപാടിയാണിത്. കേരളത്തിൽ ഉയർന്നുവരുന്ന അവസരങ്ങളെയും വെല്ലുവിളികളെയും പരിശോധിക്കുന്നതിനൊപ്പം പുതിയ ആശയങ്ങൾ, ആഗോള അനുഭവങ്ങൾ, സുസ്ഥിരവും സമഗ്രവുമായ വളർച്ചയിലേക്കുള്ള വഴികൾ എന്നിവയെക്കുറിച്ചുള്ള ചർച്ചകൾക്കും വേദിയാകും. ചീഫ് സെക്രട്ടറി ബിശ്വനാഥ് സിൻഹ, മുഖ്യമന്ത്രിയുടെ സെക്രട്ടറി രത്തൻ യു. ഖേൽകർ എന്നിവർ പങ്കെടുക്കും.

കുന്ദമംഗലത്തുള്ള ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റിന്റെ ആകാശക്കാഴ്ച

ആദ്യ ദിവസം 8.45ന് തുടങ്ങുന്ന ഉദ്ഘാടനച്ചടങ്ങിന് ശേഷം 9.30 മുതൽ വൈകീട്ട് അഞ്ച് വരെയും അടുത്ത ദിവസം രാവിലെ ഒമ്പത് മുതൽ ഉച്ച 1.15 വരെയുമാണ് സെഷനുകൾ. ഉച്ചഭക്ഷണത്തിനും മറ്റുമായി അൽപസമയം ഇടവേള ഉണ്ടാകുമെന്നത് ഒഴിച്ചാൽ മന്ത്രിമാരുടെ ഫോണുകൾ പോലും ഹാളിലേക്ക് കയറ്റുന്നതിന് കർശന നിയന്ത്രണം ഉണ്ടാവും. അക്ഷരാർത്ഥത്തിൽ അടുത്ത രണ്ടു ദിവസം കേരളത്തിന്റെ തലസ്ഥാനം കുന്ദമംഗലമാകും.

രണ്ടാമത്തെ തവണയാണ് കേരള മന്ത്രിസഭയുടെ പരിപാടിക്കായി ഐ.ഐ.എം ആതിഥേയത്വം വഹിക്കുന്നത്. 2011ൽ ഉമ്മൻ ചാണ്ടിയുടെ നേതൃത്വത്തിലുള്ള അന്നത്തെ മന്ത്രിമാരുടെ കൗൺസിൽ ഐ.ഐ.എമ്മിൽ ഒരു ദിവസം നീളുന്ന പരിപാടിയിൽ പങ്കെടുത്തിരുന്നു. ഐ.ഐ.എം ഡയറക്ടറായി മൂന്നാം തവണ സേവനമനുഷ്ഠിക്കുന്ന പ്രഫ. ദേബാഷിഷ് ചാറ്റർജി 2011ലും ഇൻസ്റ്റിറ്റ്യൂട്ടിന്റെ തലപ്പത്തുണ്ടായിരുന്നു.

ഡയറക്ടറുടെ നേതൃത്വത്തിലുള്ള ഐ.ഐ.എം ഫാക്കൽറ്റി, ജപ്പാനിലെ കീയോ യൂനിവേഴ്സിറ്റി, ലണ്ടനിലെ കിങ്സ് കോളജ് എന്നിവിടങ്ങളിൽനിന്നുള്ള വിദഗ്ധരുമായി കൈകോർത്ത് വൈവിധ്യമാർന്ന വിഷയങ്ങളിൽ സെഷനുകൾ ഉണ്ടാകും.

ആരോഗ്യ സംരക്ഷണവും ക്ഷേമവും സംബന്ധിച്ച പ്രത്യേക സെഷൻ അരവിന്ദ് ഐ കെയർ സിസ്റ്റത്തിന്റെ ചീഫ് മെഡിക്കൽ ഓഫിസറും പ്രോജക്ട്സ് ഡയറക്ടറുമായ ഡോ. അരവിന്ദ് ശ്രീനിവാസൻ നയിക്കും.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.