കേരള ഹൈകോടതി

വാഹനാപകട നഷ്ടപരിഹാരം: വൈകിയെന്ന പേരിൽ അപേക്ഷ തള്ളാനാവില്ല -ഹൈകോടതി

കൊച്ചി: വാഹനാപകടവുമായി ബന്ധപ്പെട്ട്​ നഷ്ടപരിഹാരത്തിനായി അപേക്ഷ നൽകാൻ വൈകിയെന്ന പേരിൽ മാത്രം അത്​ തള്ളാനാവില്ലെന്ന്​ ഹൈകോടതി. മോട്ടോർ വാഹന നിയമപ്രകാരം അപേക്ഷ സമർപ്പിക്കുന്നതിന് സമയപരിധി ഏർപ്പെടുത്തിയിരുന്നില്ലെന്ന്​ വിലയിരുത്തിയാണ്​ ജസ്റ്റിസ്​ പി.എം. മനോജിന്‍റെ ഉത്തരവ്​. വാഹനാപകടത്തിന് ഇരയാകുന്നവർക്ക് നഷ്ടപരിഹാരം ഉറപ്പാക്കുക എന്നതാണ്​ നിയമത്തിന്‍റെ ഉദ്ദേശ്യലക്ഷ്യം. അതിനാൽ, സാങ്കേതിക കാരണങ്ങളാൽ അപേക്ഷ നിഷേധിക്കാനാവില്ലെന്ന്​ കോടതി വ്യക്തമാക്കി.

13 വർഷത്തിന് ശേഷമാണ്​ നഷ്ടപരിഹാരത്തിന്​ അപേക്ഷ നൽകിയതെന്ന്​ ​ചൂണ്ടിക്കാട്ടി മോട്ടോർ ആക്സിഡന്‍റ്​ ക്ലെയിംസ്​ ട്രൈബ്യൂണൽ (എം.എ.സി.ടി) അപേക്ഷ തള്ളിയതിനെതി​രെ ആലപ്പുഴ സ്വദേശി സന്തോഷ് കുമാർ സമർപ്പിച്ച അപ്പീൽ ഹരജി അനുവദിച്ചാണ്​ ഉത്തരവ്​. 2003 ആഗസ്റ്റിലുണ്ടായ ബൈക്കപകടത്തിൽ ഗുരുതര പരിക്കേറ്റ ഹരജിക്കാരന്​ 30 ശതമാനം കാഴ്ചവൈകല്യം സംഭവിച്ചിരുന്നു. കാലതാമസത്തിന് കൃത്യമായ കാരണം ബോധിപ്പിച്ചിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ്​ ട്രൈബ്യൂണൽ അപേക്ഷ തള്ളിയത്​.

എന്നാൽ, അപകടം നടന്ന കാലയളവിലോ ഹരജി നൽകിയ സമയത്തോ അപേക്ഷ സമർപ്പിക്കുന്നതിന് സമയപരിധി ഏർപ്പെടുത്തിയിരുന്നില്ലെന്നായിരുന്നു ഹരജിക്കാരന്‍റെ വാദം. അതിനാൽ, കാലതാമസത്തിനുള്ള വിശദീകരണം നൽകേണ്ടതില്ല. വാഹനാപകടത്തിൽ സാരമായി പരിക്കേറ്റ സംഭവങ്ങളിൽ പൊലീസ് എം.എ.സി.ടിക്ക്​ റിപ്പോർട്ട് നൽകണമെന്നും ഇതിന്‍റെ അടിസ്ഥാനത്തിൽ ട്രൈബ്യൂണൽ തുടർ നടപടി സ്വീകരിക്കണമെന്നും സുപ്രീംകോടതി ഉത്തരവുമുണ്ട്​. കാഴ്ചവൈകല്യം സംബന്ധിച്ച മെഡിക്കൽ റിപ്പോർട്ട് വേണ്ടവിധം പരിഗണിച്ചില്ലെന്നതടക്കം വാദങ്ങൾ കണക്കിലെടുത്ത കോടതി​ തുടർന്ന്​ ട്രൈബ്യൂണൽ ഉത്തരവ്​ റദ്ദാക്കി. അപേക്ഷ വീണ്ടും പരിഗണിച്ച് ആറു മാസത്തിനകം തീരുമാനമെടുക്കാനും ബന്ധപ്പെട്ട കക്ഷികൾ സെപ്റ്റംബർ 29ന് ട്രൈബ്യൂണലിൽ ഹാജരാകാനും കോടതി നിർദേശിച്ചു.

Tags:    
News Summary - Delay Can't Reject Accident Compensation: Kerala HC

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.