ലൈറ്റ് മെട്രോക്ക് വീണ്ടും ജീവൻവെക്കുന്നു: മൂന്ന് ഫ്ലൈ ഓവറുകൾ ഉടൻ

തിരുവനന്തപുരം: നഗരത്തിന്‍റെ ഗതാഗത മുഖച്ഛായ മാറ്റുന്നതിനായി വിഭാവനം ചെയ്ത ലൈറ്റ് മെട്രോ പദ്ധതിക്ക് വീണ്ടും ജീവൻവെക്കുന്നു. മെട്രോയുടെ മുന്നൊരുക്ക നടപടികളുമായി ഭാഗമായി നഗരത്തിൽ മൂന്ന് ഫ്ലൈഓവറുകളുടെ നിർമാണം ഉടൻ തുടങ്ങും.

കൊച്ചി മെട്രോ റെയിൽ ലിമിറ്റഡുമായി (കെ.എം.ആർ.എൽ) ചേർന്നുള്ള എസ്.പി.വിയാണ് ശ്രീകാര്യം, ഉള്ളൂർ, പട്ടം എന്നിവിടങ്ങളിൽ മേൽപാലങ്ങൾ നിർമിക്കുന്നത്. ഇതിൽ പട്ടത്തും ശ്രീകാര്യത്തും ഭൂമിയേറ്റെടുക്കൽ പൂർത്തിയായി. പട്ടത്തും ശ്രീകാര്യത്തും നിർമാണ പ്രവർത്തനങ്ങൾക്കുള്ള ടെൻഡർ നടപടികൾ ഉടൻ ആരംഭിക്കും. ഉള്ളൂരിലാണ് ഭൂമിയേറ്റെടുക്കൽ അവശേഷിക്കുന്നത്. ഇവിടെ നടപടികൾ വേഗത്തിലാക്കും. 1.33 ഹെക്ടർ സ്ഥലമാണ് ശ്രീകാര്യത്ത് ഫ്ലൈ ഓവറിനായി വേണ്ടത്. പട്ടത്ത് 0.22 ഹെക്ടറും ഉള്ളൂരിൽ 0.56 ഹെക്ടറും.

കേരള റാപിഡ് ട്രാൻസിറ്റ് കോർപറേഷൻ ലിമിറ്റഡിനെ (കെ.ആർ.ടി.എൽ) ഒഴിവാക്കി പകരം കെ.എം.ആർ.എല്ലിനെ എസ്.പി.വിയായി നിയോഗിച്ച് കഴിഞ്ഞയാഴ്ച സർക്കാർ ഉത്തരവിറക്കിയിരുന്നു. പദ്ധതിക്കുള്ള അന്തിമ അനുമതി കേന്ദ്ര നഗരകാര്യ മന്ത്രാലയത്തിന്‍റെ പരിഗണനയിലാണ്. പദ്ധതി റിപ്പോർട്ടിൽ കേന്ദ്രം ആവശ്യപ്പെട്ട വിശദാംശങ്ങൾ സമീപദിവസങ്ങളിൽ സംസ്ഥാന സർക്കാർ നൽകിയിരിക്കുന്നു. തലസ്ഥാനത്ത് 21.82 കിലോമീറ്റർ ദൂരത്താണ് ലൈറ്റ് മെട്രോ ആലോചിക്കുന്നത്.

19 സ്റ്റേഷനുകളാണുണ്ടാവുക. തിരുവനന്തപുരത്തും കോഴിക്കോടും ലൈറ്റ് മെട്രോ പണിയുന്നതിന് 6728 കോടിയാണ് ആദ്യം നിശ്ചയിച്ചിരുന്നത്. എന്നാൽ, സർക്കാർ പിന്നീട് ഭരണാനുമതി തിരുത്തുകയും ചെലവ് 7,446 കോടിയായി പരിഷ്കരിക്കുകയും ചെയ്തിരുന്നു. കെ.എം.ആർ.എൽ നിയോഗിച്ച് അർബൻ മാസ് ട്രാൻസിറ്റ് കമ്പനി ലിമിറ്റഡ് (യു.എം.ടി.സി) പദ്ധതിക്കുള്ള സമഗ്ര മൊബിലിറ്റി പ്ലാൻ തയാറാക്കുന്നതിനായി നടപടികൾ തുടങ്ങി. ക. മാർച്ചിൽതന്നെ റിപ്പോർട്ട് പൂർത്തിയാകുമെന്നാണ് വിവരം.

Tags:    
News Summary - Reviving light metro: three flyovers soon

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.