അഷ്റഫ് വട്ടപ്പാറ, കെ. മുഹമ്മദ് ബഷീർ, വി. നൗഷാദ്
കോഴിക്കോട്: മാധ്യമം ന്യൂസ് എഡിറ്റർ അഷ്റഫ് വട്ടപ്പാറ, ചീഫ് ഡി.ടി.പി ഓപറേറ്റർ കെ. മുഹമ്മദ് ബഷീർ, ഓഫിസ് അറ്റൻഡന്റ് വി. നൗഷാദ് എന്നിവർ മാധ്യമത്തിൽനിന്ന് വിരമിച്ചു.
ഇടുക്കി ബ്യൂറോ ചീഫായ അഷ്റഫ് വട്ടപ്പാറ അടിമാലി സ്വദേശിയാണ്. 2000ലാണ് മാധ്യമത്തിൽ സബ് എഡിറ്ററായി ചേർന്നത്. കോഴിക്കോട്, തൃശൂർ, എറണാകുളം, കോട്ടയം, ആലപ്പുഴ, ഇടുക്കി ജില്ല ബ്യൂറോകളിൽ ജോലിചെയ്തു. സംസ്ഥാന സർക്കാറിന്റെ മാധ്യമ പുരസ്കാരം, ഡോ. അംബേദ്കർ മാധ്യമ അവാർഡ്, മികച്ച ഗ്രാമീണ റിപ്പോർട്ടിങ്ങിനുള്ള കൊൽക്കത്തയിലെ സ്റ്റേറ്റ്സ്മാൻ അവാർഡ്, തിരുവനന്തപുരം പ്രസ് ക്ലബിന്റെ സാഹസിക പത്രപ്രവർത്തനത്തിനുള്ള ജി. വേണുഗോപാൽ അവാർഡ്,
മികച്ച അന്വേഷണാത്മക പത്രപ്രവർത്തകനുള്ള മുംബൈ പ്രസ് ക്ലബിന്റെ റെഡ് ഇങ്ക് മീഡിയ അവാർഡ്, ഗൗരി ലങ്കേഷ് സ്മാരക പുരസ്കാരം, യൂസഫലി കേച്ചേരി മാധ്യമ അവാർഡ്, സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂർ മാധ്യമ പുരസ്കാരം, കേന്ദ്ര ദലിത് സാഹിത്യ അക്കാദമി അവാർഡ്, തൃശൂർ പ്രസ് ക്ലബിന്റെ ടി.വി. അച്യുതവാര്യർ അവാർഡ്, കേരള ജൈവവൈവിധ്യ ബോർഡ് സ്പെഷൽ ജൂറി പുരസ്കാരം, യു.എൻ ഏജൻസിയുടെ ലാഡ്ലി മീഡിയ അവാർഡ്, ആയുർവേദ മെഡിക്കൽ ഓഫിസേഴ്സ് അസോസിയേഷൻ പുരസ്കാരം തുടങ്ങിയവ നേടിയിട്ടുണ്ട്.
കേരള പത്രപ്രവർത്തക യൂനിയൻ (പ്രസ് ക്ലബ്) ഇടുക്കി ജില്ല പ്രസിഡന്റ്, കോട്ടയം ജില്ല വൈസ് പ്രസിഡന്റ്, സംസ്ഥാന എക്സിക്യൂട്ടിവ് അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചു. അസി. സ്റ്റേറ്റ് ടാക്സ് ഓഫിസർ സൈനയാണ് ഭാര്യ. മക്കൾ: അർഷക് ബിൻ, അമർ ബിൻ (ഇരുവരും ന്യൂസിലൻഡ്), അംന ബിന്ദ്.
കോഴിക്കോട് നടുവണ്ണൂർ സ്വദേശിയായ കെ. മുഹമ്മദ് ബഷീർ 1992 ഡിസംബറിലാണ് ഡി.ടി.പി വിഭാഗത്തിൽ ജോലിയിൽ പ്രവേശിച്ചത്. കോഴിക്കോട്, കൊച്ചി, കണ്ണൂർ യൂനിറ്റുകളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഭാര്യ: സുലൈഖ. മക്കൾ: നാജിയ, ഷാമില, ഷാനിബ.
കോഴിക്കോട് മൂഴിക്കൽ സ്വദേശിയായ വി. നൗഷാദ് 1993 ഡിസംബറിലാണ് മാധ്യമം അഡ്മിനിസ്ട്രേഷൻ വകുപ്പിൽ ഓഫിസ് അറ്റൻഡന്റായി ജോലിയിൽ കയറിയത്. കോഴിക്കോട്, കൊച്ചി യൂനിറ്റുകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: വി.എം നജ്മുന്നിസ. മക്കൾ: നിഹാൽ, നൗഫാൻ, നുഹ നസ്രീൻ, നുസ്ഹ നസ്രീൻ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.