സുപ്രീംകോടതി വിധി; സംവരണ വിഭാഗങ്ങൾക്ക് അവസരം കിട്ടാൻ ചട്ടഭേദഗതി വേണ്ടിവരും
തിരുവനന്തപുരം: സംവരണ വിഭാഗങ്ങളിൽ യോഗ്യതയുള്ളവരെ മെറിറ്റിൽ പരിഗണിക്കണമെന്ന സുപ്രീംകോടതി വിധി കേരളത്തിലെ പി.എസ്.സി നിയമനങ്ങളിലും നടപ്പാക്കാൻ നിലവിലെ റൊട്ടേഷൻ ചട്ടങ്ങൾ ഭേദഗതി ചെയ്യേണ്ടിവരും. ഉദ്യോഗ നിയമനങ്ങളിൽ സംവരണ വിഭാഗങ്ങളെ ഓപൺ ക്വോട്ടയിൽ അവസരം നിഷേധിച്ച് സംവരണ ടേണിൽ ഒതുക്കുന്നത് നിലവിലെ റൊട്ടേഷൻ സംവിധാനമാണ്. പട്ടിക വിഭാഗങ്ങൾ, പിന്നാക്കക്കാർ, ഇ.ഡബ്ല്യു.എസ് എന്നിവർക്ക് നിലവിൽ സംവരണമുണ്ടെങ്കിലും 20 യൂനിറ്റിന്റെ റൊട്ടേഷൻ സംവിധാനം നിലനിൽക്കുന്നതിനാൽ ഓപൺ ക്വോട്ടയിൽ ഉൾപ്പെടാൻ പ്രയാസമാണ്. സംവരണ വിഭാഗത്തിലുള്ളവരെല്ലാം ആ ക്വോട്ടയിലൂടെ മാത്രം കടന്നുവരേണ്ടിവരുന്ന വ്യവസ്ഥ മാറ്റണമെന്ന് ഏറെ നാളായി ആവശ്യമുയരുന്നുണ്ടെങ്കിലും സർക്കാറുകൾ തയാറായിട്ടില്ല.
ഒരു തസ്തികയിൽ എത്ര ഒഴിവുകൾ റിപ്പോർട്ട് ചെയ്താലും അതിനെ 20ന്റെ യൂനിറ്റുകളാക്കി നിയമനം നടത്തുന്ന രീതിയാണ് പി.എസ്.സി പിന്തുടരുന്നത്. റിപ്പോർട്ട് ചെയ്യുന്ന ഒഴിവുകളിൽ ഒന്ന്, മൂന്ന്, അഞ്ച്, ഏഴ്, 11, 13, 15, 17 തുടങ്ങിയവ ഓപൺ കോമ്പറ്റീഷനാണ്. രണ്ട്, നാല്, ആറ്, എട്ട്, 10, 12, 14, 16, 18, 20 എന്നിവ സംവരണ ടേണും. ഇ.ഡബ്ല്യു.എസ് വന്നതോടെ ഓപൺ ക്വോട്ടയിലുണ്ടായിരുന്ന 9, 19 എന്നിവ അവരുടെ സംവരണ ടേണാക്കി. ഇങ്ങനെയാണ് ആദ്യ 20 ഒഴിവുകളിൽ നിയമനം നടത്തുക. 100 ഒഴിവ് റിപ്പോർട്ട് ചെയ്താലും ഓരോ 20 യൂനിറ്റുകളായാകും നിയമനം. ആദ്യത്തെ 20 യൂനിറ്റുകളിൽ നിയമനം കഴിഞ്ഞാൽ മിക്ക റാങ്ക് ലിസ്റ്റുകളിലും പിന്നാക്ക വിഭാഗങ്ങൾ അടുത്തെങ്ങുമുണ്ടാകില്ല. തുടര്ന്നുള്ള യൂനിറ്റുകളില് റൊട്ടേഷന് വ്യവസ്ഥയുടെ അപാകതമൂലം മെറിറ്റിലും സംവരണത്തിലും ഒരേ സമുദായക്കാര് തെരഞ്ഞെടുക്കപ്പെടുന്ന അവസ്ഥ അപൂര്വമായേ വരാറുള്ളൂ. കെ.എസ് ആൻഡ് എസ്.ആറിലെ 14 എ എന്ന വ്യവസ്ഥയാണ് ഇതിന് കാരണം.
നിയമനത്തിലും േഫ്ലാട്ടിങ് രീതി വേണം
സംസ്ഥാനത്ത് മെഡിക്കൽ-എൻജിനീയറിങ് പ്രവേശനത്തിലെ േഫ്ലാട്ടിങ് രീതി പി.എസ്.സി നിയമനത്തിലും പരിഗണിച്ചാൽ ഈ വിഷയത്തിന് ഒരളവോളം പരിഹാരം കാണാനാകും. സംവരണ വിഭാഗങ്ങൾക്ക് മെറിറ്റ് അവസരം ലഭിക്കും.
പ്രഫഷനൽ പ്രവേശനത്തിൽ ഒരു സ്ഥാപനത്തിൽ സംവരണത്തിലും മറ്റൊന്നിൽ ഓപണിലും പ്രവേശനം കിട്ടുന്നയാളുടെ ഓപൺ സീറ്റ് ആദ്യ സ്ഥാനത്തേക്ക് മാറ്റുകയും സംവരണ സീറ്റിൽ മറ്റൊരാൾക്ക് പ്രവേശനം നൽകുകയും ചെയ്യുന്നതാണ് േഫ്ലാട്ടിങ് രീതി.
ഇതുവഴി മെറിറ്റിലും സംവരണത്തിലും സീറ്റിന് അര്ഹതയുള്ളവർക്ക് മെറിറ്റ് സീറ്റ് നഷ്ടമാകില്ല. സംവരണ സീറ്റ് മറ്റൊരാൾക്ക് ലഭിക്കുകയും ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.