ഭൂരിഭാഗം ഡോക്​ടർമാർക്കും അമിതവണ്ണമെന്ന്​ പഠനം

തിരുവനന്തപുരം: സംസ്ഥാനത്തെ ഡോക്ടർമാരിൽ 84 ശതമാനത്തിനും അമിതവണ്ണമെന്ന് പഠനം. സർക്കാർ സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്ന 240 ഡോക്ടർമാരിൽ നടത്തിയ പഠനത്തിലാണ് ഈ കൗതുകകരമായി വിവരം. പൊതുജനങ്ങളിൽ 6070 ശതമാനം പേർക്കാണ് പൊണ്ണത്തടിയെന്നിരിക്കെയാണ് ഡോക്ടർമാർക്കിടയിൽ അമിതവണ്ണം ഇതിനെക്കാളുമുണ്ടെന്ന കണ്ടെത്തൽ. ഡോ.അജ്ഞന നളിന കുമാരി, ഡോ. ടോണി ലോറൻസ്, ഡോ.പി.എസ് ഇന്ദു എന്നിവർ ചേർന്ന് നടത്തിയ പഠനം ഇന്ത്യൻ അസോസിയേഷൻ ഓഫ് ഒക്യുപേഷണൽ ഹെൽത്തിന്‍റെ (ഐ.എ.ഒ.എച്ച് ) ഔദ്യോഗിക ജേർണലിലാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്.

ബോഡി മാസ് ഇൻഡക്സിൽ (ബി.എം.ഐ) അടിസ്ഥാനപ്പെടുത്തിയാണ് അമിത വണ്ണം നിർണ്ണയിച്ചിരിക്കുന്നത്. ഏഷ്യൻ മാനദണ്ഡപ്രകാരം ബി.എം.ഐ 18.5 മുതൽ 22.9 വരെയാണ് അനുവദനീയമായ വണ്ണം. 22.9 മുകളിലുള്ളത് അമിതവണ്ണവും. പഠനപ്രകാരം 240 ൽ 35 പേർക്ക് മാത്രമാണ് അനുവദനീയ ശരീരഭാരമുള്ളത്. മൂന്ന് പേർ സാധാരണ ശരീരഭാരം പോലുമില്ലാത്തയളാണ്. ശേഷിക്കുന്ന 202 പേർ അമിതവണ്ണത്തിന്‍റെ ഗണത്തിലും. ഇതിൽ 102 പേർ പുരുഷൻമാരാണ്. 101 പേർ സ്ത്രീകളും. സാധാരണ പൊതുജനങ്ങളിൽ സ്ത്രീകൾക്കിടയിലാണ് അമിതവണ്ണക്കാർ കൂടുതലെങ്കിൽ ഡോക്ടർമാരിൽ ഇത് പുരുഷൻമാർക്കിടയിലാണ്.

ജനറൽ പ്രാക്ടീഷ്ണർമാരെയും അഡ്മിനിസ്ട്രേഷൻ വിഭാഗത്തെയുമെല്ലാം വേർതിരിച്ച് വിശകലനം ചെയ്യുമ്പോഴും അമിതഭാരം പൊതിവിലുണ്ടെന്നാണ് വിലയിരുത്തൽ. 240 പേരിൽ 46.7 ശതമാനം ഏതെങ്കിലും തരത്തിലെ മറ്റ് രോഗങ്ങളുള്ളവരാണ്. പഠനത്തിന് വിധേയമാക്കിയവരെല്ലാം 25 വയസിനും 65 വയസിനും ഇടയിൽ പ്രായമുള്ളവരാണ്. 240 പേരിൽ 128 പേർ (54 ശതമാനം) വനിത ഡോക്ടർമാരാണ്.112 പേർ (46 ശതമാനം) പുരുഷൻമാരും. 114 പേർ (60 ശതമാനം) സർക്കാർ മേഖലയിലും 40 ശതമാനമായ 96 പേർ സ്വകാര്യമേഖലയിലും സേവനമനുഷ്ടിക്കുന്നവരാണ്. ഭൂരിഭാഗവും ജനറൽ പ്രാക്ടീഷ്ണർമാരും. 2018 ജനുവരി മുതൽ 2019 സെപ്റ്റംബറിനുമിടയിലാണ് പഠനം നടന്നത്.

പ്രധാന കാരണം ഉറക്കക്കുറവ്

ഉറക്കക്കുറവാണ് അമിതവണ്ണത്തിന് പ്രാധാന കാരണമായി ചൂണ്ടിക്കാട്ടുന്നത്. ശരാശരിയെടുത്താൽ പ്രതിദിനം 7.4 മണിക്കൂർ ശരാശരി ജോലി ചെയ്യുന്നവരാണ് ഭൂരിഭാഗവും. എന്നാൽ ആറ് മണിക്കൂർ മുതൽ 16 മണിക്കുർ ജോലി ചെയ്യുന്നവർ ഇക്കൂട്ടത്തിലുണ്ട്. ആറ് മണിക്കൂറിൽ താഴെയുള്ള ഉറക്കത്തിന് പുറമേ കൂടുതൽ നേരം ഇരുന്ന് ജോലി ചെയ്യൽ, ആഹാര ശീലം, അണുകുടുംബം, പാരമ്പര്യം, സ്വകാര്യ പ്രാക്ടീസ് എന്നിവയും ശരീര ഭാരം കൂടുന്നതിനുള്ള കാരണമായി പഠനം ചൂണ്ടിക്കാട്ടുന്നു. 240 പേരിൽ 234 പേർ (97.5 ശതമാനം) തങ്ങളുടെ ശരീര ഭാരത്തെക്കുറിച്ച് ബോധമുള്ളവരാണ്. 140 പേർ (58 ശതമമാനം) അമിതവണ്ണമാണെന്ന് ബോധ്യമുള്ളവരും.

56 ശതമാനത്തിനും വ്യായാമമില്ല

136 പേർ ( 56.7 ശതമാനം) ശരീര ഭാരം കുറയ്ക്കാനോ ക്രമീകരിക്കാനോ ഉള്ള ശ്രമങ്ങളോ വ്യായാമമോ ചെയ്യാത്തവരാണ്. മതിയായ പ്രേരണയോ പ്രോത്സാഹനമോ ഇല്ലാത്തത് (38 ശതമാനം), സമയക്കുറവ് (37 ശതമാനം), കുടുംബത്തിലെ ഭാരിച്ച ഉത്തരവദിത്തങ്ങൾ (38 ശതമാനം) എന്നിവയാണ് ഇതിനുള്ള കാരണം. ഇതിന് പുറമേ വ്യായമത്തിനുള്ള സ്ഥലസൗകര്യമില്ലായ്മ, തെരുനായ്ക്കളെ പേടി, മോശം കാലാവസ്ഥ, ശരീരികമായ മറ്റ് ബുദ്ധിമുട്ടുകൾ എന്നിവയും കാരണമായി സർവേയിൽ ചൂണ്ടിക്കാട്ടിയവരുണ്ട്

Tags:    
News Summary - Research says most of the doctors are overweight

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.