രാജീവ് ചന്ദ്രശേഖറിനും ഏഷ്യാനെറ്റിനുമെതിരെ 150 കോടിയുടെ മാനനഷ്ടക്കേസുമായി റിപ്പോർട്ടർ ടി.വി

കൊച്ചി: തങ്ങൾക്കെതിരെ 100 കോടിയുടെ മാനനഷ്ടക്കേസ്​ കൊടുത്ത ഏഷ്യാനെറ്റ് ന്യൂസ് ഉടമയും ബിജെപി സംസ്ഥാന അധ്യക്ഷനുമായ രാജീവ് ചന്ദ്രശേഖറിനും ഏഷ്യാനെറ്റിനുമെതി​രെ 150 കോടിയുടെ മാനനഷ്ടക്കേസുമായി റിപ്പോർട്ടർ ടി.വി. മെസ്സിയുടെ വരവുമായി ബന്ധ​​​പ്പെട്ട് അര്‍ജന്റീന ടീമിന്റെ കേരള സന്ദര്‍ശനവുമായി ബന്ധപ്പെട്ട് നിരന്തരം വ്യാജ വാര്‍ത്തകള്‍ ചമച്ചുവെന്നാരോപിച്ചാണ് ഏഷ്യാനെറ്റ് ന്യൂസിനെതിരെ മാനനഷ്ടക്കേസുമായി റിപ്പോര്‍ട്ടര്‍ ടിവി. ഏഷ്യാനെറ്റ് ന്യൂസ് ഉടമയും ബിജെപി സംസ്ഥാന അധ്യക്ഷനുമായ രാജീവ് ചന്ദ്രശേഖര്‍ ഉള്‍പ്പെടെ 15 പേര്‍ക്ക് വക്കീല്‍ നോട്ടീസ് അയച്ചു.

രാജീവ് ചന്ദ്രശേഖറിന് പുറമേ സിന്ധു സൂര്യകുമാര്‍, വിനു വി ജോണ്‍, പി ജി സുരേഷ് കുമാര്‍, അബ്ജോദ് വര്‍ഗീസ്, അനൂപ് ബാലചന്ദ്രന്‍, ജോഷി കുര്യന്‍, അഖില നന്ദകുമാര്‍, ജെവിന്‍ ടുട്ടു, അശ്വിന്‍ വല്ലത്ത്, റോബിന്‍ മാത്യു തുടങ്ങിയവര്‍ക്കാണ് നോട്ടീസ് അയച്ചത്.

നേരത്തെ, 313 കോടിയുടെ ഭൂമി കുംഭകോണം നടത്തിയെന്ന വാർത്തയുമായി ബന്ധപ്പെട്ട് റിപ്പോർട്ടർ ടി.വിക്കെതിരെ രാജീവ് ചന്ദ്രശേഖർ 100 കോടി രൂപയുടെ മാനനഷ്ടക്കേസ് നൽകിയിരുന്നു. റിപ്പോർട്ടർ ഉടമ ആന്‍റോ അഗസ്റ്റിൻ, കൺസൾട്ടിങ് എഡിറ്റർ അരുൺ കുമാർ, കോർഡിനേറ്റിങ് എഡിറ്റർ സ്മൃതി പരുത്തിക്കാട്, ന്യൂസ് കോർഡിനേറ്റർ ജിമ്മി ജയിംസ്, തിരുവനന്തപുരം ബ്യൂറോ ചീഫ് ടി വി പ്രസാദ്, സുജയ പാർവതി എന്നിവരടക്കം ഒമ്പത് പേർക്കെതിരെയാണ് രാജീവ് ചന്ദ്രശേഖറിന്റെ വക്കീൽനോട്ടീസ്.

രാജീവ് ചന്ദ്രശേഖറിന് ബന്ധമില്ലാത്ത ബി പി എൽ എന്ന സ്ഥാപനത്തിന്‍റെ ഭൂമിയിടപാടുമായി ബന്ധപ്പെടുത്തി, ബിജെപി സംസ്ഥാന അധ്യക്ഷൻ കൂടിയായ അദ്ദേഹത്തിന്‍റെ പേര് ദുരുപയോഗം ചെയ്ത് വ്യാജവാർത്തകൾ തുടർച്ചയായി സംപ്രേക്ഷണം ചെയ്തുവെന്നാണ് ആക്ഷേപം. മുംബൈ ആസ്ഥാനമായ ആർ എച്ച് പി പാർട്ട്നേഴ്സ് എന്ന നിയമസ്ഥാപനം മുഖേനയാണ് നൂറു കോടി രൂപയുടെ നോട്ടീസ് നൽകിയത്. ഏഴ് ദിവസത്തിനുള്ളിൽ വ്യാജവാർത്ത പിൻവലിച്ച് മാപ്പ് പറയണമെന്നും നോട്ടീസിലുണ്ട്.

അതിനിടെ, ഭൂമി കുംഭകോമണം കോടതി മേൽനോട്ടത്തിൽ പ്രത്യേക അന്വേഷണ സംഘം(എസ്.ഐ.ടി) അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ഡൽഹി ഹൈകോടതി അഭിഭാഷകൻ കെ.എന്‍ ജഗദേഷ് കുമാര്‍ സുപ്രീംകോടതി ചീഫ് ജസ്റ്റിസിന് പരാതി നൽകിയിരുന്നു. ബി.പി.എല്‍ ഇന്ത്യ ലിമിറ്റഡ്, അജിത് ഗോപാല്‍ നമ്പ്യാര്‍, അഞ്ജലി രാജീവ് ചന്ദ്രശേഖര്‍, രാജീവ് ചന്ദ്രശേഖര്‍, മുന്‍ മന്ത്രി കട്ട സുബ്രഹ്‌മണ്യ നായിഡു എന്നിവര്‍ക്കെതിരെ കർണാടകയിലെ കോൺഗ്രസ് സർക്കാർ, കർണാടക ലോക് അദാലത്, കർണാടക ഹൈകോടതി, സി.ബി.ഐ, ഇ.ഡി എന്നിവർക്ക് നൽകിയ പരാതികൾക്ക് പുറമെയാണ് സുപ്രീംകോടതി ചീഫ് ജസ്റ്റിസിനും അഭിഭാഷകൻ പരാതി സമർപ്പിച്ചത്.

ബി.പി.എൽ കളർ ടെലിവിഷൻ ട്യൂബുകളും ബാറ്ററികളും ഉണ്ടാക്കാനെന്ന് പറഞ്ഞ് കെ.ഐ.എ.ഡി.ബി (കര്‍ണാടക ഇന്‍ഡസ്ട്രിയല്‍ ഏരിയ ഡവലപ്‌മെന്റ് ബോര്‍ഡ്) 1995-ൽ കർഷകരിൽ നിന്ന് തുഛവിലക്ക് ഏറ്റെടുത്തു നൽകിയ 175 ഏക്കറിൽ 149 ഏക്കർ ഭൂമി ബാങ്ക് ഓഫ് ബഹ്റൈനിലും ബാങ്ക് ഓഫ് കുവൈത്തിലും 2004-ൽ പണയം വെച്ചുവെന്നാണ് ആ​രോപണം.  

Tags:    
News Summary - reporter tv defamation case against rajeev chandrasekhar and asianet news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.