എ.ഡി.ജി.പി എം.ആർ. അജിത്ത്കുമാർ
തിരുവനന്തപുരം: ആലപ്പുഴയിലെ വിവാദ ‘രക്ഷാപ്രവർത്തന’ത്തിൽ എ.ഡി.ജി.പി എം.ആർ. അജിത്ത്കുമാർ ഉൾപ്പെടെ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ എസ്.ഐ.ടി സമർപ്പിച്ച റിപ്പോർട്ട് ‘ഫ്രീസറി’ൽ’. ആലപ്പുഴയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മുൻ മുഖ്യമന്ത്രിയുടെ സുരക്ഷാഉദ്യോഗസ്ഥർ തല്ലിച്ചതച്ച സംഭവത്തിലെ അന്വേഷണം പൂർത്തിയായില്ലെന്നും എ.ഡി.ജി.പി എം.ആർ. അജിത്ത്കുമാറാണ് കേസ് അട്ടിമറിച്ചതെന്ന റിപ്പോർട്ട് സർക്കാറിന് ലഭിച്ചിട്ടില്ലെന്നും ആഭ്യന്തരമന്ത്രി രമേശ്ചെന്നിത്തല ആവർത്തിക്കുകയാണ്.
അതിനിടെ, എസ്.ഐ.ടി അന്വേഷണ റിപ്പോർട്ടില്‍ ഡി.ജി.പി രവാഡ ചന്ദ്രശേഖർ നിയമോപദേശം തേടിയിട്ടുണ്ട്. ഇത് വൈകാതെ കൈമാറും. റിപ്പോർട്ട് ലഭിച്ചാൽ ഉടൻ നടപടിയുണ്ടാകുമെന്നാണ് ആഭ്യന്തരവകുപ്പ് വൃത്തങ്ങൾ പറയുന്നത്. യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദിച്ചതുമായി ബന്ധപ്പെട്ട കേസ് ഡയറി തിരുത്തിയതിൽ അജിത്ത്കുമാറിന്‍റെ ഇടപെടൽ ചൂണ്ടിക്കാട്ടി എസ്.ഐ.ടി കഴിഞ്ഞമാസം 23നാണ് ഡി.ജി.പിക്ക് റിപ്പോർട്ട് കൈമാറിയത്. ഇതിൽ നടപടിയെടുക്കാതെ സാങ്കേതികവാദങ്ങൾ നിരത്തി ഒഴിഞ്ഞുമാറുകയാണ് ആഭ്യന്തരമന്ത്രിയുൾപ്പെടെ. അജിത്ത് കുമാറിന് ഡി.ജി.പിയായി സ്ഥാനക്കയറ്റം ലഭിക്കാനുള്ള തന്ത്രമാണിതിന് പിന്നിലെന്ന ആക്ഷേപം ശക്തമാണ്.
എ.ഡി.ജി.പി അജിത്ത്കുമാറിന് പുറമെ അദ്ദേഹത്തിന്റെ ഓഫിസിലെ രണ്ട് എസ്.ഐമാർ, കേസ് ആദ്യം അന്വേഷിച്ച മൂന്ന് ഉദ്യോഗസ്ഥർ എന്നിവർക്കെതിരെ എസ്.ഐ.ടി റിപ്പോർട്ടിൽ പരാമർശമുണ്ടെന്നാണ് വിവരം. ഈ സാഹചര്യത്തിലാണ് നടപടിക്ക് ശിപാർശ ചെയ്യുംമുമ്പ് ഡി.ജി.പി നിയമോപദേശം തേടിയതെന്നാണ് വിവരം. കേസ് കോടതിയുടെ പരിഗണനയിൽ നിൽക്കുന്നതിനാലാണ് ഈ നീക്കമെന്നാണ് വിശദീകരണം. എന്തെങ്കിലും നടപടി സ്വീകരിച്ചാൽ നിയമപരമായി ചോദ്യം ചെയ്യപ്പെട്ടേക്കുമെന്ന ആശങ്കയുമുണ്ട്.
കഴിഞ്ഞ 10 വർഷം യു.ഡി.എഫ് ഏറ്റവുമധികം ആരോപണം ഉന്നയിച്ച പിണറായി വിജയന്റെ വിശ്വസ്തൻ എം.ആർ. അജിത്ത്കുമാറിനെതിരെ യു.ഡി.എഫ് സർക്കാർ നടപടി സ്വീകരിക്കാത്തത് രാഷ്ട്രീയ വിവാദത്തിന് കാരണമായിട്ടുണ്ട്. തങ്ങളുടെ കുട്ടികളെ തൊട്ടത് മറക്കില്ലെന്ന് പറഞ്ഞ് അധികാരത്തിലേറി ആദ്യ മന്ത്രിസഭായോഗത്തിൽ എസ്.ഐ.ടി അന്വേഷണം പ്രഖ്യാപിച്ച വി.ഡി. സതീശൻ സർക്കാറിന് അന്വേഷണ റിപ്പോർട്ട് കിട്ടിയപ്പോൾ ആവേശമില്ലെന്ന നിലക്കാണ് കാര്യങ്ങൾ.
ഈമാസം 31ന് ഫയർഫോഴ്സ് മേധാവി നിതിൻ അഗർവാൾ വിരമിക്കുന്ന ഒഴിവിലേക്ക് ഡി.ജി.പിയായി അജിത്ത്കുമാറിന് സ്ഥാനക്കയറ്റം ലഭിക്കാനാണ് സാധ്യത. നടപടിയുണ്ടായാൽ സ്ക്രീനിങ് കമ്മിറ്റി ഇദ്ദേഹത്തിന്‍റെ പേര് തള്ളും. ഇത് ഒഴിവാക്കാനുള്ള അണിയറ നീക്കങ്ങളാണ് നടക്കുന്നതെന്ന ആക്ഷേപം ശക്തമാണ്. നടപടി വൈകുന്നതിൽ കോൺഗ്രസിലും ശക്തമായ പ്രതിഷേധമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.