തിരുവനന്തപുരം: മുൻകൂട്ടി റിസർവ് ചെയ്യാത്ത യാത്രക്കാർക്ക് കൗണ്ടറിൽനിന്ന് സ്ലീപ്പർ ടിക്കറ്റെടുത്ത് പകൽ യാത്രചെയ്യാവുന്ന ഡീറിസർവ് കോച്ചുകളിൽ പുനഃക്രമീകരണം. രണ്ട് ട്രെയിനുകളിൽ ഡീറിസർവ് സൗകര്യമുള്ള ഓരോ കോച്ചുകൾ വെട്ടിക്കുറച്ചു. ഒരു ട്രെയിനിൽ രണ്ട് കോച്ചുകൾ അനുവദിക്കുകയും ചെയ്തു. തിരുവനന്തപുരം-മംഗളൂരു എക്സ്പ്രസിൽ (16347) കോഴിക്കോട് മുതൽ മംഗളൂരു വരെ രണ്ട് സ്ലീപ്പർ കോച്ചുകൾ ഡീറിസർവായിരുന്നത് ഒന്നായി. കണ്ണൂർ-യശ്വന്ത്പൂർ എക്സ്പ്രസിൽ (16528) കണ്ണൂർ മുതൽ കോഴിക്കോട് വരെ മൂന്ന് സ്ലീപ്പർ കോച്ചുകളായിരുന്നു ഡീ റിസർവ്. ഇത് രണ്ടാവും. മാർച്ച് 23ന് ക്രമീകരണം നിലവിൽവരും. അതേസമയം ആലപ്പുഴ-ധൻബാദ് എക്സ്പ്രസിൽ (13352) ആലപ്പുഴ മുതൽ കോയമ്പത്തൂർ വരെ രണ്ട് സ്ലീപ്പർ കോച്ചുകൾ (എസ്-5, എസ്-6) ഡീറിസർവ് പട്ടികയിൽ ഉൾപ്പെടുത്തി. മാർച്ച് 24ന് ഈ ക്രമീകരണം നിലവിൽ വരും.
നേരത്തെ പകൽ എല്ലാ ട്രെയിനിലും തൽസമയ സ്ലീപ്പർ ടിക്കറ്റുമായി യാത്ര ചെയ്യാമായിരുന്നു. ഏതാനും വർഷംമുമ്പാണ് ഇത് നിയന്ത്രിച്ച്, ഡീറിസർവ് കോച്ച് സൗകര്യമുള്ള ട്രെയിനുകളും സഞ്ചരിക്കാവുന്ന ദൂരപരിധി പരിമിതപ്പെടുത്തുകയും ചെയ്തത്. മുൻകൂട്ടി ടിക്കറ്റ് റിസർവ് ചെയ്ത യാത്രക്കാരുടെ ഇരിപ്പിടങ്ങൾ തത്സമയ ടിക്കറ്റുകാർ കൈയേറുന്നെന്ന പരാതിയെ തുടർന്നാണ് നടപടി. അതേസമയം, തിരക്ക് ഒഴിവാക്കാൻ കൂടുതൽ ദീർഘദൂര ട്രെയിനുകളിൽ ഡീറിസർവ്ഡ് കോച്ചുകളുടെ എണ്ണം കൂട്ടണമെന്നാണ് യാത്രക്കാരുടെ ആവശ്യം. കൗണ്ടറിൽനിന്ന് സ്ലീപ്പർ ടിക്കറ്റ് എടുക്കുന്നവർക്ക് പുറമെ, സീസൺ ടിക്കറ്റുകാരും ഡീറിസർവ്ഡ് കോച്ചുകളെ ആശ്രയിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.