ഭിക്ഷാടനമില്ലാത്ത നഗരമാവാൻ കോഴിക്കോട്

കോഴിക്കോട്: ഭിക്ഷാടനമില്ലാത്ത നഗരമായി കോഴിക്കോടിനെ മാറ്റിയെടുക്കുന്നതിനും മുഴുവൻ ഭിക്ഷാടകർക്കും ഉപജീവനം നൽകുന്നതിനുമുള്ള പദ്ധതിക്ക് തുടക്കം. കേന്ദ്ര സാമൂഹികനീതി വകുപ്പ് ആവിഷ്കരിച്ച് നടപ്പിലാക്കുന്ന മൈൽ- 75 (സപ്പോർട്ട് ടു മാർജിനലൈസ്ഡ് ഇൻഡിവിജ്വൽസ് ഫോർ ലൈവ്ഡ് ആൻഡ് എന്റർപ്രൈസ്) പദ്ധതിയാണ് നടപ്പാക്കുന്നത്. ഇന്ത്യയിൽ ഇതിനായി തിരഞ്ഞെടുത്ത 75 നഗരങ്ങളിലാണ് ആദ്യഘട്ടത്തിൽ നടപ്പിലാക്കുന്നത്. സ്മൈൽ പദ്ധതി നടപ്പിലാക്കുന്നതിനായി സമർപ്പിച്ച വിശദമായ പദ്ധതിരേഖ കേന്ദ്രസർക്കാർ അംഗീകരിക്കുകയായിരുന്നു.

തെരുവിൽ ഭിക്ഷാടനം നടത്തി ജീവിക്കുന്നവരെയും തെരുവിൽ അന്തിയുറങ്ങുന്നവരെയും അവരുടെ നിലവിലെ അവസ്ഥയിൽനിന്ന് മോചിപ്പിച്ച് പുനരധിവസിപ്പിക്കുകയും മെച്ചപ്പെട്ട ഉപജീവനമാർഗം കണ്ടെത്തിനൽകുകയുമാണ് പദ്ധതിയുടെ ലക്ഷ്യം. നഗരങ്ങളിലെ പദ്ധതിയുടെ നടത്തിപ്പുചുമതല തിരഞ്ഞെടുത്ത സന്നദ്ധ സംഘടനകൾക്കാണ്. കോഴിക്കോട് പദ്ധതി നടത്തിപ്പുചുമതല ലഭിച്ചത് ജില്ല കലക്ടർ അധ്യക്ഷനായ ഉദയം ചാരിറ്റബിൾ സൊസൈറ്റിക്കാണ്. നഗരത്തിൽ തെരുവിൽ അന്തിയുറങ്ങുന്നവർക്കും ഭിക്ഷാടനം നടത്തുന്നവർക്കും സംരക്ഷണവും പുനരധിവാസവും ഉറപ്പുനൽകുന്ന സംഘടനയാണ് ഉദയം ചാരിറ്റബിൾ സൊസൈറ്റി.

കഴിഞ്ഞ രണ്ട് വർഷത്തിലധികമായി ഇത്തരത്തിൽ അഭിനന്ദനാർഹമായ പ്രവർത്തനം നടത്തുന്ന ഉദയത്തിനു കീഴിൽ കോർപറേഷന്റെയും ജില്ല ഭരണകൂടത്തിന്റെയും മേൽനോട്ടത്തിൽ നിലവിൽ നാല് അഭയകേന്ദ്രങ്ങളാണ് പ്രവർത്തിക്കുന്നത്. സ്മൈൽ പദ്ധതി ഏറ്റെടുത്ത് നടപ്പിലാക്കുന്നതിന് ഉദയം സൊസൈറ്റി സമർപ്പിച്ച പദ്ധതിക്കാണ് അംഗീകാരം. ഉദയം സൊസൈറ്റി മേൽനോട്ടത്തിൽ പ്രവർത്തിക്കുന്ന നാല് അഭയകേന്ദ്രങ്ങളുടെ ഓപറേഷൻ ആൻഡ് മെയിന്‍റനൻസ് ചെലവുകൾക്കായി 1.20 കോടി രൂപയുടെ കേന്ദ്ര എൻ.യു.എൽ.എം പദ്ധതി കോർപറേഷൻ കൗൺസിൽ അംഗീകരിച്ച് സർക്കാറിന്റെ അനുമതിക്കായി സമർപ്പിച്ചിട്ടുണ്ട്. പദ്ധതിയുടെ ഔപചാരികമായ ഉദ്ഘാടനം മേയറുടെ ചേംബറിൽ നടന്നു.

Tags:    
News Summary - rehabilitation of beggars kozhikkode

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.