കോഴിക്കോട്: പ്രകൃതിദുരന്തങ്ങളിൽ സർവവും തകർന്നുപോയവർക്ക് നീതി ഉറപ്പാക്കേണ്ട സർക്കാർ, ഉത്തരവാദിത്തങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറുന്നുവെന്ന രൂക്ഷവിമർശനവുമായി ഇടതുചിന്തകനും എഴുത്തുകാരനുമായ ഡോ. ആസാദ്. വയനാട് പുനരധിവാസത്തിലെ അനാസ്ഥയും സർക്കാർ സംവിധാനങ്ങളുടെ ഏകോപനമില്ലായ്മയും തുറന്നുകാട്ടുന്നതാണ് അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ്. 700 കോടി രൂപ ദുരിതാശ്വാസ നിധിയിലുണ്ടായിട്ടും 300 കോടിയിൽ താഴെ മാത്രം ചെലവ് വരുന്ന വയനാട് പദ്ധതി പൂർത്തിയാക്കാൻ രണ്ട് വർഷമായിട്ടും സർക്കാരിന് കഴിയാത്തത് ഭരണപരമായ വീഴ്ചയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
സന്നദ്ധ സംഘടനകളോ വ്യക്തികളോ നൽകുന്ന വാഗ്ദാനങ്ങളുടെ പേരിൽ ഇരകളെ സർക്കാർ കൈവിടരുത്. മറ്റാരുടെയെങ്കിലും ചുമലിൽ ഉത്തരവാദിത്തം വെച്ച് ഒഴിഞ്ഞുമാറാൻ സർക്കാരിനാവില്ല. ദുരന്തത്തിന്റെ തീവ്രാഘാതത്തിൽ കഴിയുന്നവർ എടുക്കുന്ന ധൃതിയിലുള്ള തീരുമാനങ്ങൾ ശരിയാകണമെന്നില്ല. വീട് വേണ്ടെന്നുവെക്കുന്നവർക്ക് 15 ലക്ഷം നൽകി കൈയൊഴിയുന്ന രീതി ഇരകൾക്കിടയിൽ വലിയ വിവേചനമുണ്ടാക്കും. അർഹമായ പുനരധിവാസം ഇരകളുടെ അവകാശമാണെന്നും അത് ഉറപ്പാക്കേണ്ടത് ഭരണകൂടമാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
സന്നദ്ധ സംഘടനകളുടെ സഹായം കൃത്യമായി ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ മന്ത്രിമാരുടെയോ ഉന്നത ഉദ്യോഗസ്ഥരുടെയോ നേതൃത്വത്തിൽ വിപുലമായ സമിതികൾ വേണം. വാഗ്ദാനം നൽകിയവർ പിന്മാറിയാൽ ഇരകൾ പെരുവഴിയിലാകുന്ന അവസ്ഥയുണ്ടാകരുത്. നിർമ്മാണത്തിലെ അപാകതകളെയും ആസാദ് രൂക്ഷമായി വിമർശിച്ചു. താമസം തുടങ്ങും മുൻപേ വീടുകൾ ചോരുന്നത് വലിയ വീഴ്ചയാണ്. കൺകെട്ട് വിദ്യകൾ കൊണ്ടോ ന്യായീകരണങ്ങൾ കൊണ്ടോ നിർമ്മാണത്തിലെയും ഭരണകൂടത്തിന്റെയും 'ലീക്കുകൾ' അടയ്ക്കാനാവില്ലെന്നും അദ്ദേഹം പരിഹസിച്ചു.
ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂർണ്ണരൂപം
പ്രകൃതിദുരന്തങ്ങൾക്ക് ഇരയായവരെ തുണയ്ക്കാനും സാധാരണ ജീവിതത്തിലേക്ക് തിരികെ എത്തിക്കാനുമുള്ള മുഖ്യ ഉത്തരവാദിത്തം സർക്കാറിനാണ്. അത് അംഗീകരിച്ചുകൊണ്ടാണ് ഒരു സർക്കാർ ദുരിതാശ്വാസ നിധി ശേഖരിക്കുന്നതും പ്രവർത്തനങ്ങൾ ആരംഭിക്കുന്നതും.
സർക്കാറിന് ഫണ്ടു നൽകിയും മറ്റു രീതിയിലും സഹകരിക്കുന്ന ധാരാളം ആളുകളും സംഘടനകളും കാണും. അവർ സഹായിക്കുന്നത് സർക്കാറിനെയാണ്. ഇരകൾക്ക് നഷ്ടപരിഹാരവും പുനരധിവാസവും ഉറപ്പുവരുത്താനുള്ള സർക്കാറിന്റെ പ്രവർത്തനങ്ങൾക്ക് തുണ നൽകുകയാണ്. അവരുടെ സഹായം വീടായോ ചികിത്സയായോ ധനമായോ ഇരകൾക്ക് കിട്ടുന്നുണ്ടെന്ന് ഉറപ്പു വരുത്താനുള്ള ബാദ്ധ്യത സർക്കാറിനുണ്ട്. മറ്റാരുടെയെങ്കിലും സഹായം സംബന്ധിച്ച ഉറപ്പിന്റെയോ വാഗ്ദാനത്തിന്റെയോ പേരിൽ ഒരു ഇരപോലും സർക്കാറിന്റെ അടിയന്തരശ്രദ്ധയിൽനിന്ന് അകന്നു പോകരുത്. ഇരകൾക്കു നഷ്ടത്തിന്റെ തോതനുസരിച്ചു ലഭ്യമാവേണ്ട ഒരു സഹായവും മറ്റാരുടെയെങ്കിലും ചുമലിൽവെച്ച് സർക്കാറിന് ഒഴിഞ്ഞുമാറാനാവില്ല. ഓരോ ഇരയ്ക്കും നീതികിട്ടുന്നുവെന്ന് ഉറപ്പുവരുത്തണം സർക്കാർ.
സർക്കാർ വീടു വേണ്ടാത്തവർക്ക് പതിനഞ്ചു ലക്ഷം തരാം പിന്നെ അവകാശവാദം ഉന്നയിക്കരുത് എന്ന മട്ട് ചില ധാരണകളുണ്ടായതായി പറഞ്ഞുകേട്ടു. എല്ലാ ഇരകൾക്കും അതിജീവിക്കാനുള്ള സർക്കാർ സഹായം രണ്ടു വിധത്തിലാവുകയും അവർക്കിടയിൽ അനുപാതതുല്യതയില്ലാത്ത അകലം സൃഷ്ടിക്കപ്പെടുകയും ചെയ്യുന്നുണ്ടെങ്കിൽ അത് സർക്കാർ സമീപനത്തിലെ അപാകമാണ്. ദുരന്തത്തിന്റെ തീവ്രാഘാതം വിട്ടുമാറാത്ത ഇരകൾ ആ സന്ദർഭത്തിൽ സ്വീകരിക്കുന്ന ധൃതിയിലുള്ള നിശ്ചയങ്ങൾ ശരിയാവണമെന്നില്ല. അവർക്ക് കൂടുതൽ മെച്ചപ്പെട്ട പുനരധിവാസം അവരുടെ അവകാശമാണ്. അത് നൽകേണ്ടത് സർക്കാറുമാണ്.
രാഷ്ട്രീയ പാർട്ടികളോ സന്നദ്ധ സംഘടനകളോ ഇരകളെ സഹായിക്കാൻ ഇറങ്ങുന്നുണ്ടെങ്കിൽ അതിന് സഹായകമായ രീതിയിൽ ഉയർന്ന ഉദ്യോഗസ്ഥരുടെയോ മന്ത്രിമാരുടെയോ നേതൃത്വത്തിൽ എല്ലാവർക്കും പ്രാതിനിധ്യമുള്ള പൊതു സമിതികൾ രൂപീകരിക്കേണ്ടതുണ്ട്. ഇരകൾക്ക് സമയബന്ധിതമായി സഹായം ലഭ്യമാകണമെന്ന നിർബന്ധം സർക്കാറിന് ഉണ്ടാവണം. അതിനനുസരിച്ച് നടത്തിപ്പു പദ്ധതികൾ ഒന്നിച്ച് ആസൂത്രണം ചെയ്യണം. പരസ്പര സഹായത്തോടെ നടപ്പാക്കാൻ കഴിയണം. വാഗ്ദാനങ്ങൾ നൽകുന്ന സംഘടനകളുടെയോ സ്ഥാപനങ്ങളുടെയോ വ്യക്തികളുടെയോ പരിമിതികളും മുടക്കങ്ങളും ഇരകളുടെ പുനരധിവാസത്തെ വൈകിക്കാൻ ഇടയാക്കരുത്. അത് നോക്കേണ്ടത് സർക്കാറാണ്. അതിലെ വീഴ്ച്ച ഭരണകൂടത്തിന്റെ വീഴ്ച്ചയാണ്.
മെഗാപദ്ധതികൾ അതിവേഗം നടപ്പാക്കാൻ ത്രാണിയുള്ള സംവിധാനങ്ങൾ നാട്ടിലുണ്ട്. എഴുന്നൂറുകോടിയിലധികം രൂപ നീക്കിയിരിപ്പുള്ള ഒരു ദുരിതാശ്വാസ നിധിയുണ്ട്. അതിൽ മുന്നൂറുകോടിയിൽ താഴെ ചെലവു വരുന്ന വയനാട്ടിലെ ഒരു പുനരധിവാസ പദ്ധതി പൂർത്തീകരിക്കാൻ സർക്കാറിന് രണ്ടു വർഷമാവാറായിട്ടും കഴിഞ്ഞിട്ടില്ല. മറ്റുള്ള സംഘടനകളുടെ സഹായ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനും ഫലപ്രാപ്തി ഉറപ്പുവരുത്താനും സർക്കാറിനു കഴിഞ്ഞില്ല. നൽകപ്പെട്ട വാഗ്ദാനങ്ങൾ നല്ലനിലയിൽതന്നെ ലഭ്യമാകുന്നുണ്ടോ എന്ന് പരിശോധിക്കാനും ഇല്ലെങ്കിൽ മറ്റു സംവിധാനങ്ങൾ ഉറപ്പു വരുത്താനും സർക്കാറിന് ബാദ്ധ്യതയുണ്ട്. പുനരധിവാസം സംബന്ധിച്ച ഏത് പിഴവിനും സർക്കാർ മാത്രമാണ് മറുപടി പറയേണ്ടത്. കാരണം പൗരന്മാരുടെ (പൊതുസമൂഹത്തിന്റെ) ഉത്തരവാദിത്തം പൂർത്തീകരിക്കാനുള്ള സംവിധാനമാണ് സർക്കാർ.
സമയമെടുത്തും ജാഗ്രതയോടെയും നിർമ്മിക്കുന്ന വീടുകൾക്ക് താമസം ആരംഭിക്കുന്നതിനുമുമ്പ് ചോർച്ചയുണ്ടാകുന്നുണ്ടെങ്കിൽ നിർമ്മാണത്തിൽ ജാഗ്രതക്കുറവ് ഉണ്ടായെന്നാണ് അർത്ഥം. ഏത് വമ്പൻ നിർമ്മാണക്കമ്പനിയാണെങ്കിലും ചോർച്ച നല്ലതാവില്ല. ആ പിശക് അംഗീകരിക്കാനും തിരുത്താനും തയ്യാറാവുകയാണ് വേണ്ടത്. വ്യാഖ്യാനങ്ങളും കൺകെട്ട് വിദ്യകളുംകൊണ്ട് സർക്കാർ സംവിധാനത്തിന്റെയും വീടിന്റെയും ലീക്കുകൾ പരിഹരിക്കാനാവില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.