കണ്ണൂർ: ഒരു മാസമെന്നത് എത്രയാണെന്ന് നാലുവയസ്സുകാരൻ വസുദേവിന് അറിയില്ല. അവെൻറ കുഞ്ഞുഭാഷയിൽ എല്ലാം നാളെയാണ്. കളിപ്പാട്ടവുമായി അമ്മവരുന്നതും കുഞ്ഞേച്ചി വേദക്ക് സ്കൂൾ തുറക്കുന്നതും എല്ലാം നാളെയാണ്. പക്ഷേ, വസുദേവിെൻറ അമ്മ റീജക്ക് അറിയാം, കോവിഡ് വാർഡിലെ 14 ദിവസത്തെ ജോലിയും അത്രതന്നെ കാലം നിരീക്ഷണവും കഴിഞ്ഞുമാത്രമേ പൊന്നോമനകളെ ഒരുനോക്ക് കാണാനാകൂ.
റീജയുടെ ഭർത്താവ് സജേഷ് നീലേശ്വരം കരിന്തളത്ത് ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടറാണ്. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുമായി സജേഷും തിരക്കിലാണ്. വീട്ടിലെത്താൻ കഴിയുന്നത് വല്ലപ്പോഴും മാത്രം. മഹാമാരിക്കെതിരായ പോരാട്ടത്തിൽ അമ്മയും അച്ഛനും വീടുവിട്ടിറങ്ങുേമ്പാൾ മുത്തച്ഛനും മുത്തശ്ശിയുമാണ് വേദയെയും വസുദേവിനെയും േനാക്കുന്നത്. കോവിഡ് ആശുപത്രികളിൽ ജോലി ചെയ്യുന്ന എല്ലാ നഴ്സുമാരുടെയും ആരോഗ്യ പ്രവർത്തകരുടെയും വീടുകളിൽ അവസ്ഥ ഇതുതന്നെയാണ്.
ഇവർക്ക് കോവിഡ് കാലം വൈറസ് ബാധയുടെ ഭീതി മാത്രമല്ല, പ്രിയപ്പെട്ടവരെ പിരിഞ്ഞുനിൽക്കുന്നതിെൻറ നൊമ്പര ദിനങ്ങൾ കൂടിയാണ്.
അഞ്ചരക്കണ്ടിയിലെ കണ്ണൂർ മെഡിക്കൽ കോളജിലെ കോവിഡ് ട്രീറ്റ്മെൻറ് സെൻററിലാണ് റീജ ഇപ്പോഴുള്ളത്. 14 ദിവസം ഡ്യൂട്ടി, തുടർന്ന് 14 ദിവസം ക്വാറൻറീൻ എന്നിങ്ങനെയാണ് ജോലിക്രമം. മൂന്ന് ബാച്ച് ആരോഗ്യ പ്രവർത്തകർ ജോലി പൂർത്തിയാക്കി. നാലാം ബാച്ചിെൻറ ഭാഗമാണ് റീജ ഉൾപ്പെടെയുള്ള 25ഒാളം പേർ.
മാലാഖയെന്ന വാഴ്ത്തപ്പെടലുകൾക്കപ്പുറം രോഗീപരിചരണം മാനവികതയുടെ ഭാഗമാണെന്ന് വിശ്വസിക്കുന്നു റീജ. മാലാഖയെന്ന് വിളിക്കുന്നവരോട് ഇതെെൻറ ജോലി മാത്രമെന്നാണ് മറുപടി. പയ്യന്നൂർ കാനായി സ്വദേശിയായ റീജ നിലവിൽ കുഞ്ഞിമംഗലം പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ സ്റ്റാഫ് നഴ്സാണ്. കുട്ടികൾ അമ്മയെ കാണാൻ വാശിപിടിച്ചുകരയുേമ്പാൾ വിഡിയോ കാൾ വഴി സംസാരിക്കും. അമ്മ എന്നുവരുമെന്ന കുരുന്നുകളുടെ ചോദ്യത്തിനുമുന്നിൽ മനസ്സ് പിടയും. എങ്കിലും കടമയാണ് എല്ലാത്തിനും മുകളിലെന്ന ബോധ്യത്തിൽ പിടിച്ചുനിൽക്കും.
കുട്ടികളെ ഇത്രയും കാലം പിരിഞ്ഞിരിക്കുന്നത് ആദ്യമായാണെന്ന് റീജ പറഞ്ഞു. കോവിഡ് ബാധിച്ച വടക്കൻ സംസ്ഥാനങ്ങളിലും വിദേശരാജ്യങ്ങളിലുമുള്ള നഴ്സ് സമൂഹം അനുഭവിക്കുന്ന ബുദ്ധിമുട്ടുകൾക്കുമുന്നിൽ തെൻറ ജോലി തികച്ചും ലളിതമാണെന്ന് മനസ്സിലാക്കിയാൽ എല്ലാം എളുപ്പമാണ്. എന്തിനും തയാറായ ആരോഗ്യ പ്രവർത്തകർ കൂടെയുണ്ടാകുേമ്പാൾ കോവിഡിനോട് നാമെങ്ങനെ പരാജയപ്പെടുമെന്നാണ് റീജക്ക് ചോദിക്കാനുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.