തിരുവനന്തപുരം: സംസ്ഥാനത്ത് കാലവർഷം കനത്തതോടെ പരക്കെ വ്യാപക നാശനഷ്ടം. വരുംദിവസങ്ങളിലും മഴ ശക്തമായി തുടരുമെന്ന പ്രവചനത്തെത്തുടർന്ന് കാലാവസ്ഥാ വകുപ്പ് കാസർകോട്, കണ്ണൂർ, കോഴിക്കോട് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു.
മലപ്പുറം, വയനാട് ജില്ലകളിൽ ഓറഞ്ച് അലർട്ടും ബാക്കി ഒമ്പത് ജില്ലകളിൽ യെല്ലോ അലർട്ടും നിലവിലുണ്ട്. അടുത്ത അഞ്ച് ദിവസം കൂടി സംസ്ഥാനത്ത് അതിശക്തമായ മഴ പെയ്യാൻ സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.
വടക്കൻ കേരളത്തിൽ പുലർച്ചെ മുതൽ തുടങ്ങിയ കനത്ത മഴ ഇപ്പോഴും തുടരുകയാണ്. കോഴിക്കോട് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ കാറ്റിലും മഴയിലും നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തു.
ഉള്ള്യേരി കരീറ്റുംപുറത്ത് ശക്തമായ കാറ്റിൽ തെങ്ങും മരവും കടപുഴകി വീടിന് മുകളിലേക്ക് വീണു. കരീറ്റുംപുറം സ്വദേശി പ്രേംകുമാറിന്റെ വീടിന് മുകളിലേക്കാണ് മരങ്ങൾ പതിച്ചത്. അപകടസമയത്ത് ആളുകൾ വീട്ടിലുണ്ടായിരുന്നെങ്കിലും അത്ഭുതകരമായി രക്ഷപ്പെട്ടു. വീടിന് വലിയ രീതിയിൽ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.
തെക്കൻ കേരളത്തിലും മഴക്കൊപ്പമുള്ള ശക്തമായ കാറ്റ് ജനജീവിതം ദുസ്സഹമാക്കിയിരിക്കുകയാണ്. കോട്ടയം കടനാട് കുടുംബാരോഗ്യ കേന്ദ്രത്തിന് മുന്നിൽ രാവിലെ പത്തരയോടെ കൂറ്റൻ മരം കടപുഴകി.
ഇതോടെ പ്രദേശത്തെ വൈദ്യുതി ലൈനുകൾ പൂർണമായും തകരുകയും വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെടുകയും ചെയ്തു. ഫയർഫോഴ്സും കെ.എസ്.ഇ.ബി ജീവനക്കാരുമെത്തി മരം മുറിച്ചുമാറ്റാനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്.തീരദേശങ്ങളിലും മലയോര മേഖലകളിലും വരും മണിക്കൂറുകളിൽ ജാഗ്രത ശക്തമാക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി നിർദ്ദേശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.