പൊലീസ് കസ്റ്റഡിയിലെടുത്ത കെ.പി. ബാസിത്
തിരുവനന്തപുരം/മഞ്ചേരി: ആരോഗ്യമന്ത്രി വീണാ ജോർജിന്റെ ഓഫിസിനെതിരെ ഉയർന്ന നിയമനക്കോഴ വിവാദത്തിൽ മുഖ്യസൂത്രധാരനെന്ന് കരുതുന്ന ബാസിത് അറസ്റ്റിൽ. മലപ്പുറം മഞ്ചേരിയിൽനിന്നാണ് കന്റോൺമെന്റ് പൊലീസ് ബാസിതിനെ കസ്റ്റഡിയിലെടുത്തത്.
മാലാംകുളത്തെ ബന്ധുവിന്റെ വീട്ടിൽനിന്ന് ചൊവ്വാഴ്ച വൈകീട്ട് ആറോടെ കസ്റ്റഡിയിലെടുത്ത ഇയാളെ പിന്നീട് മഞ്ചേരി പൊലീസ് സ്റ്റേഷനിലെത്തിച്ചു. നിയമനക്കോഴ പരാതിയിൽ ബാസിത് തന്നെ ഭീഷണിപ്പെടുത്തി ഒപ്പിടുവിപ്പിച്ചതാണെന്ന് ഹരിദാസ് മൊഴിനൽകിയിരുന്നു. മന്ത്രിയുടെ പി.എയുടെ പേര് പറഞ്ഞാൽ അന്വേഷണമുണ്ടാകില്ലെന്ന് ബാസിത് പറഞ്ഞെന്നും ഹരിദാസന്റെ മൊഴിയിലുണ്ട്. തട്ടിപ്പിന്റെ മുഖ്യസൂത്രധാരൻ ബാസിത്തെന്നാണ് പൊലീസ് പറയുന്നത്. മഞ്ചേരിയിൽനിന്ന് ബുധനാഴ്ച തിരുവനന്തപുരത്തെത്തിക്കുന്ന ബാസിതിനെയും ഹരിദാസനെയും പൊലീസ് കസ്റ്റഡിയിലുള്ള റയീസിനെയും ഒരുമിച്ചിരുത്തി ചോദ്യംചെയ്യും.
മൂന്നുദിവസത്തേക്കാണ് റയീസിന്റെ കസ്റ്റഡി കാലാവധി കോടതി അനുവദിച്ചിരിക്കുന്നത്. മൂവരെയും ഇരുത്തിയുള്ള ചോദ്യംചെയ്യലിൽ ഗൂഢാലോചനയുടെ ചുരുളഴിയുമെന്ന പ്രതീക്ഷയിലാണ് പൊലീസ്. അതേസമയം, രണ്ടുദിവസം നീണ്ട ചോദ്യം ചെയ്യലിൽ കുറ്റസമ്മതം നടത്തിയ ഹരിദാസന്റെ രഹസ്യമൊഴി ബുധനാഴ്ച രേഖപ്പെടുത്തും. ഇതിനായി കന്റോൺമെന്റ് പൊലീസ് തിരുവനന്തപുരം സി.ജെ.എം കോടതിയിൽ അപേക്ഷ നൽകി. ഗൂഢാലോചനയിൽ നിർണായക പങ്കുള്ള ഹരിദാസനെയും പ്രതിചേർത്ത് അന്വേഷണവുമായി മുന്നോട്ടുപോകാനാണ് പൊലീസ് ആലോചിക്കുന്നത്. ഇതിനിടെ രണ്ടാം പ്രതി ലെനിൻ രാജിന്റെ മുൻകൂർ ജാമ്യാപേക്ഷ ജില്ല കോടതി 13നു പരിഗണിക്കും.
കൊച്ചി: തന്നെ സംശയനിഴലിൽ നിർത്തിയ വ്യാജ നിയമന തട്ടിപ്പ് വിവാദത്തില്‍ അന്വേഷണം നടക്കട്ടെയെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്. കോഴ വാങ്ങിയത് തന്റെ ബന്ധുവാണെന്ന് പറഞ്ഞവര്‍ വരെയുണ്ട്. ഇപ്പോള്‍ അവർ പറയട്ടെ. അന്വേഷണം പൂർത്തിയാകുന്നതോടെ ആരോപണത്തില്‍ വിശദമായി പറയാനുണ്ട്. വൈകാതെ എല്ലാം തുറന്നുപറയും. രണ്ടുദിവസം കാത്തിരിക്കൂവെന്ന് പറഞ്ഞ അവർ, സര്‍ക്കാറിനെതിരെ നടക്കുന്ന വ്യാജ പ്രവര്‍ത്തനത്തിന്റെ ഉദാഹരണമാണ് ഈ വിവാദമെന്നും കൂട്ടിച്ചേർത്തു.
റാന്നി: കിഫ്ബിയിൽ ജോലി വാഗ്ദാനം നൽകി തട്ടിപ്പ് നടത്തിയെന്ന പരാതിയില്‍ ആരോഗ്യ വകുപ്പ് നിയമന തട്ടിപ്പ് പ്രതി അഖിൽ സജീവിനെതിരെ റാന്നി പൊലീസ് കേസെടുത്തു. റാന്നി വലിയകുളം സ്വദേശിനി താനിയ നൽകിയ പരാതിയിലാണ് കേസ്. കിഫ്ബിയിൽ ജോലി വാഗ്ദാനം ചെയ്ത് 10 ലക്ഷം രൂപ തട്ടിയെടുത്തുവെന്നാണ് പരാതിയിൽ പറയുന്നത്. 2021ൽ പല തവണയായാണ് തുക നൽകിയത്. കേസിൽ അഖില്‍ സജീവ് ഒന്നാം പ്രതിയും യുവമോര്‍ച്ച നേതാവ് ടി.ആര്. രാജേഷ് (ജൂഡോ രാജേഷ്) രണ്ടാം പ്രതിയുമാണ്. നേരത്തേ സ്പൈസസ് ബോർഡിൽ ജോലി വാഗ്ദാനം ചെയ്ത് 4.39 ലക്ഷം തട്ടിയ കേസിൽ അഖിലും രാജേഷും പ്രതികളായി പത്തനംതിട്ട പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.