ചീറിപ്പാഞ്ഞ് വാഹനങ്ങൾ; നിരത്തിൽ പൊലിഞ്ഞ് ജീവനുകൾ
കൊച്ചി: മികച്ച റോഡുകളും ഗതാഗത നിയന്ത്രണങ്ങളും ഏറുമ്പോഴും എറണാകുളം ജില്ലയിൽ റോഡ് അപകടങ്ങൾ കുറയുന്നില്ല. നിരത്തിൽ ചോര ചിതറി പൊലിയുന്ന ജീവനുകളുടെ എണ്ണം നാൾക്കു നാൾ ഏറുന്നു. ഈ വർഷം ഇതുവരെ ജില്ലയിൽ നടന്നത് 3,440 റോഡപകടങ്ങളാണ്. 221 പേരുടെ ജീവനാണ് പൊലിഞ്ഞത്. 3550 പേർക്ക് പരിക്കേറ്റുവെന്നുമാണ് പൊലീസിന്റെ കണക്ക്. കഴിഞ്ഞ വർഷം 416 പേരുടെ ജീവനാണ് നിരത്തുകളിൽ ഒടുങ്ങിയത്. ഈ വർഷത്തെ കണക്കുകൾ പൂർണമായും ലഭ്യമായിട്ടില്ല. മൊത്തം കണക്ക് ക്രോഡീകരിച്ച് എടുക്കുമ്പോൾ മരണ നിരക്ക് കഴിഞ്ഞ വർഷത്തേതിനെക്കാൾ കൂടുമെന്നാണ് പൊലീസ് വൃത്തങ്ങൾ പറയുന്നത്. റോഡുകളും ഗതാഗത നിയന്ത്രണങ്ങളും ഏറുമ്പോഴും നിരത്തുകളിൽ അനുദിനം വാഹനങ്ങൾ പെരുകുകയാണ്. വാഹന വിൽപനയിൽ സംസ്ഥാനത്ത് രണ്ടാം സ്ഥാനത്താണ് ജില്ല. അപകടത്തിന്റെ ഇരകൾ ഏറെയും ഇരുചക്ര വാഹന യാത്രികരാണ്.
വേഗത കമ്പം ആശങ്കയാകുന്നു
രാത്രികാലങ്ങളിൽ പ്രായപൂർത്തിയാകാത്തവരുടെയും ചെറുപ്പക്കാരുടെയും വാഹന വേഗത കമ്പം വർധിക്കുന്നത് വലിയ ആശങ്കയ്ക്ക് കാരണമാകുന്നു. പുലർച്ചെ 1.45ഓടെ നെടുമ്പാശേരി അത്താണിയിൽ മിനി കൂപ്പർ കാർ സ്കൂട്ടറിലിടിച്ച് രണ്ട് യുവതികളടക്കം മൂന്ന് പേർ മരിച്ചത് നാടിനെ നടുക്കിയ സംഭവമായിരുന്നു. അതിന് തൊട്ടുപിന്നാലെ ചേരാനല്ലൂരിൽ പുലർച്ചെ മൂന്നു മണിയോടെ ഉണ്ടായ അപകടത്തിൽ നഷ്ടമായത് കുടുംബത്തിന്റെ അത്താണിയാണ്. രണ്ടിടത്തും കാറുകളുടെ അമിത വേഗതയാണ് അപകടത്തിന് കാരണമായത്. മിനികൂപ്പർ 200 കിലോമീറ്ററിന് മേൽ വേഗത്തിലാണ് ചീറിപാഞ്ഞത്. ചേരാനല്ലൂരിൽ ബെൻസ് കാർ 104 കിലോമീറ്റർ വേഗതയിലായിരുന്നു. സെപ്റ്റംബറിൽ കളമശ്ശേരിയിൽ അമിതവേഗതയിലെത്തിയ ലോറി നിയന്ത്രണം വിട്ട് വൈദ്യുതി തൂണും മറ്റ് വാഹനങ്ങളിലും ഇടിച്ച് വലിയ നാശനഷ്ടമുണ്ടാക്കി. ഡ്രൈവർ മദ്യലഹരിയിലായിരുന്നുവെന്ന് പൊലീസ് കണ്ടെത്തി. രാത്രികാലങ്ങളിൽ എയർപോർട്ട് റോഡ്, കണ്ടെയ്നർ റോഡ്, ഇടപ്പള്ളി-അരൂർ ദേശീയ പാത ബൈപ്പാസ് എന്നിവിടങ്ങളിൽ ചെറുപ്പക്കാർ 100 കി.മീറ്ററിലേറെ വേഗതയിൽ മത്സരപ്പാച്ചിൽ നടത്തുന്നത് പതിവാകുന്നു. രാത്രികാലങ്ങളിലും പുലർച്ചെയുമുള്ള ആഡംബര കാറുകളുടെ അമിതവേഗത വലിയ ജനരോഷത്തിനും നിയമപരമായ ചർച്ചകൾക്കും വഴിവക്കുന്നു.
സെപ്റ്റംബർ 22ന് പുലർച്ചെ വെണ്ണലയിൽ ഐസുമായി വന്ന ഇൻസുലേറ്റഡ് ലോറി നിയന്ത്രണം വിട്ട് റോഡിലേക്ക് മറിഞ്ഞ് അപകടമുണ്ടായി. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമായി പ്രാഥമികമായി വിലയിരുത്തിയത്. ആഗസ്റ്റ് 30ന് വൈറ്റില ജങ്ഷന് സമീപം നിയന്ത്രണം വിട്ട വലിയ ചരക്കുലോറി ദേശീയപാതയിലെ പാലത്തിന്റെ കൈവരികളിൽ ഇടിച്ച് മറിഞ്ഞു. ഭാഗ്യം കൊണ്ടാണ് വൻ ദുരന്തം ഒഴിവായത്. അപകടങ്ങൾ ഏറെയും നടക്കുന്നത് റൂറൽ പൊലീസ് പരിധിയിലാണ്. സിറ്റി മേഖലയിൽ നിയന്ത്രണങ്ങൾ കർക്കശമായതിനാൽ അപകടങ്ങൾ താരതമ്യേന കുറവാണ്.
അശ്രദ്ധ + അമിത വേഗത = അപകടം
വാഹനം ഓടിക്കുന്നവരുടെ അശ്രദ്ധയും അമിത വേഗതയുമാണ് അപകടങ്ങളുടെ പ്രധാന കാരണമാകുന്നതെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. മദ്യപിച്ചുള്ള ഡ്രൈവിങ്, ഡ്രൈവിങിനിടയിലെ മൊബൈൽ ഫോൺ ഉപയോഗം, കാൽനടക്കാരുടെ അശ്രദ്ധ, നിയമിവിരുദ്ധമായ ഓവർ ടേക്കിങ്, വാഹനങ്ങളുടെയും റോഡുകളുടെയും തകരാർ, റോഡിലെ വെളിച്ചക്കുറവ്, പ്രതികൂല കാലാവസ്ഥ എന്നിവയാണ് മറ്റ് പ്രധാന കാരണങ്ങൾ എന്ന് പൊലീസ് പറയുന്നു. ശേദീയ പാതയെ അപേക്ഷിച്ച് സംസ്ഥാന പാതയിലാണ് അപകട മരണങ്ങൾ കുടുതൽ. കാർ, മോട്ടോർ സൈക്കിൾ, സ്കൂട്ടർ, ഓട്ടോറിക്ഷ, സ്വകാര്യ, ബസ്, ലോറി എന്നിവയാണ് ഏറ്റവും കൂടുതൽ അപകടം വരുത്തിവെക്കുന്നത്. അപകടങ്ങൾ കൂടുതൽ സംഭവിക്കുന്നത് വൈകിട്ട് ആറിനും രാത്രി ഒമ്പതിനും ഇടയിലാണ്.
രാത്രികാലങ്ങളിൽ മോട്ടോർ വാഹന വകുപ്പിന്റെയും പൊലീസിന്റെയും തത്സമയ നിരീക്ഷണ സംവിധാനങ്ങളുടെയും കുറവ് ഇത്തരം നിയമലംഘനങ്ങൾക്ക് കാരണമാകുന്നു. എറണാകുളം എൻഫോഴ്സ്മെന്റ് ആർ.ടി.ഒയുടെ കണക്കനുസരിച്ച് ജില്ലയിൽ 63 എ.ഐ ക്യാമറകളാണ് ഉള്ളത്. രാത്രികാല പരിശോധനകളും എടപ്പള്ളി-അരൂർ എൻ.എച്ച് ബൈപാസ്, എയർപോർട്ട് റോഡ്, കണ്ടെയ്നർ റോഡ് എന്നിവിടങ്ങളിൽ പൊലീസ് പട്രോളിങും ശക്തമാക്കണമെന്ന് ആവശ്യമുയർന്നിട്ടുണ്ട്.
കഴിഞ്ഞ വർഷം 7805 അപകടങ്ങൾ
2025ൽ ജില്ലയിൽ രജിസ്റ്റർ ചെയ്തത് 7,805 റോഡ് അപകട കേസുകളാണ്. 326 പേർക്ക് ജീവൻ നഷ്ടമായി. 6,655 പേർക്ക് പരിക്കേറ്റു. ഇതിൽ 5,556 പേരുടെ പരിക്ക് മാരകമായിരുന്നു. സിറ്റി മേഖലയിൽ 3,191 അപകടങ്ങളാണുണ്ടായത്. ഇതിൽ 128 എണ്ണം വലിയ അപകടങ്ങളായിരുന്നു. റൂറൽ മേഖലയിൽ 4,614 അപകടങ്ങളുണ്ടായി. ഇതിൽ 278 എണ്ണം ഗുരുതരമായ അപകടങ്ങളായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.